പത്തനംതിട്ട: നാരങ്ങാനത്ത് വില്ലേജ് ഓഫീസർക്കെതിരെ വധഭീഷണി മുഴക്കി സിപിഎം നേതാവ്. നാരങ്ങാനം വില്ലേജ് ഓഫീസർറെ സിപിഎം ഏരിയ സെക്രട്ടറി സഞ്ജുവാണ് ഭീഷണിപ്പെടുത്തിയത്. കെട്ടിട നികുതി ചോദിച്ചതാണ് സിപിഎം നേതാവിനെ പ്രകോപിപ്പിച്ചത്.
2022 ൽ അടയ്‌ക്കേണ്ട കെട്ടിട നികുതി മൂന്ന് വർഷം ആയിട്ടും സഞ്ജു അടച്ചിരുന്നില്ല. ഇതേ തുടർന്ന് സഞ്ജുവുമായി വില്ലേജ് ഓഫീസർ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഈ സംഭാഷണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2022 മുതൽ 2025 വരെയുള്ള കെട്ടിട നികുതി കുടിശ്ശികയുണ്ടെന്നും, എത്രയും വേഗം അടയ്ക്കണം എന്നും വില്ലേജ് ഓഫീസർ സിപിഎം നേതാവിനെ അറിയിക്കുന്നതായി പുറത്തുവന്ന ഫോൺ സംഭാഷണത്തിൽ കേൾക്കാം. നികുതി അടയ്ക്കാം അടയ്ക്കാം എന്ന് പറയുന്നത് അല്ലാതെ നികുതി നിങ്ങൾ അടയ്ക്കുന്നില്ല. നിങ്ങൾ വലിയ രാഷ്ട്രീയ നേതാവ് ആയിരിക്കും, എന്നാൽ ഉന്നത ഉദ്യോഗസ്ഥർ ചോദിക്കുമ്പോൾ അവർക്ക് മുൻപിൽ മുട്ടുമടക്കി നിൽക്കാൻ മാത്രമേ കഴിയൂ. എത്രയും വേഗം കുടിശ്ശിക അടച്ച് സൗഹൃദത്തിൽ നമുക്ക് മുന്നോട്ട് പോകാം. അല്ലെങ്കിൽ ശരിയാകില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.
എന്നാൽ നികുതി അടച്ചില്ലെങ്കിൽ എന്ത് ചെയ്യുമെന്നാണ് ഇതിനോട് സഞ്ജു പ്രതികരിക്കുന്നത്. ഇതിനൊപ്പം വില്ലേജ് ഓഫീസറുടെ സ്വദേശവും സഞ്ജു ചോദിക്കുന്നുണ്ട്. പണം അടയ്ക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർക്ക് നടപടി സ്വീകരിക്കേണ്ടിവരുമെന്നും ഇതിന് മറുപടിയായി വില്ലേജ് ഓഫീസർ പറഞ്ഞു. ഇതോടെ പ്രകോപിതനായ സിപിഎം നേതാവ് ഭീഷണി മുഴക്കുകയായിരുന്നു.
വില്ലേജ് ഓഫീസിൽ കയറി വെട്ടുമെന്ന് ആയിരുന്നു സഞ്ജുവിന്റെ ഭീഷണി. ഇതിന് പുറമേ കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷവും നടത്തുന്നതായി ഫോൺ സംഭാഷണത്തിൽ കേൾക്കാം.
അതേസമയം ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് സിപിഎം നേതാവ് രംഗത്ത് എത്തി. വില്ലേജ് ഓഫീസർ വളരെ മോശമായിട്ടാണ് സംസാരിച്ചത് എന്നും, ഇതേ തുടർന്നാണ് താൻ പ്രകോപിതൻ ആയത് എന്നുമാണ് സഞ്ജു പറയുന്നത്.
Discussion about this post