കോഴിക്കോട്: ബെക്ക് വിട്ടുകിട്ടാൻ പോലീസ് സ്‌റ്റേഷനിൽ എത്തിയ യുവാവിന്റെ പക്കൽ നിന്നും ലഹരിമരുന്ന് കണ്ടെത്തി. നല്ലളം സ്വദേശി അലൻദേവിന്റെ പക്കൽ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. തുടർന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഫറോക്ക് പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് അലൻദേവിന്റെ ബൈക്ക് പോലീസ് പിടിച്ചെടുത്തുത്. രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് പോലീസ് തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ബൈക്ക് കസ്റ്റഡിയിൽ എടുത്ത് അലനെ പോകാൻ അനുവദിച്ചു. പിറ്റേന്ന് ബൈക്കിന്റെ രേഖകളുമായി എത്തിയാൽ വിട്ട് നൽകാമെന്നതിന്റെ അടിസ്ഥാനത്തിൽ അലൻദേവ് പോലീസ് സ്‌റ്റേഷനിൽ എത്തി.
ബൈക്ക് വിട്ടുകിട്ടാനായി എത്തിയ ഇയാളുടെ പെരുമാറ്റത്തിൽ പോലീസിന് സംശയം തോന്നുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് ദേഹപരിശോധന നടത്തി. ഇതിൽ ലഹരി മരുന്ന് കണ്ടെടുക്കുകയായിരുന്നു. മാരക ലഹരിയായ എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇയാളുടെ പക്കൽ നിന്നും 1.66 ഗ്രാം എംഡിഎംഎ പിടികൂടിയതായി പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻറ് ചെയ്തു.
Discussion about this post