തനിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തുന്ന കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്ക് ചുട്ടമറുപടിയുമായി ശങ്കു ടി ദാസ്. താൻ മദ്യപാന ശീലം” ഉള്ള ആളല്ലെന്നും അപകടം ഉണ്ടായത് മദ്യപിച്ചു വാഹനം ഓടിച്ചിട്ടുമല്ലെന്നും അദ്ദേഹം പറയുന്നു. ബോധപൂർവം തന്നെ അപകീർത്തിപ്പെടുത്താനും പൊതു സമൂഹത്തിൽ തനിക്കുള്ള സൽപ്പേരിനും യശസ്സിനും കളങ്കം വരുത്താനും സംഘടനയിൽ തനിക്ക് വന്നു ചേർന്നേക്കാവുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താനും രാഷ്ട്രീയത്തിൽ തനിക്കുണ്ടായേക്കാവുന്ന ഭാവിയേ അട്ടിമറിക്കാനുമായി സന്ദീപ് വാര്യർ യാതൊരു അടിസ്ഥാനവുമില്ലാതെ ഉന്നയിച്ചിട്ടുള്ള വ്യാജ ആരോപണം മാത്രമാണതെന്ന് ശങ്കു ടി ദാസ് പറയുന്നു,
മദ്യപിച്ചു ലക്ക് കെട്ട് വാഹനാപകടത്തിൽ പെട്ടപ്പോൾ ഓടിച്ചെന്ന് കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട്. എന്താണ് സംഭവിച്ചത് എന്ന് പുറത്തു പറയാതെ വളർന്നുവരുന്ന ചെറുപ്പക്കാരൻ അല്ലേ എന്ന പരിഗണന നൽകിയിട്ടുണ്ട്. കടുത്ത മദ്യപാന ശീലത്തിന് ഇരയായിരുന്ന ആൾക്ക് അത് തിരുത്താനുള്ള ഒരവസരം ആയിരിക്കട്ടെ എന്ന് കരുതിയെന്നായിരുന്നു സന്ദീപ് വാര്യർ പേരെടുത്ത് പറയാതെ വിമർശിച്ചത്. ആർ. ഹരിയെ എളമക്കരയിലെ കടൽക്കിഴവൻ എന്ന് വിളിക്കുക, ബിഷപ്പ് യോഹന്നാന്റെ ഏജൻറ് എന്ന് വിളിക്കുക, ഗൗഡ സാരസ്വത ബ്രാഹ്മണൻ എന്ന് വിളിക്കുക, ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവളം ആക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ശബരിമല 365 ദിവസവും തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആർ.എസ്.എസ് നിലപാട് എടുക്കുന്നത് എന്നുപറയുക, യോഹന്നാൻ പക്ഷം എന്ന് ആക്ഷേപിക്കുക. ഇങ്ങനെയൊക്കെ ചെയ്ത ശേഷം ക്ഷമ പറയുക പോലും ചെയ്യാത്ത വ്യക്തിയോട് വിശാലഹൃദയരായ ആശാന്മാർ ക്ഷമിച്ചെങ്കിൽ എനിക്കൊന്നും പറയാനില്ലെന്നും സന്ദീപ് വാര്യർ കുറ്റപ്പെടുത്തിയിരുന്നു.
ശങ്കു ടി ദാസിൻ്റെ കുറിപ്പിൻ്റെ പൂർണ രൂപം
വ്യക്തിപരമായി ആരെയും ആക്ഷേപിക്കുന്ന പതിവില്ല.
വ്യക്തിപരമായ അധിക്ഷേപങ്ങളെ ഗൗരവത്തിലെടുക്കുന്ന ശീലവുമില്ല.
“ചെറിയ മനസ്സുകൾ വ്യക്തികളെ പറ്റി സംസാരിക്കുന്നു,
ഇടത്തരം മനസ്സുകൾ സംഭവങ്ങളെ പറ്റി ചർച്ച ചെയ്യുന്നു,
വലിയ മനസ്സുകൾ ആശയങ്ങളെ പറ്റി സംവദിക്കുന്നു” എന്ന വാക്യം വളരെ പണ്ടേ ഉള്ളിൽ പതിഞ്ഞു പോയത് കൊണ്ടാവാം സംവാദങ്ങളിലാവട്ടെ സംഭാഷണങ്ങളിലാവട്ടെ വ്യക്തിപരത പരമാവധി കുറയ്ക്കാനും ആശയങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുക്കാനും ബോധപൂർവം തന്നെ ശ്രമിച്ചു വരാറുണ്ട്.
ഒരു പതിറ്റാണ്ടിലേറെ ദൈർഘ്യമുള്ള സോഷ്യൽ മീഡിയ ജീവിതത്തിനിടയിൽ പല ഘട്ടങ്ങളിലായി പല തരക്കാരിൽ നിന്നും പല നിലകളിലുള്ള ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അവയ്ക്കൊന്നിനും ഒരിക്കൽ പോലും വ്യക്തിപരമായി മറുപടി പറയാൻ നിന്നിട്ടില്ല.
ഞാനെന്താണെന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് വിചാരിച്ചിട്ടില്ല.
തെറ്റിദ്ധരിക്കപ്പെട്ടു പോയേക്കാവുന്ന സന്ദർഭങ്ങളെ ഒട്ടും ഭയന്നിട്ടുമില്ല.
ഞാനീ സ്പേസ് ഉപയോഗിച്ച് തുടങ്ങിയത് ശങ്കു ടി. ദാസ് എന്നൊരു മഹാനായ വ്യക്തിയെ പൊതുസമൂഹത്തിന് മുന്നിൽ സ്ഥാപിക്കാൻ വേണ്ടിയായിരുന്നില്ല എന്നതാണതിന്റെ ലളിതമായ കാരണം.
എനിക്ക് പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള ആശയങ്ങളും പൊതുവിഷയങ്ങളിലുള്ള എന്റെ ചില അഭിപ്രായങ്ങളും പങ്കുവെയ്ക്കാനുള്ള ഇടമായി മാത്രമാണ് ആദ്യം മുതലേ ഞാൻ സോഷ്യൽ മീഡിയയേ കണ്ടിട്ടുള്ളത്.
ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യപ്പെടണം എന്നല്ലാതെ അതുന്നയിക്കുന്ന വ്യക്തി സർവ്വാത്മനാ സ്വീകരിക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടേയില്ല.
തീർത്തും അപ്രസക്തനായ അയാൾ സ്നേഹിക്കപ്പെടുന്നതോ വെറുക്കപ്പെടുന്നതോ അഭിനന്ദനങ്ങൾക്ക് അർഹനാവുന്നതോ അധിക്ഷേപങ്ങൾക്ക് പാത്രമാവുന്നതോ എന്റെ പ്രശ്നവുമായിട്ടില്ല.
ഇദം ന മമ എന്നതായിരുന്നെന്റെ സങ്കൽപം.
