കണ്ണൂർ: സിപിഎം നേതാവ് പി.പി ദിവ്യയുടെ അധിക്ഷേപത്തിൽ മനംനൊന്താണ് എഡിഎം നവീൻ ബാബു ജീവനൊടുക്കിയത് എന്ന് പോലീസ്. കോടതിയിൽ സമർപ്പിക്കാനായി തയ്യാറാക്കിയ കുറ്റപത്രത്തിലാണ് പോലീസ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. പി.പി ദിവ്യമാത്രമാണ് കേസിലെ പ്രതിയെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
ആസൂത്രിതമായിട്ടായിരുന്നു ദിവ്യ നവീൻ ബാബുവിനെ അധിക്ഷേപിച്ചത്. സ്വകാര്യ ചാനലിനെ ദിവ്യ മനപ്പൂർവ്വം പരിപാടിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ചാനലിന് മുൻപിൽ വച്ച് പിന്നീട് നവീൻ ബാബുവിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തി. ഇതിൽ മനംനൊന്ത് നവീൻ ബാബു ജീവനൊടുക്കുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിൽ അടിസ്ഥാനമില്ലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. നവീൻ ബാബുവിന്റേത് ആത്മഹത്യതന്നെയാണ്. കൊലപാതകം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒന്നും തന്നെ ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബാംഗങ്ങൾ അടക്കം 82 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 14 ന് ആയിരുന്നു എഡിഎം നവീൻ ബാബു മരിച്ചത്.
Discussion about this post