തിരുവനന്തപുരം : കേരളം മാറണം , അതാണ് ബിജെപിയുടെ ദൗത്യമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖർ. എന്തുകൊണ്ടാണ് നമ്മുടെ കേരളം പിന്നിലേക്ക് പോവുന്നത്.. ? . എന്തുകൊണ്ട് നമ്മുടെ സർക്കാരിന് ഇത്രയും കടം വാങ്ങേണ്ടി വരുന്നത് ? . എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് അവസരം കിട്ടാത്തത്. എല്ലാത്തിനും മാറ്റം കൊണ്ടുവരുവാൻ എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിലെത്തണം എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനത്തിനുശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
കേരളം വളരണം നിക്ഷേപം കൂടണം . നമ്മുടെ യുവാക്കൾക്ക് മികച്ച അവസരം കിട്ടണം . അവസരങ്ങൾ ഇല്ലെങ്കിൽ യുവാക്കൾ നിൽക്കില്ല. അവർ പുറത്തേക്ക് പോവും എന്ന് അദ്ദേഹം പറഞ്ഞു. നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് വേണ്ടത്. വികസന സന്ദേശങ്ങൾ ഓരോ വീട്ടിലും എത്തിക്കണം. മാറ്റം കൊണ്ടുവരാൻ എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിലെത്തണം. എൻഡിഎയെ സംസ്ഥാനത്ത് അധികാരത്തിൽ എത്തിച്ചാൽ മാത്രമേ താൻ മടങ്ങിപോവൂ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വരും കാലത്ത് ഇന്ത്യ വികസിത ഭാരതമാകും. അതില്‍ സംശയമില്ല. അതുപോലെ നമ്മുടെ കേരളവും വികസിത കേരളമാകണം. എല്ലാവര്‍ക്കും പുരോഗതിയുണ്ടാകണം. എല്ലാ സമുദായങ്ങള്‍ക്കും നേട്ടം ഉണ്ടാകണം എന്നതാണ് ബിജെപിയുടെ ദൗത്യം.
തൻറെ മുഴുവൻ സമയവും വികസിത കേരളത്തിനായി സമർപ്പിക്കുകയാണ്. വിദ്യകൊണ്ട് പ്രബുദ്ധരാക്കുക, സംഘടനകൊണ്ട് ശക്തരാകുക, പ്രയത്‌നം കൊണ്ട് സമ്പന്നരാവുക എന്ന ശ്രീനാരാണയ ഗുരുവിൻറെ വാക്യം പറഞ്ഞുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.
സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിച്ചശേഷം കേരളത്തിൽ നിന്നുള്ള 30 അംഗ ബിജെപി ദേശീയ കൗണ്‍സിൽ അംഗങ്ങളെയും പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ, സുരേഷ് ഗോപി, ജോര്‍ജ് കുര്യൻ. അനിൽ ആന്‍റണി, പി കെ കൃഷ്ണദാസ്, ഒ രാജഗോപാൽ, എ എൻ രാധാകൃഷ്ണൻ, എം ടി രമേശ്, സി കൃഷ്ണകുമാര്‍, ശോഭാ സുരേന്ദ്രൻ, ഡോ.കെ എസ് രാധാകൃഷ്ണൻ, പത്മജ വേണുഗോപാൽ, പി സി ജോര്‍ജ്, പള്ളിയറ രാമൻ, പ്രതാപ ചന്ദ്ര വര്‍മ, സി രഘുനാഥ്, പി രാഘവൻ തുടങ്ങിയവരടക്കമുള്ളവര്‍ ദേശീയ കൗണ്‍സിലിലുണ്ട്.
Discussion about this post