അതിനെ ഒരു മന്ത്രം എന്നതിലുപരി ഒരു ആദർശം ആയി കൂടിയാണ് ഉൾക്കൊണ്ടിട്ടുള്ളത്.
ഇനിയതൊക്കെ മാറ്റി വെച്ചാൽ പോലും ആരാലും വിമർശിക്കപ്പെടാൻ പാടാത്ത എല്ലാം തികഞ്ഞ മനുഷ്യനാണ് ഞാനെന്നുള്ള മൗഢ്യവും എനിക്കൊട്ടുമില്ല.
എന്നെ പറ്റി ഒരാൾ മോശമായി വല്ലതും പറഞ്ഞു എന്നത് മഹാപരാധമായി എടുത്ത്, ഇനി അതിനൊരു ചുട്ട മറുപടി കൊടുത്തിട്ട് മതി ബാക്കിയൊക്കെ എന്ന് തീരുമാനിച്ച്, മറ്റെല്ലാം മാറ്റി വെച്ച് അയാളെ പാഠം പഠിപ്പിക്കാൻ സർവ്വായുധങ്ങളുമെടുത്തു ശത്രു സംഹാരത്തിനിറങ്ങുന്ന ശൈലിയേ എനിക്കില്ല.
അങ്ങനെയൊരു വിശേഷവും കൽപ്പിക്കാനില്ലാത്ത, വിമർശനാർഹമായ ധാരാളം കുറവുകളുള്ള, ഭൂമിയിലെ അനേക കോടി മനുഷ്യരിൽ ഒരാൾ മാത്രമാണ് ഞാനെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.
പ്രതികരിക്കേണ്ട ധാരാളം പൊതു വിഷയങ്ങൾ കൺമുന്നിലുള്ളപ്പോൾ അതിനെയൊക്കെ പിന്നിലാക്കി അവനവന് നേരെയുണ്ടായ വ്യക്തിപരമായ ഒരു അധിക്ഷേപം ആദ്യം പരിഹാരം കാണേണ്ട പ്രശ്‌നമാവുന്നതിലെ പ്രയോറടൈസിങ്ങിന്റെ യുക്തി എനിക്ക് പലപ്പോഴും മനസ്സിലാവാത്തതാണ്.
അതെല്ലാം കൊണ്ട് തന്നെ, ഇന്നലെ ശ്രീ. സന്ദീപ് വാര്യർ എനിക്കെതിരെ നടത്തിയ വ്യക്തിഹത്യാപരമായ ഫേസ്ബുക് പോസ്റ്റിനെ സാധാരണ ഗതിയിൽ ആണെങ്കിൽ അവഗണിച്ചു കളയേണ്ടതായിരുന്നു.
എന്നാൽ ആ പോസ്റ്റിൽ എനിക്ക് സംഭവിച്ച ആക്സിഡന്റിനെ സംബന്ധിച്ചുള്ള “മദ്യപിച്ചു ലക്ക് കെട്ട് വാഹനാപകടത്തിൽ പെട്ടപ്പോൾ” എന്ന അത്യന്തം ഹീനമായ പരാമർശം ഒന്ന് കൊണ്ട് മാത്രം അതിനെ അങ്ങനെ വിട്ടു കളയാൻ കഴിയാതെ വന്നിരിക്കുകയാണ്.
കാരണം ആ ഒരൊറ്റ വരിയിൽ ആ ഫേസ്ബുക് പോസ്റ്റ് എനിക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണം എന്നതിനെ അതിലംഘിച്ച് ആ അപകടത്തെ പറ്റി അറിഞ്ഞത് മുതൽ വല്ലാതെ വേദനിച്ച, എത്രയും വേഗത്തിൽ അതിനെ അതിജീവിച്ചു ഞാൻ മടങ്ങി വരണം എന്ന് പ്രാർത്ഥിച്ച, അതിനായി ജപവും വ്രതവും പൂജകളും വഴിപാടുകളും ഒക്കെ നടത്തിയ ആയിരകണക്കിന് മനുഷ്യരുടെ വിശ്വാസത്തിന് നേരെ കൂടിയുള്ള നിന്ദ്യമായ ആക്രമണമായി മാറിയിരിക്കുന്നു.
എന്നെ പറ്റി പറഞ്ഞത് വിട്ട് കളഞ്ഞാലും എന്നിൽ വിശ്വാസമർപ്പിച്ച അത്രെയേറെ മനുഷ്യരെ മുറിപ്പെടുത്താൻ നടത്തിയ ശ്രമത്തെ മറന്നു കളയാൻ സാധ്യമല്ല.
മൂന്ന് ദിവസം മുൻപ് നടന്ന മാതൃഭൂമി ന്യൂസ് ചർച്ചയാണ് യഥാർത്ഥത്തിൽ സന്ദീപ് വാര്യരുടെ പ്രകോപനത്തിന് കാരണം.
ചർച്ചയിൽ ബിജെപി പ്രതിനിധിയായി പങ്കെടുത്ത ഞാൻ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചു വന്ന സന്ദീപിനെ ആദർശമില്ലായ്മയുടെ പേരിൽ രൂക്ഷമായി വിമർശിച്ചിരുന്നു.
ഏഴ് വർഷം മുൻപ് നടന്ന ശബരിമല പ്രക്ഷോഭത്തിന്റെ സമയത്ത് സംഘപരിവാറിനുള്ളിലെ തന്നെ ആചാര സംരക്ഷണത്തിന് അനുകൂലവും പ്രതികൂലവുമായിരുന്ന രണ്ട് ചേരികൾ തമ്മിൽ നടന്ന വാദപ്രതിവാദങ്ങളെ പരാമർശിച്ച് എന്നെ വിമർശിക്കാൻ ശ്രമിച്ച സന്ദീപിന് അന്ന് നടന്ന സംഭവങ്ങളുടെ യാഥാർഥ്യം വിശദീകരിച്ചും, അന്ന് സന്ദീപ് സ്വീകരിച്ചിരുന്ന സമീപനവും ഇപ്പോൾ പുലർത്തുന്ന നയവും തമ്മിലുള്ള വൈരുദ്ധ്യത്തെ ഓർമിപ്പിച്ചും, ആശയത്തിന്റെ പേരിൽ ഒരു സംഘടനയ്ക്ക് ഉള്ളിൽ നടന്ന ആഭ്യന്തര കലഹവും സ്ഥാനമാനങ്ങളുടെ പേരിൽ സംഘടനയെ തന്നെ തള്ളി പറഞ്ഞുള്ള കൂറ് മാറ്റവും തമ്മിൽ താരതമ്യം ചെയ്യാനാവില്ലെന്ന് വ്യക്തമാക്കിയും ഞാൻ മറുപടി കൊടുത്തപ്പോൾ ഒന്നും പറയാനില്ലാതെ തല താഴ്ത്തി ഇരിക്കുകയായിരുന്നു ചർച്ചയിൽ അദ്ദേഹം.
