പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പൃഥ്വിരാജും മോഹൻലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ എമ്പുരാൻ എന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. ഈ സിനിമ പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഏറെ നാളുകളായി സിനിമ പ്രേമികൾ തേടിക്കൊണ്ടിരുന്ന ഒരു മുഖമുണ്ട്. ഡ്രാഗൺ വേഷം ധരിച്ച് പുറം തിരിഞ്ഞു നിന്നിരുന്ന ഈ നടന്റെ മുഖം റിലീസിന് മുൻപ് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ സിനിമ റിലീസായതിന് പിന്നാലെ തന്റെ വിക്കിപീഡിയയിലുടെ താരം തന്നെ ഈ സസ്പെൻസ് പുറത്തുവിട്ടിരിക്കുകയാണ്.
കൊറിയൻ അമേരിക്കൻ നടനായ റിക്ക് യൂൻ ആണ് സിനിമ പ്രേമികൾ ഏറെ നാളായി തേടി നടന്നിരുന്ന എമ്പുരാനിലെ വില്ലൻ. വാഷിംഗ്ടൺ ഡിസിയിൽ ജനിച്ച റിക്ക് യൂനിന്റെ മാതാപിതാക്കൾ കൊറിയക്കാരാണ്. നടൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, ആയോധന കലാകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് റിക്ക് യൂൻ. എമ്പുരാനിൽ അതിഥി വേഷത്തിലാണ് റിക്ക് എത്തുന്നത്.
2001ൽ പുറത്തിറങ്ങിയ ദി ഫാസ്റ്റ് ആൻഡ് ദി ഫ്യൂരിയസ് എന്ന ചിത്രത്തിലൂടെ ജോണി ട്രാൻ എന്ന കഥാപാത്രമായിട്ടായിരുന്നു റിക്കിന്റെ സിനിമാ അരങ്ങേറ്റം. ജെയിംസ് ബോണ്ട് ചിത്രമായ ഡൈ അനദർ ഡേയിലെ സാവോ എന്ന കഥാപാത്രത്തിലൂടെ ആണ് അദ്ദേഹം കൂടുതൽ ജനപ്രിയനായി മാറിയത്. നിൻജ അസാസിൻ, ചൈന ടൗൺ, ഒളിമ്പസ് ഹാസ് ഫാലൻ എന്നീ ചിത്രങ്ങളിലെല്ലാം അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മാർക്കോ പോളോ, പ്രിസൺ ബ്രേക്ക് എന്നിവ ഉൾപ്പെടെയുള്ള ടിവി സീരിസുകളിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. റിക്ക് യൂനിന്റെ ആദ്യ ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ. ഷെൻലോങ് എന്ന കഥാപാത്രത്തെയാണ് എമ്പുരാനിൽ റിക്ക് യൂൻ അവതരിപ്പിച്ചിരിക്കുന്നത്.
Discussion about this post