കോഴിക്കോട്; ലഹരിക്ക് അടിമയായ മകനെ പോലീസിൽ ഏൽപ്പിച്ചു നൽകി മാതൃകയായി അമ്മ. കോഴിക്കോട് ഏലത്തൂർ സ്വദേശി രാഹുലാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് പോലീസ് വീട്ടിലെത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. അമ്മയെയും മുത്തശ്ശിയെയും കൊല്ലുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നു. സഹോദരിയുടെ കുഞ്ഞിനെ കൊന്ന് ജയിലിൽ പോകുമെന്നായിരുന്നു നിരവധി കേസുകളിൽ പ്രതിയായ മകന്റെ ഭീഷണിയെന്ന് അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.ചോദിച്ച പണം കൊടുക്കാത്തതിനെ തുടർന്നായിരുന്നു കൊലവിളിയും ആത്മഹത്യ ഭീഷണിയും. തുടർന്ന് അമ്മ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്ന് പോലീസ് എത്തിയപ്പോഴും രാഹുൽ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.
വീട്ടിന്റെ അകത്തുപോലും മകൻ പതിവായി ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് അമ്മ പറയുന്നു. പലതവണ അക്രമാസക്തനായിട്ടുണ്ട്. വിമുക്തി കേന്ദ്രത്തിലും മകനെ പ്രവേശിപ്പിച്ചിരുന്നു. ഒരു കുടുംബത്തിനും ഇങ്ങനെയൊരു ഗതി വരുത്തരുതെന്ന് അമ്മ മിനി പറഞ്ഞു. 13 വയസ് മുതൽ ലഹരി ഉപയോഗിക്കാൻ തുടങ്ങിയെന്നാണ് രാഹുൽ പറയുന്നത്. ഞങ്ങൾ അത് തിരുത്താൻ ശ്രമിച്ചിരുന്നു. പോക്സോ കേസ്, അടിപിടി കേസ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കാപ്പയൊന്നും ചുമത്തിയിട്ടില്ല. ഇന്നലെ രാത്രിയാണ് പോലീസിനെ വിവരം അറിയിച്ചത്. കൊല്ലുന്നതിനുളള ദിവസവും മകൻ തീരുമാനിച്ചിരുന്നുവെന്ന് അമ്മ വേദനയോടെ വെളിപ്പെടുത്തി.
രാഹുലിനെ പോലീസിൽ ഏൽപ്പിച്ചതിനാൽ ലഹരി സംഘങ്ങൾ കുടുംബത്തെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പോലീസ് സംരക്ഷണം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Discussion about this post