കളമശേരി : കളമേശരി പോളിടെക്‌നിക് ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് വിൽപ്പനയ്‌ക്കെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കേസിൽ അറസ്റ്റിലായ ആകാശ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നയാളാണ്. കേസിൽ കൂടുതൽ ആളുകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കോടതിയിൽ ഹാജരാക്കിയ ആകാശിനെ റിമാൻഡ് ചെയ്തു.
വിൽപ്പനയ്ക്ക് മാത്രമല്ല. സ്വയം ഉപയോഗിക്കാനും കൂടിയാണ് കഞ്ചാവ് സൂക്ഷിച്ചത് എന്ന് ആകാശ് പോലീസിനോട് പറഞ്ഞു. ഹോളി ആഘോഷത്തിനായിട്ടാണ് കഞ്ചാവ് എത്തിച്ചതെന്നും ആകാശ് പറഞ്ഞു. പോളിടെക്നിക് ഹോസ്റ്റലിൽ നിന്നും രണ്ടു കിലോ കഞ്ചാവാണ് പിടികൂടിയത്. ഇതിൽ 1.909 കിലോ കഞ്ചാവ് കൊല്ലം കുളത്തൂപ്പുഴ സ്വദേശി ആകാശിന്റെ മുറിയിൽ നിന്നുമാണ് കണ്ടെടുത്തത്.
സംഭവത്തിൽ രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു കേസിൽ ആകാശാണ് പ്രതി. എസ്എഫ്ഐ നേതാവും കോളജ് യൂണിയൻ സെക്രട്ടറിയുമായ അഭിരാജ്, ആദിത്യൻ എന്നിവരുടെ മുറിയിൽ നിന്നും 9.70 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന കുപ്പി അടക്കമുള്ള ഉപകരണങ്ങളും, ചെറിയ പായ്ക്കറ്റുകളിലാക്കിയ കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. കേസിൽ അറസ്റ്റ് ചെയ്ത അഭിരാജിനെയും ആദിത്യനെയും പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
Discussion about this post