ഉത്തരകൊറിയയിലെ വിവിധ മേഖലകളിൽ മൊബൈലിനും ടിവിക്കുമെല്ലാം നിരോധനം ഉള്ളതായി നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. എന്നാൽ ഇതേ രീതിയിൽ മൊബൈലിനും ടിവിയ്ക്കും റേഡിയോക്കും നിരോധനമുള്ള ഒരു അമേരിക്കൻ നഗരവും ഉണ്ട്. അമേരിക്കൻ സംസ്ഥാനമായ വെസ്റ്റ് വിർജീനിയയിലെ ഗ്രീൻ ബാങ്ക് ആണ് ഈ വ്യത്യസ്തമായ നഗരം. സമീപത്തുള്ള ഒരു പച്ച നദിയുടെ നിറത്തിന്റെ പേരിലാണ് ഈ നഗരത്തിന് ഗ്രീൻ ബാങ്ക് എന്ന പേര് ലഭിച്ചിരിക്കുന്നത്. വെസ്റ്റ് വിർജീനിയയിലെ പോക്കഹോണ്ടാസ് കൗണ്ടിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏകദേശം 150 ഓളം ജനങ്ങൾ മാത്രം താമസിക്കുന്ന ഈ നഗരത്തിൽ ഇലക്ട്രോണിക് സിഗ്നലുകൾക്ക് കർശന നിയന്ത്രണം ആണ് ഉള്ളത്. നിയമം ലംഘിച്ചാൽ കർശന ശിക്ഷയും ലഭിക്കുന്നതായിരിക്കും.
ദേശീയ റേഡിയോ നിശബ്ദ മേഖലയിലാണ് ഗ്രീൻ ബാങ്ക് സ്ഥിതി ചെയ്യുന്നത് എന്നുള്ളത് കൊണ്ടാണ് ഇത്തരമൊരു നിയമം ഇവിടെ നടപ്പിലാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണമായും സ്റ്റിയറിംഗ് റേഡിയോ ദൂരദർശിനിയായ ഗ്രീൻ ബാങ്ക് ടെലിസ്കോപ്പ് ഈ നഗരത്തിലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത് എന്നതിനാലാണ് ഈ പ്രദേശത്തെ ദേശീയ റേഡിയോ നിശബ്ദ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. സ്റ്റിയറബിൾ ടെലസ്കോപ്പ് ആയതിനാൽ ഇത് ഗതാഗതയോഗ്യമാണ്. അതായത്, ഈ ദൂരദർശിനി ഒരു സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ കഴിയുന്നതാണ്. എങ്കിലുംഒരു ഫുട്ബോൾ മൈതാനം മുഴുവൻ ഉൾക്കൊള്ളാൻ കഴിയുന്നത്ര വലുതാണ് ഗ്രീൻ ബാങ്ക് ടെലിസ്കോപ്പ്.
485 അടി ഉയരവും 7,600 മെട്രിക് ടൺ ഭാരവുമുള്ള ഗ്രീൻ ബാങ്ക് ടെലിസ്കോപ്പ് അന്താരാഷ്ട്രതലത്തിൽ തന്നെ പ്രശസ്തമാണ്. 1958 ൽ സ്ഥാപിതമായ യുഎസ് നാഷണൽ റേഡിയോ ജ്യോതിശാസ്ത്ര നിരീക്ഷണാലയവുമായി ബന്ധപ്പെട്ടാണ് ഈ ദൂരദർശിനി സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. ബഹിരാകാശത്ത് നിന്ന് വരുന്ന റേഡിയോ തരംഗങ്ങളെക്കുറിച്ച് പഠനം നടത്തുന്ന സ്ഥാപനമാണ് യുഎസ് നാഷണൽ റേഡിയോ ജ്യോതിശാസ്ത്ര നിരീക്ഷണാലയം. ഗുരുത്വാകർഷണ തരംഗങ്ങൾ മുതൽ തമോദ്വാരങ്ങൾ വരെ കണ്ടെത്താൻ കഴിവുള്ള നിരവധി ടെലസ്കോപ്പുകൾ ഈ നിരീക്ഷണാലായത്തിന് ചുറ്റുമായി സ്ഥാപിച്ചിട്ടുണ്ട്.
13 ബില്യൺ പ്രകാശവർഷം അകലെയുള്ള ബഹിരാകാശത്ത് നിന്ന് പോലും സിഗ്നലുകൾ പിടിച്ചെടുക്കാൻ കഴിയുന്നതാണ് പ്രശസ്തമായ ഗ്രീൻ ബാങ്ക് ടെലസ്കോപ്പ്. റേഡിയോ തരംഗങ്ങളോട് വളരെ സെൻസിറ്റീവ് ആണിത്. അതിനാൽ തന്നെ സിഗ്നലുകൾ പിടിച്ചെടുക്കുന്നതിൽ തടസ്സം നേരിടാതിരിക്കാൻ ആയാണ് ഈ നഗരത്തിൽ മൊബൈൽ, ടിവി, റേഡിയോ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഇവ കൂടാതെ വയർലെസ് ഹെഡ്‌ഫോണുകൾ, റിമോട്ട് കൺട്രോൾ കളിപ്പാട്ടങ്ങൾ, കോർഡ്‌ലെസ് ഫോണുകൾ, മൈക്രോവേവ് ഓവനുകൾ എന്നിവയ്ക്കും ഗ്രീൻ ബാങ്കിൽ നിരോധനമുണ്ട്.
ഈ കാരണങ്ങൾ കൊണ്ട് തന്നെ ഈ നഗരത്തിൽ താമസിക്കാൻ അധികമാരും ഇഷ്ടപ്പെടാറില്ല. എന്നാൽ ഇതിന് വിപരീതമായി ചിന്തിക്കുന്ന ചിലർ അടുത്തകാലത്തായി ഗ്രീൻ ബാങ്കിലേക്ക് താമസം മാറിയിട്ടുണ്ട്. സെല്ലുലാർ വികിരണങ്ങളിൽ നിന്നുള്ള രക്ഷ തേടിയാണ് ഇത്തരം ആളുകൾ ഗ്രീൻ ബാങ്കിൽ താമസമാക്കിയിരിക്കുന്നത്. ഇലക്ട്രോമാഗ്നറ്റിക് ഹൈപ്പർസെൻസിറ്റിവിറ്റിയുടെ പ്രത്യാഘാതങ്ങൾ ഇല്ലാത്ത ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ സ്ഥലമായാണ് അവർ ഗ്രീൻ ബാങ്കിനെ കണക്കാക്കുന്നത്. മൊബൈലോ ടി വി യോ ഒന്നുമല്ല, തങ്ങൾക്ക് ആരോഗ്യവും സമാധാനവും ആണ് വേണ്ടതെന്നാണ് ഈ ആളുകളുടെ അഭിപ്രായം. ഗ്രീൻ ബാങ്കിന്റെ ഈ സവിശേഷതകൾ കേട്ടറിഞ്ഞ് ധാരാളം സഞ്ചാരികളും ഇപ്പോൾ ഇവിടെ എത്തിച്ചേരുന്നുണ്ട്. മൊബൈലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഒന്നും ഉപയോഗിക്കാതെ കുറച്ചുദിവസം സ്വസ്ഥമായും സമാധാനമായും ജീവിക്കുവാൻ കഴിയുന്ന സ്ഥലം എന്ന രീതിയിൽ ഇപ്പോൾ ഒരു വ്യത്യസ്തമായ ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയി മാറിയിരിക്കുകയാണ് ഗ്രീൻ ബാങ്ക്.
Discussion about this post