പത്തനംതിട്ട: കളക്ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പരിശോധന. ജില്ലാ കളക്ടറുടെ ഔദ്യോഗിക മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ സന്ദേശം വ്യാജമാണെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.
രാവിലെ ആറേ മുക്കലിനാണ് ഇ മെയിൽ ആയി ഭീഷണി സന്ദേശം എത്തിയത്. ആസിഫ് ഗഫൂർ എന്ന മെയിൽ നിന്നായിരുന്നു സന്ദേശം എത്തിയത്. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഭീഷണി സന്ദേശത്തിൽ പരാമർശം ഉണ്ട്. രാവിലെ ജോലിക്കെത്തിയ ജീവനക്കാർ ആണ് സന്ദേശം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞയുടൻ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കളക്ടറേറ്റിൽ നിന്നും മാറ്റിയിരുന്നു. മുഴുവൻ നിലയിലും പരിശോധന നടത്തി. എന്നാൽ പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. സ്ഥലത്ത് ഇപ്പോഴും വിശദമായ പരിശോധന തുടരുകയാണ്.
അടുത്തിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും, തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും സ്‌ഫോടനം ഉണ്ടാകുമെന്ന തരത്തിൽ സന്ദേശം ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് സമാനമായ സന്ദേശം കളക്ടറേറ്റിൽ എത്തുന്നത്.
Discussion about this post