ഗുരുവായൂർ: നടൻ മമ്മൂട്ടിക്കായി വഴിപാടുമായി ആരാധകർ.മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം,കൂവളമാല,ധാര,മഹാശ്രീരുദ്രം,പിൻവിളക്ക് എന്നിവയാണ് നടത്തിയത്. ഒവി. രാജേഷ് എന്ന ആരാധാകനാണ് വഴിപാട് നേർന്നത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലാണ് വഴിപാട് ശീട്ടാക്കിയത്. നടൻ മമ്മൂട്ടിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച ശക്തമാകുന്നതിനിടെയാണ് ആരാധകർ പ്രാർത്ഥനയും വഴിപാടുമായി എത്തുന്നത്. രണ്ട് ദിവസം മുമ്പ് മോഹൻലാൽ മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തിയിരുന്നു.
വമ്പൻ താരനിരയിൽ ഒരുങ്ങുന്ന മഹേഷ് നാരായണന്റെ പ്രൊജക്ടിന്റെ ഷൂട്ടിംഗ് നീട്ടിയതോടെയാണ് മമ്മൂട്ടിയുടെ ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. മമ്മൂട്ടിയുടെ അസുഖം കാരണമാണ് ഷൂട്ടിംഗ് നീട്ടിയത് എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ പരക്കുന്നത്. ഫാൻപേജുകളിൽ ഇതിന്റെ പേരിൽ വലിയ പോരുകളും നടക്കുന്നുണ്ട്. മമ്മൂട്ടിയ്ക്ക് ചെറിയ ശ്വസന പ്രശ്നം മാത്രമാണ് ഉള്ളത് എന്നും വൈകാതെ തിരിച്ചെത്തും എന്നുമാണ് പലരും സോഷ്യൽ മീഡിയയിൽ പറയുന്നത്. എന്നാൽ മമ്മൂട്ടിക്ക് ശ്വാസതടസമുണ്ടായി എന്നും കുടലിൽ കാൻസർ ആണ് എന്നും വരെ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് എന്ന തരത്തിലും വാർത്തകൾ വരുന്നു
ഇതോടെ മമ്മൂട്ടിക്ക് കാൻസർ ആണെന്നുളള റിപ്പോർട്ടുകൾ തള്ളി അദ്ദേഹത്തിന്റെ പിആർ ടീം രംഗത്ത് വന്നു. റംസാൻ വ്രതമെടുക്കുന്നതിന്റെ ഭാഗമായുളള വിശ്രമത്തിലാണെന്നും മമ്മൂട്ടിയുടെ ടീം അറിയിച്ചു.
Discussion about this post