ഈ വർഷം ജനുവരിയിൽ മാത്രം രാജ്യത്ത് നിരോധിച്ചത് ഒരുകോടി വാട്‌സ്ആപ്പ് അക്കൗണ്ടുകൾ. ഇതിൽ 13 ലക്ഷം അക്കൗണ്ടുകൾ ഉപഭോക്താക്കളുടെ പരാതി ഇല്ലാതെ വാട്‌സ്ആപ്പ് സ്വയം തിരിച്ചറിഞ്ഞ് നിരോധിച്ചതാണ്. ആദ്യമായാണ് ഇത്രയധികം അക്കൗണ്ടുകൾ ഒരുമാസത്തിനുള്ളിൽ നിരോധിക്കുന്നത്. 9400 ലേറെ പരാതികളും ജനുവരിയിൽ ലഭിച്ചു.
മെസേജുകളുടെ രീതിയും ശ്രദ്ധിക്കും. ഒരാൾ കുറേയേറെ സന്ദേശങ്ങൾ അയയ്ക്കുന്നതും(ബൾക്ക് മെസേജിംഗ്), ഒരേ സന്ദേശം ഒന്നിലധികം പേർക്ക് അയയ്ക്കുന്നതും (ബ്രോഡ്കാസ്റ്റ് മെസേജിംഗ്), ഒരേ പാറ്റേണിൽ ഒന്നിലധികം പേർക്ക് സന്ദേശമയയ്ക്കുന്നതും അക്കൗണ്ട് നിരോധിക്കുന്നതിന് കാരണമാകും. ക്രിസ്മസ്, ഓണം പോലുള്ള ഉത്സവകാലങ്ങളിൽ അയയ്ക്കുന്ന ആശംസാ സന്ദേശങ്ങൾ പോലും ബൾക്ക് മെസേജിംഗിൽ ഉൾപ്പെട്ടേക്കും. വ്യക്തിഹത്യ, ലൈംഗിക പരാമർശങ്ങൾ, ആൾമാറാട്ടം എന്നിവയ്ക്കും പിടിവീഴും. വ്യാജ ലിങ്കുകൾ തുറന്ന് സ്വയം പണി വാങ്ങുന്നവരുമുണ്ട്. ഒരുപാട് കോൺടാക്ടുകൾ ഫോണിൽ സൂക്ഷിക്കുന്നവരുടെ അക്കൗണ്ടിന് പൂട്ട് വീഴാൻ സാദ്ധ്യത കൂടുതലാണ്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരും വാട്ട്‌സാപ്പ് നിരീക്ഷണത്തിലാണ്.
സ്പാം സന്ദേശങ്ങൾ നിയന്ത്രിക്കാൻ ഒരാൾക്ക് അയയ്ക്കാവുന്ന ബ്രോഡ്കാസ്റ്റ് മെസേജുകളിൽ അടുത്ത മാസം മുതൽ വാട്‌സാപ്പ് നിയന്ത്രണം ഏർപ്പെടുത്തും. കൂടുതൽ സന്ദേശങ്ങൾ അയയ്ക്കണമെങ്കിൽ തുക ഈടാക്കിയേക്കും. വ്യക്തികൾക്ക് ഒരു മാസം 30 ബ്രോഡ്കാസ്റ്റ് മെസേജുകൾ മാത്രമേ അയയ്ക്കാൻ സാധിക്കൂ എന്നാണ് പുതിയ പരിഷ്‌കാരം. എന്നാൽ ബിസിനസ് അക്കൗണ്ടുകൾ ഉപയോഗിച്ച് പ്രതിമാസം 250 മെസേജുകൾ അയയ്ക്കാം. ഇതിനുശേഷം അയയ്ക്കുന്ന ഓരോ ബ്രോഡ്കാസ്റ്റ് മെസേജിനും നിശ്ചിത തുക ഈടാക്കാനും നീക്കമുണ്ട്.
കോൺടാക്ട് ലിസ്റ്റിലെ ഒന്നിലധികം ആളുകൾക്ക് ഒരേസമയം സന്ദേശം അയയ്ക്കാനാണ് ബ്രോഡ്കാസ്റ്റ് മെസേജ് ഉപയോഗിക്കുന്നത്. വ്യാജ സന്ദേശങ്ങളും തെറ്റായ വാർത്തകളും നിയന്ത്രിക്കുന്നതിനാണ് പുതിയ സംവിധാനമെന്ന് മെറ്റ അറിയിച്ചു. വ്യക്തിഗത ഉപയോക്താക്കൾക്ക് കൂടുതൽ ആളുകൾക്ക് കൂടുതൽ സന്ദേശങ്ങൾ അയയ്ക്കണമെങ്കിൽ, സ്റ്റാറ്റസ് അപ്‌ഡേറ്റുകളോ ചാനലുകളോ ഉപയോഗിക്കാമെന്ന് മെറ്റ ചൂണ്ടിക്കാട്ടി.
Discussion about this post