തിരുവനന്തപുരം; സംസ്ഥാനം ലഹരിയുടെ പിടിയിൽ അമരുകയാണെന്നതിന് കൂടുതൽ തെളിവുകൾ. വിമുക്തി ഡി അഡിക്ഷൻ സെന്ററിൽ മലപ്പുറം ജില്ലയിൽ മാത്രം ചികിത്സ തേടിയെത്തിയത് 375 പേർ. എക്‌സൈസ് വകുപ്പിന് കീഴിലുള്ള ലഹരി വിമുക്ത കേന്ദ്രമാണ് വിമുക്തി. നിലമ്പൂർ താലൂക്ക് ആശുപത്രിയിലാണ് ജില്ലയിലെ വിമുക്തി ഡി അഡിക്ഷൻ സെന്ററുള്ളത്. ഒരു വാർഡാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്.തുടർച്ചയായ രണ്ടാഴ്ച വരെ ഒരാൾക്ക് ഇവിടെ ചികിത്സ ലഭ്യമാണ്.
ഒപി,ഐപി വിഭാഗങ്ങളിലായി യഥാക്രമം 338 ഉം 37 ഉം പേരാണ് എത്തിയത്. ജനുവരിയിൽ 86 പേർ ചികിത്സ തേടിയെത്തി. ഇതിൽ 80 പേർ ഒ.പിയിലും ആറ് പേർ ഐ.പിയിലും ചികിത്സ തേടി. ഫെബ്രുവരിയിൽ എത്തിയ 160 പേരിൽ 142 പേർ ഒ.പിയിലും 18 പേർ ഐ.പിയിലുമെത്തി. മാർച്ചിൽ 129 പേർ ചികിത്സ തേടി. ഇതിൽ ഒ.പി, ഐ.പി വിഭാഗങ്ങളിലായി യഥാക്രമം 116ഉം 13ഉം പേർ വീതമെത്തി. 25-30 വയസിന് ഇടയിലുള്ളവരാണ് കൂടുതലായും ചികിത്സ തേടിയെത്തുന്നത്.
വിമുക്തിയിലെത്തുന്നവർക്ക് കൂടുതൽ ദിവസം, കിടത്തിച്ചികിത്സ ആവശ്യമായവരെ കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കോ മഞ്ചേരി മെഡിക്കൽ കോളേജിലേക്കോ ആണ് കൂടുതലും അയക്കുന്നത്. ഒരേസമയം 10 പേർക്കാണ് കിടത്തി ചികിത്സ ലഭിക്കുക. 10 കിടക്കകളുണ്ട്. ലഹരിക്കടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ സഹായകരമാവുന്ന കൗൺസിലിംഗ് സൗകര്യം ഇവിടെയുണ്ട്. ചികിത്സ, കൗൺസിലിംഗ്, നിരന്തരമുള്ള ഫോളോഅപ്പ് നടത്തിയാണ് ഇവരെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുന്നത്.
Discussion about this post