ലീഡ്‌സിലെ ഹെഡിംഗ്‌ലിയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇടംകൈയ്യൻ സ്പിന്നർ രവീന്ദ്ര ജഡേജയ്ക്ക് പിച്ചിൽ ആവശ്യമായ സഹായം ( റഫ് എരിയാസ്) ഇന്ത്യൻ ഫാസ്റ്റ് ബോളർമാർ സൃഷ്ടിച്ചില്ലെന്ന് രവിചന്ദ്രൻ അശ്വിൻ അഭിപ്രായപ്പെട്ടു. കൗണ്ടി ക്രിക്കറ്റിൽ കളിക്കുമ്പോൾ സ്പിന്നർമാർക്ക് സഹായം ഉണ്ടാക്കാൻ ഇംഗ്ലീഷ് സ്പീഡ്‌സ്റ്റർ ജാമി ഓവർട്ടൺ പിച്ചിൽ പരുക്കൻ സ്ഥലങ്ങൾ സൃഷ്ടിക്കാൻ 15 സ്പൈക്കുകളുള്ള ഷൂസ് ധരിച്ചത് കണ്ടതായി അദ്ദേഹം ഓർമ്മിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ അത്തരം ഷൂസ് ധരിക്കാറില്ല എന്ന് രവിചന്ദ്രൻ അശ്വിൻ പറഞ്ഞു. പിച്ചിൽ പരുക്കൻ സ്ഥലങ്ങൾ സൃഷ്ടിക്കുന്നത് സ്പിൻ ബൗളർമാരെ വളരെയധികം സഹായിക്കുമെന്നുള്ളത് ശ്രദ്ധിക്കേണ്ട കാര്യം.
“എന്റെ കൗണ്ടി ക്രിക്കറ്റ് ദിനങ്ങളിൽ, ജാമി ഓവർട്ടന്റെ ഷൂസിലെ സ്പൈക്കുകൾ പരിശോധിച്ചത് ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ ഒരു ഷൂസിന് 15 സ്പൈക്കുകൾ ഉണ്ടായിരുന്നു. വലിയ സ്പൈക്കുകൾ ആയിരുന്നു അത്. കാരണം ചോദിച്ചപ്പോൾ, രണ്ടാം ഇന്നിംഗ്സിൽ സ്പിന്നർമാർക്ക് സഹായം സൃഷ്‌ടിക്കാൻ ആണ് അങ്ങനെ ചെയ്തതെന്ന് അവൻ പറഞ്ഞു. നമ്മുടെ രാജ്യത്ത് അത്തരം ഷൂസുകൾ ഉപയോഗിക്കുക എന്ന ആശയം പോലും നമുക്കില്ല.”
നാലാം ഇന്നിംഗ്സിൽ ജഡേജ 24-1-104-1 എന്ന കണക്കുകൾ നേടിയാണ് പോരാട്ടം അവസാനിപ്പിച്ചത്. ബെൻ ഡക്കറ്റിന്റെ 149 റൺസിന്റെ മികച്ച പ്രകടനം ഇംഗ്ലണ്ടിനെ 371 റൺസിന്റെ ലക്ഷ്യം പിന്തുടരാനും ടെസ്റ്റ് ക്രിക്കറ്റിലെ അവരുടെ രണ്ടാമത്തെ ഉയർന്ന വിജയകരമായ റൺ ചേസ് നേടാനും സഹായിച്ചു.
Discussion about this post