മലപ്പുറം; മലപ്പുറത്ത് സമുദായ അംഗങ്ങൾക്ക് സ്വതന്ത്രമായി ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്ന് എസ്എൻഡിപി ജനറൽ സ്രെട്ടറി വെള്ളാപ്പള്ളി നടേശൻ. മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുള്ളിൽ സമുദായാംഗങ്ങൾ ഭയന്നുവിറച്ചാണ് കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചുങ്കത്തറയിൽ ശ്രീനാരായണ കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറത്ത് സ്വതന്ത്രമായി വായു ശ്വസിച്ച് സമുദായ അംഗങ്ങൾക്ക് ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്തിന് സ്വതന്ത്രമായി ഒരു അഭിപ്രായം പറഞ്ഞ് പോലും ജീവിക്കാൻ കഴിയില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. പ്രത്യേക ചില മനുഷ്യരുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്ര നാളുകൾ കഴിഞ്ഞിട്ടും അതിന്റെ ഗുണഫലങ്ങൾ മലപ്പുറത്തെ പിന്നോക്കക്കാർക്ക ലഭിച്ചിട്ടുണ്ടോയെന്ന് വെള്ളപ്പള്ളി ചോദിച്ചു.
മഞ്ചേരി ഉള്ളത് കൊണ്ടും അവിടെയൊരു സ്ഥാപനം ഉള്ളത് കൊണ്ടും നിങ്ങൾക്ക് വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ചു. മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവർ വോട്ടുകുത്തിയന്ത്രങ്ങളാണ്. ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച് വോട്ടു ബാങ്കായി നിൽക്കാത്തതാണ് അവഗണനക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവർക്ക് കിട്ടുന്നില്ലെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് കണ്ണേ കരളേ എന്നെല്ലാം പറഞ്ഞ് പോകുന്നവർ ഈഴവരുടെ വോട്ട് വാങ്ങിയ ശേഷം മുഖം തിരിഞ്ഞ് നടക്കുമെന്നും കുറ്റപ്പെടുത്തി.
ന്യൂനപക്ഷം സംഘടിതരായി നിന്ന് ഭൂരിപക്ഷത്തെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനത്തെ കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നതെന്ന് പരിപാടിയിൽ പങ്കെടുക്ക ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയും ആരോപിച്ചു.
Discussion about this post