ചന്ദ്രനിലെ ചക്രവാള തിളക്കത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ . ചന്ദ്രനിലെ സൂര്യാസ്തമയത്തിന്റെ ആദ്യത്തെ ഹൈ ഡെഫനിഷൻ ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. ഇതിലൂടെ നിഗൂഢ പ്രതിഭാസത്തിനെ കുറിച്ച് ശാസ്ത്രജ്ഞർക്ക് കൂടുതൽ സൂചനകൾ നൽകാൻ കഴിയും. സ്വകാര്യ ചാന്ദ്ര പര്യവേഷണ കമ്പനിയായ ഫയർഫ്‌ലൈ എയ്റോസ്പേസിൻറെ ‘ബ്ലൂ ഗോസ്റ്റ് ലാൻഡർ’ എടുത്ത രണ്ട് ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം ഹ്യൂസ്റ്റണിലെ ജോൺസൺ സ്പേസ് സെൻററിൽ നടന്ന പത്രസമ്മേളനത്തിലാണ് നാസ ചിത്രങ്ങൾ അവതരിപ്പിച്ചത്.
ചന്ദ്രൻറെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന മേർ ക്രിസിയത്തിലെ അഗ്‌നിപർവ്വത രൂപീകരണമായ മോൺസ് ലാട്രെയ്ലിന് സമീപം മാർച്ച് 2-നാണ് ബ്ലൂ ഗോസ്റ്റ് ലാൻഡ് ചെയ്തത് . ചെലവ് കുറയ്ക്കുന്നതിനും 2027-ൽ മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാൻ പദ്ധതിയിട്ടിരിക്കുന്ന ആർട്ടെമിസ് ദൗത്യത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ട് വാണിജ്യ പേലോഡ് ഓപ്പറേറ്റർമാരിൽ നാസ നടത്തിയ 2.6 ബില്യൺ ഡോളർ നിക്ഷേപത്തിൻറെ ഭാഗമാണ് ബ്ലൂ ഗോസ്റ്റ് ലാൻഡർ. 2025 മാർച്ച് 2-ന് ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയ ബഹിരാകാശ പേടകം 14 ദിവസം പ്രവർത്തിച്ചു. ചാന്ദ്ര രാത്രി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അത് ദൗത്യം പൂർത്തിയാക്കി.
സൂര്യൻ അസ്തമിക്കുകയും പിന്നീട് ചക്രവാളത്തിൽ ഇരുട്ടിലേക്ക് പോകുകയും ചെയ്യുന്നതിന്റെ ആദ്യ ഹൈ-ഡെഫനിഷൻ ചിത്രങ്ങളാണിത്,’ നാസയുടെ സയൻസ് മിഷൻ ഡയറക്ടറേറ്റിലെ പര്യവേക്ഷണ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്ററായ ജോയൽ കിയേൺസ് പറഞ്ഞു.1972-ൽ അപ്പോളോ 17 ദൗത്യത്തിനിടെ ചന്ദ്രനിൽ കാലുകുത്തിയ ബഹിരാകാശ യാത്രികൻ യൂജിൻ സെർനാൻ ആണ് ചന്ദ്ര ചക്രവാള തിളക്കം ആദ്യമായി രേഖപ്പെടുത്തിയത് .
Discussion about this post