ന്യൂഡൽഹി: നാഷണൽ ഹെറാൽഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയ്ക്കും രാഹുൽ ഗാന്ധിയ്ക്കും കുരുക്ക് മുറുകുന്നു. ഇരുവരെയും യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചു. വ്യവസായിയും ഓവർസീസ് കോൺഗ്രസ് മേധാവിയുമായ സാം പിത്രോഡയുടെ പേരും കുറ്റപത്രത്തിലുണ്ട്.
കേസിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും രാഹുലും സോണിയയും 5000 കോടിയുടെ സ്വത്തുക്കൾ കൈക്കലാക്കിയെന്നും ഇ.ഡി. കുറ്റപത്രത്തിൽ പറയുന്നു. കള്ളപ്പണ ഇടപാട് സംബന്ധിച്ച സുപ്രധാന രേഖകളും ഇഡി കൈമാറിയിട്ടുണ്ടെന്നാണ് വിവരം.അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) എന്ന കമ്പനി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഗൂഡാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ ഇഡി ആരോപിക്കുന്നു. എജെഎലിന്റെ ആസ്തികൾക്ക് 5000 കോടി രൂപയുടെ വിപണി മൂല്യം ഉണ്ടാകുമെന്നും അത് കേവലം 50 ലക്ഷം രൂപ നൽകി ഏറ്റെടുക്കുകയായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു.
1938 ൽ ആണ് കോൺഗ്രസ് പാർട്ടിയുടെ മുഖപത്രമായി നെഹ്രു നാഷണൽ ഹെറാൾഡ് ആരംഭിച്ചത്. ഈ ഇംഗ്ലീഷ് ദിനപത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ സോണിയ,രാഹുൽ,സാം പിത്രോഡ തുടങ്ങിയവർ ഡയറക്ടർമാരായിട്ടുള്ള യങ് ഇന്ത്യ എന്ന കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. സോണിയയും രാഹുലുമുൾപ്പെടെയുള്ളവരുടെ ഉടമസ്ഥതയിലുള്ള യങ് ഇന്ത്യൻ ലിമിറ്റഡ് (വൈ.ഐ.എൽ) എന്ന കമ്പനിയാണ് എജിഎലിന്റെ ആസ്തികൾ സ്വന്തമാക്കിയത്. വൈ.ഐ.എലിന്റെ 70 ശതമാനം ഓഹരികളും രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും പേരിലാണ്.
Discussion about this post