ഈ ചർച്ചയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ധാരാളം വ്യക്തികളും പേജുകളും അത് ഷെയർ ചെയ്തു സന്ദീപിനെ അടുത്ത ദിവസങ്ങളിൽ കണക്കിന് പരിഹസിക്കുകയും ചെയ്തിരുന്നു.
ചർച്ചയിൽ ഉണ്ടായ തർക്കം ചർച്ചയിൽ കഴിഞ്ഞപ്പോൾ തീർന്നു, പിന്നീട് അതിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച് വിജയാഹ്ലാദം കാണിക്കുന്നതും എതിർപക്ഷത്തെ ആക്ഷേപിക്കാൻ ആളുകൾക്ക് അവസരം കൊടുക്കുന്നതും ശരിയല്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ ആ വീഡിയോ ഷെയർ ചെയ്യാൻ നിന്നില്ല.
എന്നാൽ നിരവധി സംഘപരിവാർ അനുകൂല പേജുകളിലും പ്രൊഫൈലുകളിലും ട്രോൾ പേജുകളിൽ പോലും ആ വീഡിയോ ശകലങ്ങൾ പ്രചരിക്കുകയും സന്ദീപിന് സാരമായ ക്ഷീണം സംഭവിക്കുകയും ചെയ്തു.
അതിന്റെ പ്രതികാരം തീർക്കാനും എന്നെ വ്യക്തിപരമായി താഴ്ത്തി കെട്ടി തന്റെ ദുരഭിമാനത്തിന് ഏറ്റ ക്ഷതത്തിന് അല്പം ശമനം കണ്ടെത്താനുമാണ് ചർച്ചയിൽ പറയാൻ പറ്റാതെ പോയ കാര്യങ്ങളുടെ തുടർച്ച എന്ന പോലെ അസത്യങ്ങളും അസംബന്ധങ്ങളും വാരി നിറച്ച് സന്ദീപ് വാര്യർ ഇന്നലെ എനിക്കെതിരായ ഫേസ്ബുക് പോസ്റ്റ് ഇടുന്നത്.
സന്ദീപിന്റെ ഫേസ്ബുക് പോസ്റ്റിലെ ആദ്യ ഭാഗം തന്നെ അടിസ്ഥാന രഹിതമാണ് എന്നതും സാന്ദർഭികമായി സൂചിപ്പിക്കട്ടെ.
സംഘത്തിന്റെ മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആയിരുന്ന മാന്യ രംഗ ഹരി എന്ന ആർ. ഹരിയേട്ടനെ “എളമക്കരയിലെ കടൽക്കിഴവൻ” എന്നോ “ബിഷപ്പ് യോഹന്നാന്റെ ഏജന്റ്” എന്നോ ഞാൻ ഒരിക്കലും ആക്ഷേപിച്ചിട്ടില്ല.
സംഘത്തിനുള്ളിൽ ഒരു “യോഹന്നാൻ പക്ഷം” ഉണ്ടെന്ന് ഞാനെവിടെയും ആരോപിച്ചിട്ടുമില്ല.
സോഷ്യൽ മീഡിയയിൽ അക്കാലത്ത് മറ്റാരൊക്കെയോ നടത്തിയ പ്രയോഗങ്ങളും പരാമർശങ്ങളും എന്റെ തലയിൽ കെട്ടി വെയ്ക്കാൻ ശ്രമിക്കുകയാണ് സന്ദീപ് വാര്യർ.
രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിക്കുമ്പോഴും മിതത്വമില്ലാത്ത ഭാഷയോ മാന്യമല്ലാത്ത പ്രയോഗങ്ങളോ ആർക്കെതിരെയും ഞാൻ ഉപയോഗിക്കാറില്ല എന്നത് എന്നെ വായിക്കുന്ന സകലർക്കും അറിവുള്ള സംഗതിയാണ്.
സത്യത്തിൽ വിമർശനങ്ങൾ ഉള്ളപ്പോൾ ശക്തമായി അതുന്നയിക്കുകയും അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളപ്പോൾ ഒളിച്ചു വെയ്ക്കാതെ അവ പ്രകടിപ്പിക്കുകയും ആദർശത്തിൽ മാത്രം ഊന്നിയ നിലപാടുകൾ എല്ലാ ഘട്ടത്തിലും ഉയർത്തി പിടിക്കുകയും ചെയ്ത ശേഷവും സംഘത്തിലും സമാജത്തിലും എനിക്ക് ലഭിച്ചിട്ടുള്ള സ്വീകാര്യതയിൽ അസ്വസ്ഥനായി വസ്തുതകൾ വളച്ചൊടിച്ചുള്ള അസത്യ പ്രചാരണത്തിലൂടെ സംഘ കുടുംബത്തെ എനിക്കെതിരെ തിരിച്ചു വിടാനാണ് സന്ദീപ് വാര്യർ പരിശ്രമിക്കുന്നത്.
രണ്ടാമതായി, ശബരിമല പ്രക്ഷോഭകാലത്ത് ഞാൻ സംഘത്തിനുള്ളിൽ ഉണ്ടായിരുന്നില്ലെന്നും, 2021ൽ നിയമസഭാ സീറ്റ് കിട്ടിയപ്പോൾ മാത്രമാണ് ഞാൻ പരിവാറിന് ഉള്ളിലേക്ക് വന്നതെന്നും, അത് വരെ സംഘടനയ്ക്ക് പുറത്തായിരുന്നെന്നും സന്ദീപ് ആരോപിക്കുന്നതും തീർത്തും അസംബന്ധമാണ്.
തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളേജിൽ എൽ.എൽ.ബിയ്ക്ക് പഠിക്കുന്ന കാലം മുതൽ ഞാൻ സംഘത്തിനുള്ളിലും സംഘം എന്റെ ഉള്ളിലുമുണ്ട്.
പി. പരമേശ്വരൻ എന്ന പരമേശ്വർജിയെ ആദ്യമായി കണ്ട നാൾ മുതൽക്കും അദ്ദേഹത്തോടൊപ്പം ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആസ്ഥാനമായ സംസ്കൃതി ഭവനിൽ താമസിച്ചു തുടങ്ങിയ കാലം മുതൽക്കും ആരംഭിക്കുന്നതാണ് എന്റെ സംഘ ബന്ധം.
2009 മുതൽ 2012 വരെയുള്ള മൂന്ന് കൊല്ലം ഞാൻ സംസ്കൃതി ഭവനിൽ പരമേശ്വർജിയോടൊപ്പം ഉണ്ടായിരുന്നു.
അക്കാലത്ത് തന്നെ വിചാര കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ ഞാൻ സജീവമായി പങ്കെടുക്കുന്നുമുണ്ട്.
യുവാക്കൾക്കിടയിൽ വിവേകാനന്ദ സ്വാമികളുടെ ദർശങ്ങനൾ പ്രചരിപ്പിക്കാൻ പരമേശ്വർജി തന്നെ മുൻകൈയ്യെടുത്തു തിരുവനന്തപുരം കേന്ദ്രമായി വിവേകാനന്ദ പഠന വേദി എന്നൊരു സംഘടനയ്ക്ക് രൂപം കൊടുത്തപ്പോൾ അതിന്റെ ആദ്യ ജില്ലാ കൺവീനർ ആയത് ഞാനാണ്.
