പത്തനംതിട്ട: സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ സ്ഥലംമാറ്റം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ രംഗത്ത്. പത്തനംതിട്ട ജില്ല കളക്ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്.വില്ലേജ് ഓഫീസർ അവധിയിൽ പ്രവേശിച്ചിരുന്നു. നാരങ്ങാനം വില്ലേജ് ഓഫീസിൽ ഇനി ജോലി ചെയ്യാൻ ഭയമെന്ന് ജോസഫ് ജോർജ് പറഞ്ഞു.
ഭീഷണി ഫോൺ കോളുകൾ വന്നെന്ന വില്ലേജ് ഓഫീസറുടെ പരാതി കളക്ടർ പോലീസിന് കൈമാറി. വില്ലേജ് ഓഫീസറാണ് ഫോണിലൂടെ മര്യാദ ഇല്ലാതെ സംസാരിച്ചതെന്നും അഴിമതിക്കാരൻ ആണെന്നും ഏരിയാ സെക്രട്ടറി എം.വി സഞ്ജു ആരോപിച്ചിരുന്നു.
നികുതി കുടിശ്ശിക അടയ്ക്കാൻ ഫോണിലൂടെ ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെയാണ് കഴിഞ്ഞദിവസം സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്.2022 മുതൽ 2025 വരെ സഞ്ജു കെട്ടിട നികുതി അടച്ചിട്ടില്ല എന്നാണ് വില്ലേജ് ഓഫീസർ ഫോൺ സംഭാഷണത്തിൽ പറയുന്നത്. സൗഹൃദത്തിൽ മുന്നോട്ടുപോകാമെന്നും അടക്കാനില്ല എന്ന് പറഞ്ഞാൽ ശരിയാവില്ലെന്നും വില്ലേജ് ഓഫീസർ പറയുന്നുണ്ട്. എന്നാൽ അടച്ചില്ലെങ്കിൽ എന്തുചെയ്യുമെന്നാണ് സഞ്ജു ചോദിക്കുന്നത്. നടപടിയെടുക്കുമെന്ന് പറയുമ്പോഴാണ് സഞ്ജു വില്ലേജ് ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നത്. ഫോൺ സംഭാഷണത്തിനിടെ സഞ്ജു വില്ലേജ് ഓഫീസറെ തെറി വിളിക്കുകയും ചെയ്യുന്നുണ്ട്
Discussion about this post