തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ സംരക്ഷിക്കാൻ ശ്രമിച്ച് മാതാവ് ഷെമീന. വീണ് പരിക്കേറ്റതാണെന്നാണ് ഷെമീന പോലീസിനോട് ആവർത്തിക്കുന്നത്. ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമീനയുടെ മൊഴി പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അപ്പോഴായിരുന്നു വീണ് പരിക്കേറ്റത് ആണെന്ന് ഷെമീന ആവർത്തിച്ചത്. കട്ടിലിയിൽ നിന്നും അപ്രതീക്ഷിതമായി താഴേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് ഷെമീന പറയുന്നത്.
മകൻ പാവമാണെന്നും ആരെയും ഉപദ്രവിക്കാനോ കൊല്ലാനോ കഴിയില്ലെന്നും ഷെമീന പോലീസിനോട് പറഞ്ഞു. തന്നെ അഫാൻ ആക്രമിച്ചിട്ടില്ല. കട്ടിലിൽ നിന്നും അപ്രതീക്ഷിതമായി വീണതിനെ തുടർന്നാണ് പരിക്കേറ്റത്. ആരും ഉപദ്രവിച്ചിട്ടില്ലെന്നും ഷെമീന പോലീസിന് മൊഴി നൽകി. മകൻ ആക്രമിച്ചിട്ടില്ലെന്ന് ഷെമീന ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ഇനി മൊഴിയെടുക്കില്ലെന്നാണ് സൂചന.
അതേസമയം കേസിൽ അഫാനെ മൂന്നാംഘട്ട തെളിവെടുപ്പിനായി അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങും. കാമുകിയെയും അനുജനെയും കൊലപ്പെടുത്തിയ കേസിലാണ് തെളിവെടുപ്പ്. സ്വനതം വീട്ടിൽവച്ചായിരുന്നു ഇരുവരെയും അഫാൻ നിഷ്‌കരുണം കൊലപ്പെടുത്തിയത്. അഫാനെ ഇവിടെയെത്തിച്ച് വെഞ്ഞാറമ്മൂട് പോലീസ് വിവരങ്ങൾ ശേഖരിക്കും.
അച്ഛൻറെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ദിവസം അഫാനുമായി പോലീസ് തെളിവെടുത്തിരുന്നു. പിതൃസഹോദരനിൽ നിന്നും അഫാൻ പണം കടംവാങ്ങിയിരുന്നു. ഇത് തിരികെ കിട്ടാത്തതിനെ തുടർന്ന് പിതൃസഹോദരൻ ലത്തീഫ് നിരന്തരമായി അധിക്ഷേപിച്ചിരുന്നു. ഇതിലുള്ള പകയെ തുടർന്നാണ് ലത്തീഫിനെയും ഭാര്യയെയും അഫാൻ കൊലപ്പെടുത്തിയത്.
80,000 രൂപയായിരുന്നു ലത്തീഫിൽ നിന്നും കടം വാങ്ങിയത്. അച്ഛന്റെ അമ്മയുടെ സ്വർണം വാങ്ങി കടം വീട്ടാൻ ശ്രമിച്ചപ്പോഴും തടസ്സം ലത്തീഫ് ആയിരുന്നു. ഇത് പക ഇരട്ടിയാക്കി. അഫാനെ കണ്ടപ്പോൾ ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് പോയി. ഇതോടെ കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് തലയിൽ പലവട്ടം അടിയ്ക്കുകയായിരുന്നു. ലത്തീഫിന്റെ കരച്ചിൽകേട്ട് അടുക്കളയിൽ നിന്നും ഓടിയെത്തിയ സാജിത കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന ലത്തീഫിനെ ആണ്. അഫാന്റെ അടുത്ത ലക്ഷ്യം താനാണെന്ന് തിരിച്ചറിഞ്ഞ സാജിത അടുക്കളയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
Discussion about this post