2012ൽ തുടർ പഠനത്തിനായി ഡൽഹിയിൽ എത്തിയ സമയം മുതൽ ജണ്ടേവാലയിലെ സംഘ കാര്യാലയുമായി ബന്ധപ്പെട്ട് ഞാൻ പ്രവർത്തിച്ചിരുന്നു.
2013-14 കാലത്ത് വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെയും സങ്കൽപ്പിന്റെയും പ്രവർത്തനങ്ങളിൽ ഞാൻ പങ്കാളി ആയിരുന്നു.
2014ൽ നാട്ടിൽ മടങ്ങിയെത്തി വക്കീൽ ആയി എൻറോൾ ചെയ്ത ദിവസം മുതൽ ഞാൻ അഭിഭാഷക പരിഷത്തിന്റെ ഭാഗമായിരുന്നു.
2017 മുതൽ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള ചെറുവായ്ക്കര ദയാനന്ദ വിദ്യാമന്ദിറിന്റെ അധ്യക്ഷൻ എന്ന നിലയിൽ ഭാരതീയ വിദ്യാ നികേതന്റെ പ്രവർത്തനങ്ങളിൽ ഞാൻ സജീവമായിരുന്നു.
2018ൽ ബിജെപി ലീഗൽ സെല്ലിന്റെ മലപ്പുറം ജില്ലാ കൺവീനറായി ഞാൻ പ്രവർത്തിച്ചിരുന്നു.
അതെ വർഷം രൂപീകരിച്ച ശബരിമല കർമ്മ സമിതിയുടെ പ്രവർത്തനത്തിലും ഞാൻ ഭാഗമായിരുന്നു.
2015 മുതൽ 2020 വരെയുള്ള കാലം എടുത്താൽ അന്ന് പൊന്നാനി പ്രദേശത്തെ സംഘത്തിന്റെ ഏത് പരിപാടിയിലും സ്ഥിരം അധ്യക്ഷ സ്ഥാനത്ത് ഞാനുണ്ടായിരുന്നു.
ഇക്കാലങ്ങളിൽ ജന്മഭൂമിയും കേസരിയും എന്റെ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
അല്ലാതെ 2021ൽ തൃത്താല മണ്ഡലത്തിലെ സ്ഥാനാർഥി ആയി പ്രഖ്യാപിച്ചതോടെ സംഘത്തിനുള്ളിൽ കടന്നു കൂടിയ ആളല്ല ഞാൻ.
സംഘമെന്നാൽ ഒരു തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടുമ്പോൾ ആരംഭിക്കുന്നതും ഒരു തിരഞ്ഞെടുപ്പ് കൺവെൻഷനിൽ കസേര കിട്ടാതാവുന്നതോടെ അവസാനിക്കുന്നതുമായ ബന്ധവുമല്ല എനിക്ക്.
പി. പരമേശ്വരൻ എന്ന മനുഷ്യൻ ഉള്ളിൽ കൊളുത്തി വെച്ച കാറ്റിലുലയാത്ത ആദർശ ദീപമാണ് എനിക്കത്.
സന്ദീപ് വാര്യർക്കത് മനസ്സിലാവുക പ്രയാസമാവും.
ഇനി പ്രധാന കാര്യത്തിലേക്ക് വരാം.
“മദ്യപിച്ചു ലക്ക് കെട്ടുണ്ടായ വാഹനാപകടം” എന്ന ആരോപണത്തിലേക്ക്.
2022 ജൂൺ 23ന് രാത്രി പത്ത് മണിയോടെ തിരൂരിലെ വക്കീൽ ഓഫീസിൽ നിന്ന് പൊന്നാനിയിലെ വീട്ടിലേക്ക് മടങ്ങി വരുമ്പോൾ ആണ് എനിക്ക് അപകടം സംഭവിക്കുന്നത്.
സന്ദീപ് വാര്യർ ആവശ്യപ്പെട്ടത് പ്രകാരം മാതൃഭൂമി ന്യൂസ് ചാനലിന് എതിരെ വക്കീൽ നോട്ടീസ് തയ്യാറാക്കാനായിട്ടായിരുന്നു ഞാനന്ന് വൈകുന്നേരം ഓഫീസിൽ പോയത് പോലും.
ഒരു വ്യാഴാഴ്ച ദിവസമായിരുന്നു അത്.
നല്ല ജലദോഷം കാരണം ഞാനന്ന് ലീവ് എടുത്തതായിരുന്നു.
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഒന്ന് മയങ്ങിരുന്നു.
വൈകുന്നേരം 4 മണി ആവുമ്പോളാണ് സന്ദീപ് വാര്യർ എന്നെ വിളിക്കുന്നത്.
സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടിരുന്ന ഷാജ് കിരണിനൊപ്പം സന്ദീപ് വാര്യർ കർണാടക ഊർജ്ജ മന്ത്രിയുടെ വസതിയിലെ ഒരു വിരുന്നിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അന്ന് പുറത്തു വന്നിരുന്നു.
കർണാടക വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട നൂറ് കോടി രൂപയുടെ ഒരു വ്യവസായ ഇടപാടിന് ഷാജ് കിരണിന്റെ ഇടനിലക്കാരൻ ആയാണ് സന്ദീപ് വാര്യർ കർണാടക മന്ത്രിയെ കണ്ടത് എന്ന് സൂചിപ്പിക്കുന്ന മട്ടിൽ ഒരു വാർത്ത മാതൃഭൂമി ന്യൂസ് അന്ന് ഉച്ചയോടെ പ്രക്ഷേപണം ചെയ്യുകയും ഉണ്ടായി.
ഈ വാർത്ത തനിക്ക് മാനഹാനി ഉണ്ടാക്കുന്നതാണെന്നും അതിനെതിരെ ഡിഫമേഷന് നിയമ നടപടി സ്വീകരിക്കാണെന്നും മാതൃഭൂമി ചാനലിന് എതിരെ ഇന്ന് തന്നെ നോട്ടീസ് അയക്കണമെന്നും ആവശ്യപ്പെട്ടാണ് സന്ദീപ് വാര്യർ എന്നെ വിളിക്കുന്നത്.
ശരീര സുഖമില്ലാത്തത് കൊണ്ട് ഇന്ന് ലീവ് ആണെന്നും, നാളെ ഓഫീസിൽ എത്തിയ ഉടൻ വക്കീൽ നോട്ടീസ് തയ്യാറാക്കി അയക്കാമെന്നും ഞാൻ പറഞ്ഞെങ്കിലും സന്ദീപ് അത് കൂട്ടാക്കിയില്ല.
