മന്ത്രിമാരുടെ വിദേശചികിത്സാ വിവാദത്തിൽ ന്യായീകരണവുമായി സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. മന്ത്രിമാർ വിദേശത്ത് ചികിത്സതേടുന്നത് സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും യുകെയിൽ പോയല്ലേ പഠിച്ചതെന്നും ചിലകാര്യങ്ങളെ പർവതീകരിച്ച് ആശയക്കുഴപ്പമുണ്ടാക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും ബേബി പറഞ്ഞു.
മന്ത്രിമാർ സ്വകാര്യ ആശുപത്രികളിലാണ് പതിവായി ചികിത്സതേടുന്നത്, എന്തുകൊണ്ട് കേരളത്തിലെ പൊതു ആരോഗ്യമേഖലയെ ഉപയോഗപ്പെടുത്തുന്നില്ല എന്ന ചോദ്യത്തിന്, ഏറ്റവും മികച്ച ചികിത്സ ലഭിക്കാൻ സൌകര്യമുണ്ടെങ്കിൽ അത് ഉപയോഗിക്കാനാണ് ഓരോരുത്തരും ശ്രമിക്കുകെന്ന് ബേബി മറുപടി നൽകി. നമ്മുടെ ആയുർവേദ-ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വിദേശ രാജ്യങ്ങളിൽനിന്ന് എത്രയോ പേർ വരുന്നു. മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും യുകെയിൽ പോയല്ലേ പഠിച്ചത്. പഠിക്കാൻ കേരളത്തിലെ യൂണിവേഴ്‌സിറ്റിയിൽ വിദേശത്തെ കുട്ടികളുണ്ട്. കേരളത്തിൽനിന്ന് വിദേശത്തേക്ക് പഠിക്കാൻ പോകുന്നുണ്ട്. കേരളത്തിലേക്ക് വിദേശത്തുനിന്ന് വരുന്നുണ്ട്. ഇതിൽ ഒന്നിനെ എടുത്ത് പർവതീകരിച്ച് ആശയക്കുഴപ്പം ഉണ്ടാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആരോഗ്യമേഖല ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും വളരെ മികച്ചതാണ് എന്ന് പറയുമ്പോഴും കേരളത്തിലെ ആരോഗ്യമേഖലയിൽ പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത്. വേണ്ടത്ര വേഗതയിലാണ് നടക്കുന്നുള്ള കാര്യങ്ങൾ നമുക്ക് ചർച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാം. മന്ത്രി രാജിവെക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post