കോഴിക്കോട്: താമരശ്ശേരിയിൽ പോലീസിനെ ഭയന്ന് യുവാവ് എംഡിഎംഎ വിഴുങ്ങി. താമരശ്ശേരി സ്വദേശി ഫായിസ് ആണ് എംഡിഎംഎ വിഴുങ്ങിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തിൽ ഫായിസിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
ലഹരി ഉപയോഗിച്ചശേഷം ഇയാൾ വീട്ടിൽ ബഹളമുണ്ടാക്കുകയായിരുന്നു. ഇതോടെ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് ലഹരി വിഴുങ്ങിയതായി വ്യക്തമായത്. ഇയാളുടെ പക്കൽ നിന്നും ഒരു ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിട്ടുണ്ട്.
പ്രാഥമിക പരിശോധനയിൽ ഫായിസിന്റെ വയറിനുള്ളിൽ നിന്നും ക്രിസ്റ്റൽ രൂപത്തിലുള്ള തരികൾ കണ്ടെത്തിയിട്ടുണ്ട്. പോലീസിനെ കണ്ടതിനെ തുടർന്ന് ഫായിസ് എംഡിഎംഎ വിഴുങ്ങിയെന്നാണ് നിഗമനം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിട്ടുള്ളത്.
അടുത്തിടെ പോലീസിനെ ഭയന്ന് മയക്കുമരുന്ന് വിഴുങ്ങി യുവാവ് മരിച്ചിരുന്നു. താമരശ്ശേരി സ്വദേശി ഷാനിദ് ആണ് മരിച്ചത്. രണ്ട് പാക്കറ്റ് മയക്കുമരുന്ന് ആയിരുന്നു ഇയാൾ വിഴുങ്ങിയത്. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Discussion about this post