നിയമ നടപടി സ്വീകരിച്ച കാര്യം ഇന്ന് തന്നെ പ്രഖ്യാപിക്കണമെന്നും നോട്ടീസിന്റെ പകർപ്പ് എത്രയും വേഗം മാധ്യമങ്ങൾക്ക് നൽകണമെന്നും നാളേക്ക് വെച്ചാൽ കൂടുതൽ പേർ വാർത്ത കൊടുത്തു കാര്യങ്ങൾ സങ്കീർണ്ണമാകുമെന്നും സന്ദീപ് നിർബന്ധം പിടിച്ചു.
അങ്ങനെയാണ് വയ്യെങ്കിലും സാരമില്ല, അത് ഇന്ന് തന്നെ ചെയ്തു കൊടുത്തേക്കാം എന്ന് വിചാരിച്ച് ഞാൻ ബൈക്ക് എടുത്തു ഓഫീസിലേക്ക് ഇറങ്ങുന്നത്.
6 മണിയോടെ ഞാൻ ഓഫീസിൽ എത്തി.
10 മണിയായി എനിക്ക് തൃപ്തി തോന്നിയ ഫൈനൽ ഡ്രാഫ്റ്റ് പൂർത്തിയായപ്പോൾ.
അപ്പോഴേക്കും സീനിയർ ഉൾപ്പെടെ മറ്റെല്ലാവരും ഇറങ്ങി കഴിഞ്ഞിരുന്നു.
വീട്ടിൽ നിന്നാണെങ്കിൽ അമ്മയും അമ്മമ്മയും എവിടെത്തി എവിടെത്തി എന്ന് ചോദിച്ചു ആധിയോടെ വിളിച്ചു കൊണ്ടിരിക്കുന്നും ഉണ്ടായിരുന്നു.
പുറത്താണെങ്കിൽ നല്ല മഴ തുടങ്ങിയിരുന്നു.
നന്നായി വിശക്കുന്നും ഉണ്ടായിരുന്നു.
സന്ദീപിനെ വിളിച്ചു ഞാൻ നോട്ടീസ് വായിച്ചു കേൾപ്പിച്ചു കൊടുക്കുകയും, ഡ്രാഫ്റ്റ് വാട്സാപ്പ് ചെയ്യുകയും, നാളെ രാവിലെ തന്നെ ഒറിജിനൽ എടുത്തു അയച്ചോളാം എന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തു.
10.15ന് ഞാൻ ഓഫീസ് പൂട്ടി ഇറങ്ങി.
ചെറിയ മഴ നനഞ്ഞു കുറച്ചു ദൂരം ബൈക്ക് ഓടിച്ചത് ഓർമയുണ്ട്.
ഭയങ്കര കനമുള്ള എന്തോ പുറകിൽ വന്ന് അടിച്ചതായല്ലാതെ പിന്നൊന്നും ഓർമയില്ല.
7 ദിവസം കഴിഞ്ഞാണ് ഞാൻ കണ്ണ് തുറക്കുന്നത്.
ആളുകളെ തിരിച്ചറിയാനും ചുറ്റും നടക്കുന്നതെന്താണെന്ന് മനസ്സിലാക്കാനും പിന്നെയും പത്ത് ദിവസത്തോളം എടുത്തു.
12 ദിവസം ഞാൻ എക്മോയിൽ ആയിരുന്നത്രെ.
35 ദിവസം വെന്റിലേറ്ററിൽ.
41ആമത്തെ ദിവസമാണ് ഞാൻ ആശുപത്രി വിട്ട് വീട്ടിലേക്ക് പോവുന്നത്.
സംസാരിച്ചു തുടങ്ങുന്നത് പിന്നെയും ഒരു മാസം കഴിഞ്ഞാണ്.
വീഴാതെ നടക്കാൻ തുടങ്ങിയത് രണ്ട് മാസങ്ങൾക്ക് ശേഷവും.
ഫിസിയോതെറാപ്പിയും ഒക്യൂപേഷണൽ തെറാപ്പിയും ഒക്കെയായി പിന്നെയും ഏതാണ്ട് ആറ് മാസം വേണ്ടി വന്നു പഴയ നില വീണ്ടെടുക്കാൻ.
ഒരുപാട് പേരോട് തീർക്കാനാവാത്ത നന്ദിയുണ്ട് എനിക്കാ മടങ്ങി വരവിന്.
വീണിടത്ത് നിന്ന് വാരിയെടുത്തു ആശുപത്രിയിൽ എത്തിച്ച ആളുകളോട് മുതൽ 41 ദിവസവും വിശ്വാസം കൈവിടാതെ ഐ.സി.യുവിനു മുന്നിൽ നാമം ജപിച്ചിരുന്നും രണ്ടാം ജന്മമെടുത്ത ഒരു കുട്ടിയെ പോലെ വീണ്ടും എന്നെ കുളിപ്പിച്ചും വസ്ത്രം ധരിപ്പിച്ചും ചോറ് വാരി തന്നും കുഞ്ഞടികൾ വെച്ച് നടന്നു തുടങ്ങിയപ്പോൾ വീണ് പോകാതെ കൈപിടിച്ച് നടത്തിയും മോഹൻലാലിന്റെയും നരേന്ദ്ര മോദിയുടെയും ഒക്കെ ഫോട്ടോ കാണിച്ച് ഇതാരാണെന്ന് അറിയുമോ എന്ന് ചോദിച്ച് ഓർമ പരിശോധിച്ചും വാക്ക് പരയായും പശ്യന്തിയായും മധ്യമയായും ഒടുവിൽ വൈഖരിയായും വീണ്ടും നാവിൽ വിളങ്ങി തുടങ്ങിയപ്പോൾ ആദ്യാക്ഷരം ചൊല്ലിയ കുഞ്ഞിന്റെ പ്രോത്സാഹിപ്പിക്കും പോലെ കൈകൊട്ടി ആഘോഷിച്ചും കൂടെ തന്നെ നിന്ന അമ്മയോടും, അമ്മയ്ക്ക് ബലമായ ഏട്ടന്മാരോടും, ധൈര്യം പകർന്ന ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒക്കെയായി ഒരുപാട് ഒരുപാട് പേരോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്.
അക്കൂട്ടത്തിൽ മറന്നു പോകാതെ ഉറപ്പായും പറയേണ്ടതാണ് അപാരമായ സങ്കൽപ ശക്തി കൊണ്ട് എനിക്ക് വേണ്ടി അത്ഭുതങ്ങൾ സാധ്യമാക്കിയ ഈ സമാജത്തോടുള്ള നന്ദി.
