കൊല്ലം: തുഷാര കൊലക്കേസിൽ വിധി പറഞ്ഞ് കോടതി. ഭർത്താവ് ചന്തുലാലിനും മാതാവിനും ജീവപര്യന്തം തടവ് ശിക്ഷയാണ് കൊല്ലം അഡീഷണൽ ജില്ലാ കോടതി വിധിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ 28കാരിയായ തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി എന്നാണ് കേസ്.
2019 മാർച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാര മരണപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞത്. പോസ്റ്റ് മോർട്ടത്തിൽ ക്രൂര കൊലപാതകം ചുരുളഴിഞ്ഞു. ആമാശയത്തിൽ ഭക്ഷണത്തിന്റ അംശം പോലുമില്ല. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിന്റെ ഭാരം വെറും 21 കിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭർത്താവും മാതാവും ചേർന്ന് യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. ശാസ്ത്രീയതെളിവുകൾക്കപ്പുറം കേസിൽ നിർണ്ണായകമായത് തുഷാരയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെ മൊഴിയായിരുന്നു.
2013ലായിരുന്നു തുഷാരയുടെയും ചന്തു ലാലിന്റെയും വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ മൂന്നാം മാസം മുതൽ തുഷാരയെയും കുടുംബത്തെയും ഭർത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു.പഞ്ചസാര വെളളവും കുതിർത്ത അരിയും മാത്രമാണ് തുഷാരക്ക് നൽകിയിരുന്നത്.
തുഷാരയ്ക്ക് 2 പെൺകുട്ടികൾ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാൻ അനുവദിച്ചിരുന്നില്ല. അമ്മ കുഞ്ഞുങ്ങളെ ലാളിക്കുന്നത് ഭർത്താവും ഭർതൃമാതാവും വിലക്കി. കുട്ടിയെ നഴ്‌സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് തുഷാര കിടപ്പ് രോഗിയാണെന്ന് പ്രതികൾ തെറ്റിദ്ധരിപ്പിച്ചിരുന്നു.
Discussion about this post