24 വർഷത്തെ തന്റെ ക്രിക്കറ്റ് കരിയറിൽ സച്ചിൻ ഇന്ത്യയെ നിരവധി അനവധി മത്സരങ്ങളിൽ വിജയിപ്പിച്ചിട്ടുണ്ട്. ബാറ്റും ബോളും ഉപയോഗിച്ചുകൊണ്ടുള്ള സച്ചിൻ മായാജാലങ്ങൾ എതിർ ടീമിന് തലവേദന ആയിട്ടുണ്ട്. എന്നാൽ ഒരു മത്സരത്തിൽ ബാറ്റിംഗിൽ മികവ് കാണിക്കാതെ, പന്തെറിഞ്ഞ് വിക്കറ്റൊന്നും വീഴ്ത്താതെ സച്ചിൻ ഇന്ത്യയുടെ ഹീറോ ആയിട്ടുണ്ട്.
ഈ മത്സരത്തിന്റെ കഥ അറിയാൻ, നമ്മൾ മൂന്ന് പതിറ്റാണ്ടിലേറെ പിന്നോട്ട് പോകേണ്ടതുണ്ട്. 1993-ലാണ് സംഭവം നടന്നത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസാണ് മത്സരത്തിന്റെ വേദി. അവിടെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഹീറോ കപ്പിന്റെ സെമിഫൈനൽ നടക്കുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ 90 റൺസിന്റെ കരുത്തിൽ ഇന്ത്യ 195 റൺസ് നേടി. ബോളർമാർക്ക് നല്ല സഹായം കിട്ടിയ ട്രാക്കിൽ സച്ചിൻ നേടിയത് 15 റൺസ് മാത്രമാണ്.
ദക്ഷിണാഫ്രിക്കയും റൺ കണ്ടെത്താൻ ഏറെ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. 49 ഓവറുകൾക്ക് ശേഷം എതിരാളികളുടെ സ്കോർ 190/8 ആയിരുന്നു. രണ്ട് വിക്കറ്റുകൾ കൈയിലിരിക്കെ ആറ് പന്തിൽ നിന്ന് ആറ് റൺസ് ആയിരുന്നു അവർക്ക് ജയിക്കാൻ വേണ്ടത്. ഒരുപാട് ഓപ്ഷനുകൾ തനിക്ക് മുന്നിൽ ഉണ്ടായിട്ടും ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ ആരും പ്രതീക്ഷിക്കാത്ത പ്രവർത്തി ചെയ്തു. ആ മത്സരത്തിൽ അതുവരെ പന്തെറിയാതിരുന്ന യുവതാരം സച്ചിന് അദ്ദേഹം പന്ത് നൽകുന്നു. മത്സരം എങ്ങാനും തോറ്റാൽ സച്ചിനും അസ്ഹറുദ്ദീനും ഒരേപോലെ തെറി കേൾക്കുന്നൻ അവസ്ഥ. എന്നാൽ വിധിക്ക് മറ്റ് ചില പദ്ധതികൾ ഉണ്ടായിരുന്നു.
ലൈനിലും ലെങ്ങ്തിലും ഒരു വിട്ടുവീഴ്ചയും ഇല്ലാതെ പന്തെറിഞ്ഞ സച്ചിൻ ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാരെ വെള്ളം കുടിപ്പിച്ചു. അതിനിടയിൽ ഒരു ദക്ഷിണാഫ്രിക്കൻ വിക്കറ്റ് റണ്ണൗട്ട് രൂപത്തിൽ വീണു അവസാന പന്തിൽ നാല് റൺ വേണ്ടെന്നിരിക്കെ സമ്മർദ്ദത്തിലേക്ക് പോകാതെ പന്തെറിഞ്ഞ സച്ചിൻ വഴങ്ങിയത് ഒരു റൺ മാത്രം. ഇന്ത്യക്ക് ആവേശ ജയം.
അസ്ഹറുദ്ദീൻ മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് ആയെങ്കിലും റിയൽ ഹീറോ സച്ചിൻ ആയിരുന്നു. അത്ര ഉയർന്ന സമ്മർദ്ദത്തിൽ, ടീമിലെ പ്രധാന ബോളർമാരെ സാക്ഷിയാക്കി നടത്തിയ മികച്ച പ്രകടനത്തെ ക്രിക്കറ്റ് ലോകം വാഴ്ത്തി. പിന്നെയുള്ള വർഷങ്ങളിൽ, സച്ചിൻ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. പല അവസരങ്ങളിലും തന്റെ ബൗളിംഗിലൂടെയും ബാറ്റിംഗിലൂടെയും കളി ജയിപ്പിച്ചു. എന്നാൽ 1993 ലെ ആ മത്സരം അത്രമാത്രം സ്പെഷ്യൽ ആണ് അദ്ദേഹത്തിന്. അവിടെ നിന്നായിരുന്നല്ലോ എല്ലാത്തിന്റെയും തുടക്കം…
Discussion about this post