വൈദ്യ ശാസ്ത്രത്തിന്റെ മികവ് മാത്രമല്ല, രക്ഷപ്പെടാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്ന് ആദ്യ ഘട്ടത്തിൽ ഡോക്ടർമാർ ഒക്കെ വിധി പറഞ്ഞ ശേഷവും, ഓരോ ദിവസത്തെ മെഡിക്കൽ ബുള്ളറ്റിനും ആരോഗ്യ നിലയിൽ ഒരു പുരോഗതിയുമില്ല, ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല, സ്ഥിതി ഗൗരവമായി തുടരുന്നു എന്ന് മാത്രം ആവർത്തിച്ചു കൊണ്ടിരുന്നപ്പോളും ഒരു ക്ഷണ നേരത്തേക്ക് പോലും ഞാൻ മടങ്ങി വരും എന്ന് ഉറപ്പ് കൈവെടിയാതെ ഈശ്വരന്റെ അദൃശ്യമായ ഒരു ഇടപെടലിൽ ഓരോ നിമിഷവും പ്രതീക്ഷ അർപ്പിച്ചു വിശ്വാസത്തെ മുറുക്കി പിടിച്ചു ഒരു നല്ല വാർത്തയ്ക്കായി ദിവസങ്ങളോളം കണ്ണും കാതും കൂർപ്പിച്ചു കാത്തിരുന്ന മനുഷ്യരുടെ ഉറച്ച സങ്കല്പത്തിന്റെ ഫലമാണ് എന്റെ അതിജീവനത്തിന് പിന്നിലെ രഹസ്യം എന്ന തികഞ്ഞ ബോധ്യം എനിക്കുണ്ട്.
ഞാനൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത, എനിക്ക് പേരോ രൂപമോ അറിയാത്ത, തീർത്തും അജ്ഞാതരായ എന്നാൽ ഒട്ടും അന്യരല്ലാത്ത എത്രയോ ലക്ഷം മനുഷ്യർ.
സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെ എന്നെ മനസ്സാൽ ഏറ്റെടുക്കുകയും എനിക്ക് വേണ്ടി വേദനിക്കുകയും മനസ്സുരുകി പ്രാർത്ഥിക്കുകയും അത്രമേൽ എന്നെ സ്നേഹിക്കുകയും ചെയ്തവർ.
ശങ്കുവിന് ഏത് അവയവം വേണമെങ്കിലും അത് എന്റെ ശരീരത്തിൽ നിന്ന് എടുത്തോളൂ എന്ന് പറഞ്ഞു ആശുപത്രിയിൽ കേറി വന്ന കോഴിക്കോട്ടുകാരൻ ഒരു സുധാകരേട്ടൻ.
ശങ്കു കണ്ണ് തുറന്നാൽ അവന്റെ നീളത്തിൽ ഒരു മാല ഞാൻ ശബരിമല അയ്യപ്പന് സമർപ്പിച്ചോളാം എന്ന് പ്രാർത്ഥിച്ച പത്തനംതിട്ടയിലെ ഒരു വീട്ടമ്മയായ ഗംഗ ചേച്ചി.
എനിക്ക് ജീവൻ തിരിച്ചു കിട്ടിയാൽ ശബരിമലയ്ക്ക് നടന്നു പൊയ്ക്കോളാം എന്ന് വഴിപാട് നേർന്ന ഷാജിയേട്ടൻ.
മൂകാംബികയിലും പഴനിയിലും ഗുരുവായൂരും ഒക്കെ ശയനപ്രദിക്ഷണവും തുലാഭാരവും ചുറ്റുവിളക്കും ഒക്കെ നേരുകയും ദിവസേന അർച്ചന കഴിക്കുന്നതിന്റെ പ്രസാദങ്ങൾ ആശുപത്രിയിയിലേക്ക് അയച്ചു തരികയും ചെയ്തിരുന്ന പേരില്ലാത്ത എത്രയോ പേർ.
ആരൊക്കെയോ ശട്ടം കെട്ടിയത് അനുസരിച്ച് ഓരോ ദിവസവും ഹോസ്പിറ്റലിലെ സിസ്റ്റർമാർ കയ്യിൽ കൊണ്ട് കെട്ടി തന്നിരുന്ന പല നിറത്തിലുള്ള എത്രയെത്രയോ ജപിച്ച ചരടുകൾ.
നെറ്റി മുതൽ നെഞ്ച് വരെയായി ആരുടെയൊക്കെയോ അഭ്യർത്ഥന പ്രകാരം ചാർത്തിയിരുന്ന പല വർണ്ണ കുറികൾ.
നന്ദി പറഞ്ഞു തുടങ്ങിയാൽ ഇനിയൊരു ജന്മം പോരാ അത് തീരാൻ.
അത്രയും മനുഷ്യരുടെ വിശ്വാസത്തിന് നേർക്കാണ് സ്വന്തം വ്യക്തി വിരോധവും ദുരഭിമാനവും തീർക്കാനായി മാത്രം സന്ദീപ് വാര്യർ ഇന്നലെ കാർക്കിച്ചു തുപ്പിയത്.
അവരുടെ വിശ്വാസ പരീക്ഷയിലെ അഭിമാനകരമായ ഒരു വിജയ മുഹൂർത്തത്തെ ആണ് അയാൾ തന്റെ അൽപ്പാനന്ദത്തിന് വേണ്ടി പരിഹസിച്ചത്.
തങ്ങളുടെ പ്രാർത്ഥനയ്ക്ക് ശക്തിയുണ്ടെന്ന് അവർക്ക് നേരിൽ ബോധ്യപ്പെട്ട ഒരു സന്ദർഭത്തേയാണ് “ഒരു കുടിയന് വേണ്ടിയുള്ള കണ്ണീര്” എന്ന മട്ടിൽ അയാൾ അത്രയും വില കുറച്ച് അധിക്ഷേപിച്ചത്.
അതിനാൽ അപമാനിതരായ ആ മനുഷ്യരെയാകെ പ്രതിനിധീകരിച്ചു അയാൾക്കതിനുള്ള മറുപടി കൊടുക്കാനും, അയാളുടെ കള്ളം തുറന്നു കാണിക്കാനും, ചെയ്ത നെറികേടിനുള്ള ശിക്ഷ അയാൾക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കാനും നിശ്ചയമായും ഞാൻ ബാധ്യസ്ഥനാണ്.
തന്റെ ആവശ്യത്തിന് വേണ്ടി താൻ നിർബന്ധം പിടിച്ച് പറഞ്ഞയച്ച ഒരാൾ തന്നെ സൗജന്യമായി സഹായിച്ചു മടങ്ങി വരുന്നതിനിടയിൽ അപകടം പറ്റി ഗുരുതര നിലയിൽ ആശുപത്രിയിൽ ആയെന്ന് അറിഞ്ഞപ്പോൾ അവിടം വരെ ചെല്ലാൻ കാണിച്ച മഹാമാസ്കതയെ ആണ് “മദ്യപിച്ചു ലക്ക് കെട്ട് വാഹനാപകടത്തിൽ പെട്ടപ്പോൾ ഓടിച്ചെന്ന് കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട്” എന്ന് സന്ദീപ് വാര്യർ വിശേഷിപ്പിക്കുന്നത് എന്നോർക്കണം.
എന്ത് കാരണത്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് ഇത്രത്തോളം നികൃഷ്ടതയിലേക്ക് അധഃപതിക്കാൻ സാധിക്കുന്നത് എന്നോർക്കുമ്പോൾ വല്ലാത്ത നിരാശ തോന്നുന്നു.
