അം: അ ഒരു ‘പ്യുവർ’ സിനിമയാണ്. നിർമ്മലവും, സ്വച്ഛവും, തെളിമയുമാർന്നതുമായ ഒരു ചലച്ചിത്രാനുഭവം.
ഒരു കാലത്ത് മലയാള സിനിമയ്ക്ക് സ്വന്തമായിരുന്ന എന്നാൽ കൈമോശം വന്ന, അല്ല കൈവിട്ടു കളഞ്ഞ ആർദ്രമായ മനോതലങ്ങളെ ഉണർത്തുന്ന മുഹൂർത്തങ്ങളെ തിരികെ കൊണ്ടുവരാൻ നടത്തിയ തികച്ചും ആത്മാർത്ഥവും, സത്യസന്ധവുമായ ഒരു പരിശ്രമം. മികച്ച രീതിയിൽ എഴുതപ്പെട്ട ഒരു സ്ക്രിപ്റ്റാണ് അതിന്റെ ആത്മാവ്. അതിന് കൊടുത്ത ടൈറ്റിൽ പോലെ, അല്പം ദുരൂഹതയുടെ മേമ്പൊടിയോടെ രചിക്കപ്പെട്ടതാണ് തിരക്കഥയെങ്കിലും, അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളോട് പരമാവധി കൂറ് പുലർത്തിക്കൊണ്ട് തന്നെയാണ് മുന്നോട്ട് കൊണ്ടുപോവുന്നത്.
സ്റ്റീഫൻ (ദിലീഷ് പോത്തൻ) ഇടുക്കി ജില്ലയിലെ വിദൂരമായ ഒരു മലമ്പ്രദേശത്ത് ഒരു റോഡ് നിർമ്മാണത്തിന്റെ സൂപ്പർവൈസറായി എത്തുന്നിടത്താണ് കഥ തുടങ്ങുന്നത്. അമ്മിണിയമ്മയും (ദേവദർശിനി) അവരുടെ ചെറുമകൾ കുഞ്ഞിയുമടക്കം ഒരു പിടി ഗ്രാമവാസികൾ താമസിക്കുന്ന മനോഹരമായ ഗ്രാമമാണത്. സ്റ്റീഫൻ തന്റെ ജോലിയുടെ ഭാഗമായി പുതിയ പ്രദേശത്തെത്തുമ്പോൾ മെമ്പർ (ജാഫർ ഇടുക്കി) അടക്കമുള്ള ഗ്രാമീണരുമായി അടുപ്പം പുലർത്തുന്നു. എന്നാൽ പലപ്പോഴും സ്റ്റീഫൻ അവരോട് അമ്മിണിയമ്മയെയും അവരുടെ പേരമകളായ സംസാരശേഷിക്ക് പരിമിതിയുള്ള കുഞ്ഞിയെയും പറ്റി ജിജ്ഞാസ പ്രകടിപ്പിക്കുന്നു.
ദുഷ്‌കരമായ വനപാതകൾ വെട്ടിത്തെളിച്ച് സ്റ്റീഫൻ മുന്നോട്ട് നീങ്ങുമ്പോൾ, താൻ ഇടപഴകുന്നവർ പറയുന്നതിലെ പൊരുത്തക്കേടുകളും, ദുരൂഹതകളും ഒക്കെ അയാളെ അസ്വസ്ഥനാക്കുന്നുണ്ട്. ചില സംഭവങ്ങളും അവ സംഭവിച്ചതായി പറയപ്പെടുന്ന കാലഘട്ടങ്ങളും തമ്മിലുള്ള ചേർച്ചക്കുറവ് അയാളുടെ ശ്രദ്ധയിൽ പെടുന്നു. ഒരു സ്ലോ ബർണർ ത്രില്ലറിന്റെ സ്വഭാവത്തോടെ വികസിക്കുന്ന ആദ്യ പകുതി അവസാനിക്കുന്നത് ശക്തമായ ഒരു ഇന്റർവെൽ ബ്ലോക്കിലാണ്. രണ്ടാം പകുതി പുരോഗമിക്കുന്നത് അമ്മിണിഅമ്മയുടെ ഭൂതകാലത്തിലൂടെ പ്രേക്ഷകരെ നയിക്കുന്ന നരേഷനിലൂടെയാണ്. പക്ഷെ ഒടുവിൽ ചെന്നെത്തുന്ന ക്ളൈമാക്സ് ഒരു പക്ഷെ പലർക്കും പ്രവചനീയമായി തോന്നുന്ന ഒന്നാണ്.
