തിരുവനന്തപുരം; ടൂറിസം മേഖലയിൽ കേരളത്തിന്റെ വളർച്ച ലോക ശരാശരിയ്ക്ക് മുകളിലാണെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. ടൂറിസം രംഗത്ത് കേരളം മത്സരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളോടല്ല, ലോകരാജ്യങ്ങളുമായാണെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി വിനോദസഞ്ചാരികൾക്കായി ടൂറിസം വകുപ്പ് തയ്യാറാക്കിയ ഡിജിറ്റൽ ഇവൻറ് കലണ്ടർ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ കോവിഡിന് ശേഷം സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടായത്. ജനങ്ങൾക്ക് വേണ്ടിയാണ് ടൂറിസം നിലകൊള്ളുന്നത്, ജനങ്ങളാണ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാരെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ സഞ്ചാരികളുടെ എണ്ണത്തിലും മുൻ വർഷത്തെക്കാൾ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വിദേശ സഞ്ചാരികളുടെ വർദ്ധനവ് ലക്ഷ്യമിട്ട് പരമ്പരാഗത വിപണിക്ക് പുറമേ കൂടുതൽ രാജ്യങ്ങളിലേക്കും പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലുക്ക് ഈസ്റ്റ് പോളിസി നടപ്പിലാക്കുന്നുണ്ട്..
ചൈന മുതൽ ഓസ്‌ട്രേലിയ വരെ നീണ്ടുകിടക്കുന്ന രാജ്യങ്ങളിൽ മാർക്കറ്റിംഗ് ശക്തമാക്കും. ഇതിന്റെ ഭാഗമായി മലേഷ്യൻ എയർലൈൻസുമായി ചേർന്ന് വിവിധ രാജ്യങ്ങളിലെ ടൂർ ഓപ്പറേറ്റർമാരും സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസേഴ്‌സും എത്തുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
Discussion about this post