“സത്യധർമ്മാദികൾ വെടിഞ്ഞീടിന പുരുഷനെ,
ക്രുദ്ധനാം സർപ്പത്തേക്കാൾ ഏറ്റം ഭയക്കണം” എന്ന കവി വാക്യമാണ് സത്യത്തിൽ സന്ദീപിന്റെ പ്രവർത്തികൾ കാണുമ്പോൾ മനസ്സിൽ വരുന്നത്.
ഒരാൾ തനിക്ക് സത്യം ധർമ്മം നീതി ന്യായം മാനം മര്യാദ തുടങ്ങിയ സങ്കൽപ്പങ്ങൾ ഒന്നും ബാധകമല്ലെന്ന് തീരുമാനിച്ചങ്ങ് ഇറങ്ങി തിരിച്ചാൽ പിന്നെ മറ്റ് മനുഷ്യർക്ക് എന്താണ് നിവൃത്തിയുള്ളത്?
അയാൾക്ക് പിന്നെ ആരെ പറ്റി എന്താണ് പറഞ്ഞു കൂടാത്തത്!!
പാമ്പിനെ കണ്ടാൽ മാറി നടക്കുന്നത് പോലെ ഇത്തരം ദുഷ്ട ജനത്തിന്റെ സമ്പർക്കം പരമാവധി ഒഴിവാക്കുക എന്നേ ശിഷ്ടർക്ക് മാർഗ്ഗമുള്ളൂ.
സന്ദീപ് വാര്യർക്ക് മറുപടി നൽകാനായി എന്റെ സ്വഭാവ സർട്ടിഫിക്കറ്റ് ഇവിടെ പ്രദർശിപ്പിക്കേണ്ട ആവശ്യമില്ല എന്ന ഉത്തമ ബോധ്യം എനിക്കുണ്ട്.
എന്നേ അറിയുന്ന ആരും സന്ദീപിനെ പോലൊരാൾ എനിക്കെതിരെ പറയുന്ന അസത്യങ്ങൾ വിശ്വസിക്കില്ല എന്ന ഉറപ്പും എനിക്കുണ്ട്.
എങ്കിൽ പോലും ആ പോസ്റ്റ് കണ്ട് അല്പമെങ്കിലും മനോവിഷമം തോന്നിയിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വേണ്ടി അത് തീർത്തും അസത്യമാണെന്ന് ഞാൻ സാക്ഷ്യപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കരുതുന്നു.
അവരോടായി പറയുകയാണ്.
ഞാൻ “മദ്യപാന ശീലം” ഉള്ള ആളല്ല.
എനിക്ക് അപകടം ഉണ്ടായത് മദ്യപിച്ചു വാഹനം ഓടിച്ചിട്ടുമല്ല.
ബോധപൂർവം എന്നേ അപകീർത്തിപ്പെടുത്താനും പൊതു സമൂഹത്തിൽ എനിക്കുള്ള സൽപ്പേരിനും യശസ്സിനും കളങ്കം വരുത്താനും സംഘടനയിൽ എനിക്ക് വന്നു ചേർന്നേക്കാവുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താനും രാഷ്ട്രീയത്തിൽ എനിക്കുണ്ടായേക്കാവുന്ന ഭാവിയേ അട്ടിമറിക്കാനുമായി സന്ദീപ് വാര്യർ യാതൊരു അടിസ്ഥാനവുമില്ലാതെ ഉന്നയിച്ചിട്ടുള്ള വ്യാജ ആരോപണം മാത്രമാണത്.
ഇക്കാര്യങ്ങൾ എവിടെയും തെളിയിക്കാൻ എനിക്ക് യാതൊരു പ്രയാസവുമില്ല.
തത്കാലം നാല് കാര്യങ്ങൾ സൂചിപ്പിക്കുന്നു.
1) അപകടം സംഭവിച്ച ഉടൻ തന്നെ എന്നേ ആദ്യം അഡ്മിറ്റ് ചെയ്തത് തുപ്രങ്ങോട് സ്ഥിതി ചെയ്യുന്ന ഇമ്പിച്ചി ബാവ മെമോറിയൽ സഹകരണ ആശുപത്രിയിൽ ആണ്. അവിടെ നിന്നാണ് എനിക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകിയതും തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റിയതും. ഇമ്പിച്ചി ബാവ ഹോസ്പിറ്റലിൽ എന്റെ ബ്ലഡ് ടെസ്റ്റ് ഉൾപ്പെടെ നടത്തിയിട്ടുണ്ട്. എന്റെ രക്തത്തിൽ മദ്യത്തിന്റെ അംശം ഉള്ളതായി ഹോസ്പിറ്റൽ രേഖകളിൽ ഒന്നിലും പരാമർശിക്കുന്നതേ ഇല്ല. ഇമ്പിച്ചി ബാവ ഹോസ്പിറ്റൽ സി.പി.ഐ.എമ്മിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രി ആണ്. അവിടെ എന്നേ കൊണ്ട് വരുമ്പോൾ ഞാൻ മദ്യപിച്ചിട്ടുണ്ടായിരിന്നു എന്ന് പ്രാദേശിക സി.പി.ഐ.എം നേതാക്കൾ പോലും ഇന്ന് വരെ ആരോപിച്ചിട്ടില്ല. അങ്ങനെയിരിക്കെ ആ ഹോസ്പിറ്റലിൽ വന്നിട്ടേ ഇല്ലാത്ത, എന്നെ കോട്ടക്കൽ മിംസിലേക്ക് മാറ്റിയതറിഞ്ഞു അങ്ങോട്ട് എത്തിപ്പെടുക മാത്രം ചെയ്ത സന്ദീപ് വാര്യർ എങ്ങനെയാണു അപകട സമയത്ത് ഞാൻ മദ്യപിച്ചിരുന്നു എന്ന് ആരോപിക്കുന്നത്?
2) കോട്ടക്കൽ മിംസിലും അതിന് ശേഷം കോഴിക്കോട് മിംസിലും എന്നേ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഈ രണ്ട് ആഷിപത്രികളിലും എന്റെ രക്ത പരിശോധന നടത്തിയതിന്റെ രേഖകൾ ഉണ്ട്.
അപകടം സംഭവിച്ചു ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെയാണ് ഈ പരിശോധനകൾ നടത്തിയിട്ടുള്ളത്.
ഇവയിലൊന്നും ഞാൻ മദ്യപിച്ചിരുന്നതായി പറയുന്നില്ല.
