ഇസ്ലാമാബാദ് : ഇന്ത്യ പാകിസ്താൻ നഗരങ്ങളിലേക്ക് തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയെന്ന് പാകിസ്താൻ സൈനിക വക്താവ്. 9 പാകിസ്താൻ നഗരങ്ങളിലേക്ക് 12 ഡ്രോണുകൾ വെച്ച് ആക്രമണം നടത്തിയെന്നും എല്ലാ ഡ്രോണുകളേയും പാകിസ്താൻ വെടിവെച്ചിട്ടതായും പാക് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ അഹമ്മദ് ഷരീഫ് ചൗധരി അവകാശപ്പെട്ടു. ആക്രമണത്തിൽ ഒരാൾ മരിക്കുകയും നാല് സൈനിക ഉദ്യോഗസ്ഥർക്ക് പരിക്കുപറ്റിയെന്നും ചൗധരി വ്യക്തമാക്കി.
ലാഹോർ, ഗുജ്രൻ വാല, ചാക്‌വാൾ, റാവൽപിണ്ടി, അട്ടോക്ക്, ബഹാവൽപൂർ, മിയാൻവാലി, കറാച്ചി തുടങ്ങിയ നഗരങ്ങളിലാണ് ആക്രമണം നടന്നത്. പാകിസ്താന്റെ വ്യോമ പ്രതിരോധ സംവിധാനം എല്ലാ ഡ്രോണുകളേയും വെടിവെച്ചിട്ടുവെന്നും ചൗധരി അവകാശപ്പെട്ടു. ലാഹോറിലെ വാൾട്ടൺ റോഡ് സൈനിക കേന്ദ്രത്തിൽ നാല് സൈനിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മിയാൻവാലിയിലും നിരവധി പേക്ക് പരിക്കേറ്റിട്ടുണ്ട്.
പാകിസ്താൻ സമാധാനം പാലിക്കാൻ പരമാവധി ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹം ഇതിൽ പ്രതികരിക്കണമെന്നും ചൗധരി ആവശ്യപ്പെട്ടു. എന്ത് ആക്രമണമുണ്ടായാലും പാകിസ്താൻ പൂർണ സജ്ജമാണ്. ഇന്ത്യ അയക്കുന്നത് സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ചാര ഡ്രോണുകളാണെന്നും ചൗധരി പറഞ്ഞു. എല്ലാം വെടിവെച്ചിട്ടെന്ന് അവകാശപ്പെടുമ്പോഴും നഗരങ്ങളിൽ സ്ഫോടനങ്ങൾ നടന്നതെന്തെന്ന ചോദ്യത്തിന് ചൗധരി മറുപടി പറഞ്ഞില്ല.
പലതും സൈനിക കേന്ദ്രങ്ങൾക്ക് അടുത്തുവരെ എത്തിയെന്നും നഗരങ്ങളിലും ജനങ്ങൾ പരിഭ്രമിച്ച് വീടുകളിൽ നിന്ന് ഇറങ്ങിയോടുകയാണെന്നും പാകിസ്താൻ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post