മികച്ച ചില പെർഫോമൻസുകൾക്ക് കളമൊരുക്കിയ സിനിമയാണ് ആം: അ. പ്രത്യേകിച്ച് ദിലീഷ് പോത്തനും, ദേവദർശിനിയും. എന്നാൽ ഇവരേക്കാളേറെ എന്റെ ശ്രദ്ധ ആകർഷിച്ചത്, ശ്രുതി ജയൻ എന്ന നടിയുടെ പെർഫോമൻസാണ്. ഒരു പാട് നല്ല റോളുകൾക്ക് ജീവൻ നൽകാൻ പാകപ്പെട്ട ഒരു അഭിനേത്രിയുടെ സാന്നിധ്യം അവരുടെ പ്രകടനം അടയാളപ്പെടുത്തുന്നുണ്ട്. മലയാള സിനിമ ഇത്തരത്തിലുള്ള മികച്ച പ്രതിഭകളെ എന്തുകൊണ്ട് പ്രയോജനപ്പെടുത്തുന്നില്ല എന്നത് ഒരു ചോദ്യമായി അവശേഷിക്കുകയാണ്. ജാഫർ ഇടുക്കിയും തന്റെ റോൾ മികച്ച രീതിയിലാക്കിയിട്ടുണ്ട്. അലൻസിയറും ടി ജി രവിയും മീര വാസുദേവും അടക്കം പരിചിതരായ ഒരുകൂട്ടം അഭിനേതാക്കൾ ചെറിയ വേഷങ്ങളിൽ വന്നു പോവുന്നുണ്ട്. ഒരു കാര്യം അടിവരയിട്ടു പറയണം, സ്വയം പ്രഖ്യാപിത ഫെമിനിസ്റ്റുകൾ ഒക്കെ ഒരിക്കലും ചെയ്യാത്ത രീതിയിൽ സ്ത്രീ കഥാപാത്രങ്ങൾക്കും അഭിനേത്രികൾക്കും അർഹമായ ഭാഗധേയം ഈ സിനിമ നൽകിയിട്ടുണ്ട്. അതിന് പ്രത്യേക അഭിനന്ദനം തോമസ് സെബാസ്ട്യനും കവിപ്രസാദും അർഹിക്കുന്നുണ്ട്.
ഗൂഢാലോചനയും, മായാബസാറുമൊക്കെ ഒരുക്കിയ തോമസ് സെബാസ്ററ്യനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു സിനിമയായി തോന്നി അം: അ. അതിമനോഹരമായി ഒരുക്കിയ ദൃശ്യങ്ങൾ, പലവട്ടം പകർന്ന് തന്നിട്ടും ഇനിയും നമ്മളെ മോഹിപ്പിക്കുവാൻ ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഏറെ ബാക്കി വെച്ചിട്ടുണ്ട് എന്ന് അടിവര ഇട്ടു പറയുകയാണ്. സിനിമ നെയ്‌തെടുക്കുന്ന ദൃശ്യാനുഭവങ്ങളെ കൂടുതൽ ഹൃദ്യമാക്കുവാൻ, കുളിർമ്മയാർന്ന ആ പശ്ചാത്തലം നല്ലൊരു പങ്ക് വഹിക്കുന്നുണ്ട്. ഒരു പക്ഷെ തീയറ്റർ മിസ് ചെയ്തുവെന്ന് പലപ്പോഴും ഓർമ്മിപ്പിക്കുന്നവയാണ് ആ ദൃശ്യങ്ങൾ. അതെ സമയം ഗോപി സുന്ദറിന്റെ തിരിച്ചുവരവ് എന്ന് തന്നെ പറയാവുന്ന സംഗീതവും അതിന്റെ മാറ്റ് കൂട്ടുന്നുണ്ട്. ആ ദൃശ്യാ ശ്രവ്യ അനുഭവങ്ങളോട് മറ്റു ടെക്ക്നിക്കൽ ഘടകങ്ങളും ചേർന്ന് പോവുമ്പോൾ ഉന്നതമായ സാങ്കേതിക നിലവാരം പുലർത്തുന്ന ഒരു സിനിമ തന്നെയായി മാറുന്നു. അവസാനിക്കുമ്പോൾ കടന്ന് പോയ ഒരു കാലഘട്ടത്തിന്റെ സ്മരണകളെ ഉണർത്തി വല്ലാത്തൊരു നഷ്ടബോധം പ്രേക്ഷകർക്ക് പകരുകയാണ്.
എന്താണ് നല്ല സിനിമ?
കുഴക്കുന്ന ഒരു ചോദ്യമാണ്.. ഒരിക്കലും കൃത്യമായ ഒരു ഉത്തരം നൽകാൻ കഴിയാത്ത ഒരു ചോദ്യം. എന്നാൽ പഞ്ചേന്ദ്രിയങ്ങളെ രസിപ്പിക്കുന്നതിനുമപ്പുറം എന്തെങ്കിലുമൊക്കെ മനസ്സിനും തന്നു പോവാൻ കഴിയുന്ന സിനിമകളെ നല്ല സിനിമയായി കാണാം എന്ന് തോന്നുന്നവർക്ക് ആ ഒരു ശ്രേണിയിലേക്ക് ചേർത്തു വെയ്ക്കാവുന്ന ഒരു സിനിമ തന്നെയാണ് അം: അ.
ആമസോൺ പ്രൈമിലും, സൺ നെക്സ്റ്റിലും സ്ട്രീം ചെയ്യുന്നുണ്ട്.
Discussion about this post