മലപ്പുറം; മലപ്പുറം ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. വീട്ടിൽ പ്രസവം നടത്താൻ സഹായിച്ച സ്ത്രീ ആണ് പിടിയിലായത്. ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ അസ്മയുടെ ഭർത്താവ് സിറാജ്ജുദ്ദിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രസവവുമായും മരണവുമായും ബന്ധപ്പെട്ട വിവരങ്ങൾ ഇവരിൽനിന്ന് ചോദിച്ചറിയും. ഇവരെ ആശ്രയിച്ച് വീട്ടിൽ പ്രസവിക്കുന്ന സ്ത്രീകൾ ഒരുപാടുണ്ടെന്നാണ് വിവരം. നേരത്തേ ഇവർക്ക് ഇക്കാര്യത്തിൽ താക്കീത് നൽകിയിരുന്നുവെന്ന് ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസ പറഞ്ഞു. അവർ അത് അനുസരിച്ചില്ലെന്നും പ്രതിപ്പട്ടികയിൽ ഇവരെയും ചേർക്കണമെന്നും മൂസ ആവശ്യപ്പെട്ടു.
അതേസമയം അസ്മയെ വീട്ടിൽ വച്ച് പ്രസവിക്കുന്നതിന് മനപൂർവം നിർബന്ധിച്ചുവെന്നാണ് സിറാജ്ജുദ്ദിനെതിരായ കുറ്റം. പ്രസവത്തിൽ അസ്മ മരിച്ചതിനാൽ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാൽ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. യുവതിയുടെ മരണം അതി ദാരുണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാർന്നാണ് യുവതി മരിച്ചതെന്നാണ് കണ്ടെത്തൽ.
Discussion about this post