ഇന്നലെ ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയം ദക്ഷിണാഫ്രിക്കയുടെ യുവതാരം വിയാൻ മുൾഡർ ആയിരുന്നു. ക്വീൻസ് സ്പോർട്സ് ക്ലബ്ബിൽ നടന്ന രണ്ടാം ടെസ്റ്റിൽ സിംബാബ്‌വെയ്‌ക്കെതിരെ താരം നേടിയ ട്രിപ്പിൾ സെഞ്ചുറിക്ക് പിന്നാലെയാണ് അതുല്യ റെക്കോഡ് തകർക്കാൻ അവസരം ഉണ്ടായിട്ടും അത് ചെയ്യാതെ ദക്ഷിണാഫ്രിക്കൻ നായകൻ കൂടിയായ വിയാൻ മുൾഡർ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്.
ദക്ഷിണാഫ്രിക്കൻ നായകൻ 367 റൺസ് എടുത്ത് നിൽക്കുക ആയിരുന്നു അപ്പോൾ. 21 വർഷങ്ങൾക്ക് മുമ്പ് ബ്രയാൻ ലാറ നേടിയ 400 നോട്ടൗട്ട് എന്ന ഏറ്റവും ഉയർന്ന വ്യക്തിഗത ടെസ്റ്റ് സ്കോർ നേടുന്നതിന് വെറും 33 റൺസ് മാത്രം അകലെയായിരുന്നു അദ്ദേഹം. എന്നാൽ അവസരം ഉണ്ടായിട്ടും അദ്ദേഹം തന്റെ തകർപ്പൻ ഇന്നിംഗ്സ് നിർത്തി 626-5 എന്ന നിലയിൽ നിൽക്കുമ്പോൾ ഉച്ചഭക്ഷണ സമയത്ത് ഡിക്ലയർ ചെയ്തു.
ബ്രയാൻ ലാറയുടെ ലോക റെക്കോർഡ് തകർക്കാൻ താൻ ആഗ്രഹിച്ചില്ല എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
“ബോർഡിൽ ആവശ്യത്തിന് റൺ ഉണ്ടെന്നും വേഗം പന്തെറിയണമെന്നും ഞാൻ കരുതി. ബ്രയാൻ ലാറ ഒരു ഇതിഹാസമാണ്, അതാണ് യാഥാർത്ഥ്യം. ഇംഗ്ലണ്ടിനെതിരെ അദ്ദേഹം 401 റൺസ് നേടി. അത് എന്തുതന്നെയായാലും. ആ റെക്കോർഡ് അദ്ദേഹം നിലനിർത്തണം, എനിക്ക് വീണ്ടും അവസരം ലഭിച്ചാൽ, ഞാൻ അത് തന്നെ ചെയ്യും,” അദ്ദേഹം ഷോൺ പൊള്ളോക്കിനോട് പറഞ്ഞു.
എന്തായാലും കൂറ്റൻ സ്കോർ പിന്തുടർന്ന സിംബാബ്‌വെ ആദ്യ ഇന്നിങ്സിൽ വെറും 170 റൺസ് മാത്രം നേടി പുറത്തായി. രണ്ടാം ഇന്നിങ്സിൽ 51 -1 ൽ നിൽക്കുന്ന ആഫ്രിക്കൻ ടീമിന് 405 റൺ ലീഡ് ഉണ്ട് നിലവിൽ.
Discussion about this post