മലയാളസിനിമയിൽ നിന്ന് ലാലേട്ടൻ മാജിക് എവിടെയും പോയിട്ടില്ലെന്ന് ഉറപ്പിച്ച് തുടരെ ഹിറ്റുമായി മോഹൻലാൽ. കഴിഞ്ഞ രണ്ടുമാസങ്ങളിൽ റിലീസായ രണ്ട് ചിത്രങ്ങളിലൂടെ 500 കോടി രൂപയാണ് അദ്ദേഹം ബോക്‌സോഫീസിൽനിന്ന് വാരിക്കൂട്ടിയത്.
മാർച്ചിൽ തിയേറ്ററുകളിലെത്തിയ എമ്പുരാൻ ഹിറ്റായിരുന്നു മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം വെറും രണ്ടുദിവസം കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. 265.5 കോടി ആഗോള കളക്ഷൻ നേടിയ ചിത്രം 025-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ സിനിമയായും മാറി.
തൊട്ടുപിന്നാലെയെത്തിയ തുടരും സിനിമയുടെ പേരുപോലെതന്നെ വിജയത്തുടർച്ച സൃഷ്ടിച്ചു. കേരളത്തിൽ മാത്രമായി ഒരു ചിത്രം 100 കോടി കളക്ഷൻ സ്വന്തമാക്കിയെന്ന വാർത്തയും പിന്നാലെ കേട്ടു. ആഗോളതലത്തിൽ 234.5 കോടി രൂപയാണ് തുടരും സ്വന്തമാക്കിയതെന്നാണ് ട്രാക്കർമാർ പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വെറും രണ്ട് ചിത്രങ്ങൾകൊണ്ട് 500 കോടി രൂപയാണ് മോഹൻലാൽ ബോക്‌സോഫീസിൽനിന്ന് വാരിയെടുത്തത്.
18 വർഷം മുൻപിറങ്ങിയ ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ ഏതാനും ദിവസങ്ങൾക്കുമുൻപാണ് റീറിലീസായത്. രണ്ടുദിവസം കൊണ്ട് ഒന്നരക്കോടി രൂപയാണ് ചിത്രം നേടിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
2024ൽ രണ്ടുചിത്രങ്ങളാണ് മോഹൻലാലിന്റേതായി തിയേറ്ററുകളിലെത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലൈക്കോട്ടൈ വാലിബനായിരുന്നു വലിയ പ്രതീക്ഷകളോടെയെത്തിയ ചിത്രം പക്ഷേ ബോക്‌സോഫീസിൽ പരാജയപ്പെട്ടു. ചിത്രം 29.7 കോടിയാണ് നേടിയത്. ഏതാനും മാസങ്ങൾക്കുശേഷമെത്തിയ ബറോസ് 3ഡിയും തകർന്നടിഞ്ഞു. മോഹൻലാൽതന്നെ സംവിധാനംചെയ്ത ചിത്രത്തിന്റെ ആഗോള ഫൈനൽ കളക്ഷൻ 15.1 കോടിയായിരുന്നു.
Discussion about this post