ഒമ്പത് മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തി. മെക്‌സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ഇന്ത്യൻ സമയം പുലർച്ചെ 2.41ന് വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ച ഡ്രാഗൺ പേടകം പുലർച്ചെ 3.30ന് ഭൂമിയിലേക്കിറങ്ങി. അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിച്ച പേടകം വീണ്ടെടുത്താണ് യാത്രികരെ കരയിലേക്ക് എത്തിക്കുന്നത്.സ്‌പേസ് റിക്കവറി കപ്പല്‍ പേടകത്തിനരികിലേക്ക് എത്തിച്ചേര്‍ന്നു. പേടകത്തിനുള്ളിലെ യാത്രികരെ കപ്പലിലേക്ക് മാറ്റും.
നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവും ബുച്ച് വില്‍മോറുമാണ് സുനിതയെ കൂടാതെ പേടകത്തിലുള്ളത്. പൈലറ്റിന്‍റേയും കമാന്‍ഡറിന്‍റേയും ഇരിപ്പിടങ്ങളില്‍ നിക്ക് ഹേഗും അലക്സാണ്ടര്‍ ഗോര്‍ബുനോവുമാണ്. കാരണം സുനിതയും ബുച്ചും ഈ പേടകത്തിലെ യാത്രക്കാരാണ്.
സ്റ്റാര്‍ലൈനര്‍ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശത്തേക്ക് പോയത്. ആ പേടകത്തിലാണ് ഇരുവര്‍ക്കും പരിശീലനം ലഭിച്ചിട്ടുള്ളത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ 8 ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തെത്തിയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല.ഇതോടെ ഇരുവരും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങുകയായിരുന്നു.
ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്‌സുമായി സഹകരിച്ചാണ് നാസ ഇവരുടെ തിരിച്ച് വരവ് സാധ്യമാക്കിയത്. സുനിതയെയും ബുച്ചിനെയും ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പെയ്സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ഇത്രനാള്‍ കഴിഞ്ഞ രണ്ടുപേര്‍ക്കും ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങള്‍ നല്‍കും.
മറ്റ് ബഹിരാകാശയാത്രികർ പതിറ്റാണ്ടുകളായി ദൈർഘ്യമേറിയ ബഹിരാകാശ യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും, ആർക്കും ഇത്രയധികം അനിശ്ചിതത്വം നേരിടേണ്ടി വന്നിട്ടില്ല. ഇതോടെ ഒരു റെക്കോര്‍ഡുമായാണ് സുനിത, മടങ്ങിവരുന്നത് . ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന യാത്രികയെന്ന റെക്കോർഡ്. 62 മണിക്കൂറും 6 മിനിറ്റുമാണു സുനിത നടന്നത്. റെക്കോര്‍ഡ് സ്വന്തമാക്കിയ ഇക്കഴിഞ്ഞ ജനുവരി 30ന് നടന്നത് സുനിത 5മണിക്കൂര്‍ 26മിനിറ്റ്.
Discussion about this post