അച്ഛൻ, പൊന്നുമകളെ പിച്ചിച്ചീന്തി കൊന്നയാളെ വെടിവച്ചുകൊന്ന് സ്വയം നീതി നടപ്പാക്കിയ ഒരച്ഛൻ ഇന്ന് വിടവാങ്ങിയിരിക്കുകയാണ്. കൃഷ്ണപ്രിയയുടെ അച്ഛൻ,മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നിൽ പൂവ്വഞ്ചേരി തെക്കേവീട്ടിൽ ശങ്കരനാരായണൻ ആണ് അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങൾ കാരണം സ്വവസതിയിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 75 വയസായിരുന്നു.
2001 ഫെബ്രവരി ഒൻപതിന് ഏഴാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണപ്രിയ സ്‌കൂൾ വിട്ടു വരുന്ന വഴി അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ (24) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. 2002 ജൂലായ് 27ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ പിതാവ് ശങ്കരനാരായണൻ വെടിവെച്ച് കൊലപ്പെടുത്തി പോലീസിൽ കീഴടങ്ങുകയായിരുന്നു.
മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു. ശങ്കരനാരായണനെ 2006 മെയ് മാസം തെളിവുകളുടെ അഭാവത്തിൽ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതിൽ പോലീസിനു വീഴ്ച പറ്റി, ക്രിമിനൽ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകും. അവരായിരിക്കാം കൃത്യം നിർവ്വഹിച്ചതെന്നായിരുന്നു കോടതി പറഞ്ഞു.
Discussion about this post