കൊൽക്കത്ത: പശ്ചിമ ബംഗാൾ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈൽ ഫോട്ടോകളിൽ നിന്ന് ചുവപ്പ് പുറത്ത്. ചുവപ്പിന് പകരം നീലയാണ് പ്രൊഫൈൽ ഫോട്ടോകളുടെ പശ്ചാത്തലത്തിൽ നൽകിയിരിക്കുന്ന നിറം. എന്നാൽ ഈ നിറം മാറ്റത്തിൽ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് പാർട്ടി വിശദീകരണം.
കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സിപിഎമ്മിന്റെ നിറം ചുവപ്പല്ലെന്ന് പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ പുതിയ കെട്ടിടത്തിന്റെ കളർ കാവി അല്ലേ എന്തുകൊണ്ട് ചുവപ്പ് ഒഴിവാക്കിയെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ ഈ വിശദീകരണം. സിപിഎം പാർട്ടിയുടെ കളർ ചുവപ്പാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. കെട്ടിടത്തിനു കാവി കളറാണെന്ന അഭിപ്രായമുയർന്നതു സംബന്ധിച്ച മാദ്ധ്യമപ്രവർത്തകപുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഈ ചോദ്യം.
കെട്ടിടത്തിന്റെ ഉള്ളിൽ ആരെങ്കിൽ ചുവപ്പ് പെയിന്റ് അടിക്കാറുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു. ഞാൻ പറഞ്ഞില്ലേ പോസിറ്റിവായ കാര്യങ്ങൾ മാത്രം ചർച്ച ചെയ്താൽ മതി. വാസ്തു ശിൽപ്പത്തെപറ്റി ധാരണ ഇല്ലാത്ത ആളുകൾ നിരവധിയായ കാര്യങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും. അതൊക്കെ ആധുനിക കളറാണ്. പാർട്ടി കളർ ചുവപ്പാണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്. കൊടിയുടെ കളറല്ലല്ലോ പാർട്ടി എന്നു പറയുന്നത്. കെട്ടിടത്തിന്റെ ഉള്ളിൽ ആരെങ്കിലും ചുവപ്പടിക്കാറുണ്ടോ. മനഃശാസ്ത്രപരമായി അടിക്കാൻ പറ്റുന്ന ഏറ്റവും നല്ല നിറം എതാണ്. പോസിറ്റീവ് എനർജി കിട്ടുന്ന നിറം ഏതാണ് എന്നാണു ചോദിച്ചത്. അതു ചുവപ്പല്ല. അതല്ല എന്നു എല്ലാവർക്കും അറിയാമല്ലോയെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇതിന് പിന്നാലെ ബംഗാൾ സിപിഎം നടത്തിയ നിറംമാറ്റത്തിന് പിന്നിൽ പാർട്ടിയ്ക്ക് ചുവപ്പിനോട് പ്രിയം കുറയുന്നുവോ എന്ന സംശയമാണ് ഉയരുന്നത്. ചുവപ്പിന് പഴയതുപോലെ ആളുകളെ ആകർഷിക്കാൻ കഴിയുന്നില്ല. പുതിയ തലമുറയെ സോഷ്യൽമീഡിയയിൽ ആകർഷിക്കാൻ ചുവപ്പിനെക്കാളും നല്ല നിറം നീലയാണെന്നാണ് ബംഗാളിലെ സിപിഎം വിലയിരുത്തുന്നത്. ഫ്രഞ്ച് വിപ്ലവം കാലഘട്ടം മുതൽ ലോകവ്യാപകമായി കമ്മ്യൂണിസം, സോഷ്യലിസം, വിപ്ലവം തുടങ്ങിയവയുടെ നിറമായി അറിയപ്പെടുന്നത് ചുവപ്പാണ്.
Discussion about this post