3) അപകടത്തിൽ മറിഞ്ഞ എന്റെ വാഹനം പിന്നെയും ഏറെ ദൂരം റോഡിലൂടെ മുന്നോട്ട് നിരങ്ങി നീങ്ങുകയും മറ്റൊരു ബൈക്കിൽ ഇടിച്ചു നിൽക്കുകയും ആണ് ഉണ്ടായത്. ആ ബൈക്കിൽ ഉണ്ടായിരുന്ന രണ്ട് യാത്രികർക്കും ചെറിയ പരിക്കുകൾ പറ്റുകയും അവരുടെ ബൈക്കിന് ചെറിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. അതിന്മേൽ ഇൻഷുറൻസ് ആവശ്യാർഥം അവർ കൊടുത്ത പരാതിയിൽ തിരൂർ പോലീസ് സ്റ്റേഷനിൽ 546/2022 എന്ന നമ്പറിൽ FIR ഇടുകയും തുടർന്ന് JFCM 1 Tirur കോടതി മുൻപാകെ ST 0401282/2022 എന്ന നമ്പറിലായി എന്നേ പ്രതിയാക്കി ഒരു മോട്ടോർ ഒക്കറൻസ് കേസ് രജിസ്റ്റർ ചെയ്യുകയും ഉണ്ടായിട്ടുണ്ട്. അതിൽ മദ്യപിച്ചു വാഹനം ഓടിച്ചു എന്നൊരു ഒഫൻസ് പോലീസ് ചാർജ് ചെയ്തിട്ടില്ല. IPC 279, 337, 338 എന്നീ വകുപ്പകൾ മാത്രമാണ് ചുമത്തിയിട്ടുള്ളത്. സാധാരണ ഏത് വാഹനാപകടത്തിലും ചുമത്തുന്ന Rash and Negligent Driving, Causing Hurt, Causing Grevious Hurt എന്നീ വകുപ്പുകൾ ആണ്. മദ്യപിച്ചു വാഹനം ഓടിച്ചാൽ MV Act Section 185 പ്രകാരം Driving under the influence of Alcohol എന്ന വകുപ്പ് കൂടി ചുമത്തിയിരിക്കും. അപകടം ഉണ്ടായ ഉടൻ എന്നേ ആശുപത്രിയിൽ എത്തിക്കാൻ കൂടുക പോലും ചെയ്ത ടി കേസിലെ പരാതിക്കാർ കൊടുത്ത കംപ്ലയിന്റിലും ഞാൻ മദ്യപിച്ചിരുന്നതായി പറയുന്നില്ല.
4) ഇതിന്റെ തുടർച്ചയിൽ ഇൻഷുറസ് ക്ലെയിമിനായി എന്നെയും ഇൻഷുറൻസ് കമ്പനിയെയും പ്രതികളാക്കി കാണിച്ച് തിരൂർ Motor Accidents Claim Tribunal മുൻപാകെ ഷഹീർ ബാബു എന്ന പ്രസ്തുത പരാതിക്കാരൻ OPMV /0100987/2022 എന്ന നമ്പറിലായി ഹർജി ബോധിപ്പിച്ചിട്ടുണ്ട്. MACT യിൽ നടക്കുന്ന പ്രൊസീഡിങ്‌സിലും അപകട സമയത്ത് ഞാൻ മദ്യപിച്ചിരുന്നു എന്നൊരു വാദം ഹർജിക്കാരൻ ഉന്നയിച്ചിട്ടില്ല.
ഈ നാല് വസ്തുതകളിൽ നിന്നും ആർക്കും ബോധ്യപ്പെടുന്ന സംഗതി വാഹനാപകട സമയത്ത് ഞാൻ മദ്യപിച്ചിരുന്നു എന്നൊരു വാദം ഈ മൂന്ന് കൊല്ലത്തിനിടയിൽ എന്നേ പ്രവേശിപ്പിച്ച മൂന്ന് ആശുപത്രികൾക്കോ പോലീസിനോ കോടതിക്കോ എനിക്കെതിരെ നഷ്ടപരിഹാരത്തിനു കേസ് കൊടുത്ത പരാതികാർക്കോ പോലുമില്ല എന്നതാണ്.
അങ്ങനെയിരിക്കെ ഇതിലൊന്നും പെടാത്ത സന്ദീപ് വാര്യർ ഇപ്പോൾ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അങ്ങനൊരു ആരോപണം ഉന്നയിച്ചിട്ടുള്ളത് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കേണ്ടതാണ്.
അക്കാര്യം ആവശ്യപ്പെട്ടു ഇന്നേ തീയതി തന്നെ സന്ദീപ് വാര്യർക്ക് ഞാനൊരു വക്കീൽ നോട്ടീസ് അയക്കുന്നുണ്ട്.
നോട്ടീസ് കൈപറ്റി 48 മണിക്കൂറിനകം സന്ദീപ് ആരോപണത്തിന്റെ അടിസ്ഥാനം വെളിപ്പെടുത്തണം എന്നും അതിന് സാധിക്കാത്ത പക്ഷം എനിക്കെതിരെ പ്രസിദ്ധീകരിച്ചിട്ടുള്ള വ്യാജവും വാസ്തവ വിരുദ്ധവും വ്യക്തിഹത്യാപരവുമായ ഫേസ്ബുക് പോസ്റ്റ് പിൻവലിച്ചു എന്നോടും എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോടും പരസ്യമായി മാപ്പ് പറയണമെന്നും അതിന് തയ്യാറാവാത്ത പക്ഷം സന്ദീപ് വാര്യരുടെ അപകീർത്തികരമായ പോസ്റ്റിനു എതിരെ ഞാൻ സിവിൽ ആയും ക്രിമിനൽ ആയും നിയമ നടപടി സ്വീകരിക്കും എന്നതായിരിക്കും നോട്ടീസിന്റെ ഉള്ളടക്കം.
വ്യക്തിപരമായ ഒരു അഭിമാന പ്രശ്നമായല്ല ഞാനീ വിഷയത്തെ കാണുന്നത്.
അങ്ങനെ വ്യക്തിപരമായി എടുത്തു അതേ നാണയത്തിൽ തിരിച്ചടിക്കാൻ ആണെങ്കിൽ സന്ദീപ് ചെയ്തതിനേക്കാൾ പത്തിരട്ടി പ്രഹരശേഷിയോടെ എനിക്കത് ചെയ്യിക്കാൻ സാധിക്കും.
സന്ദീപിന്റെ മൂന്നാല് കേസുകൾ കൈകാര്യം ചെയ്ത ഒരഭിഭാഷകൻ എന്ന നിലയിൽ അതിനെനിക്ക് യാതൊരു പ്രയാസവുമില്ലെന്നത് ഊഹിക്കാവുന്നതാണല്ലോ.
എന്നാൽ ആ നിലയിലേക്ക് താഴാനോ ആ നിലവാരത്തിൽ മത്സരിക്കാനോ എന്റെ ധാർമ്മികത എന്നേ അനുവദിക്കുന്നില്ല.
എന്നേ സംബന്ധിച്ചിടത്തോളം ഇത് എന്നേ വിശ്വസിച്ച് എനിക്കൊപ്പം നിന്ന അസംഖ്യം മനുഷ്യരോട് നീതി പുലർത്തുക എന്ന കടമ നിറവേറ്റലാണ്.
അത് നിറവേറ്റാൻ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കവുമാണ്.
കൂടെ നിന്നവർക്ക് ഒരിക്കൽ കൂടി നന്ദി.
Discussion about this post