ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ലോർഡ്‌സിൽ നടക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റുകൾ അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങൾ ജയിച്ച് നിൽക്കുകയാണ്. ടോസ് നേടി ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ബാറ്റിംഗ് തിരഞ്ഞെടുക്കുക ആയിരുന്നു. രണ്ട് ടീമുകൾക്കും തുല്യ മേധാവിത്വം നൽകിയ ആദ്യ ദിനമാണ് അവസാനിച്ചത് എന്ന് പറയാം . ഇംഗ്ലണ്ട് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തിട്ടുണ്ട്. ജോ റൂട്ട് (99), ബെൻ സ്‌റ്റോക്‌സ് (39) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി നിതീഷ് കുമാർ റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുംറ ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ബുംറയുടെ തിരിച്ചുവരും, നിതീഷിന്റെ തകർപ്പൻ ബോളിങ്ങും, റൂട്ടിന്റെ മികച്ച ബാറ്റിങ്ങും ഒകെ ആയിരുന്നു ആദ്യ ദിനത്തിലെ പ്രധാന വാർത്തകൾ. ഇതിൽ ബുദ്ധിമുട്ടേറിയ ട്രാക്കിലെ ജോ റൂട്ടിന്റെ ബാറ്റിംഗ് മികവിനെ എടുത്ത് പറയേണ്ടതാണ്. തന്റെ 37-ാം ടെസ്റ്റ് സെഞ്ച്വറിക്ക് ഒരു റൺസ് മാത്രം അകലെയായിരുന്ന ഇംഗ്ലണ്ട് വെറ്ററൻ താരം ഇന്ന് ആദ്യ സെക്ഷനിൽ തന്നെ ആ നേട്ടത്തിലേക്ക് അടുക്കാനാണ് ഇനി ശ്രമിക്കുക.
ഇംഗ്ലണ്ടിന്റെ പതിവ് “ബാസ്ബോൾ” ആക്രമണോത്സുകതയ്ക്ക് വിപരീതമായി, ജോ റൂട്ട് മനക്കരുത്തും ക്ലാസിക്കൽ ചാരുതയും നിറഞ്ഞ ഇന്നിംഗ്സ് കളിക്കുക ആയിരുന്നു. കളി അവസാനിക്കുമ്പോഴേക്കും ആതിഥേയരെ മികച്ച നിലയിൽ എത്തിക്കാൻ സഹായിച്ചത് താരത്തിന്റെ ബാറ്റിംഗാണ്. മറുവശത്ത് വിക്കറ്റുകൾ വീണപ്പോൾ റൂട്ട് ശരിക്കും കഷ്ടപ്പെട്ട് ക്രീസിൽ പിടിച്ചുനിൽക്കുക ആയിരുന്നു. 7 ബൗണ്ടറികൾ ഉൾപ്പെട്ട ഇന്നിംഗ്സ് ഒരു ടെസ്റ്റ് ഇന്നിങ്സിന് ചേർന്ന എല്ലാ വിഭവങ്ങളും അടങ്ങിയ ഒന്നായിരുന്നു. എന്നാൽ യഥാർത്ഥ വെടിക്കെട്ട് നടന്നത് ദിവസത്തിലെ അവസാന ഓവറിലായിരുന്നു.
98 റൺസിൽ നിൽക്കെ റൂട്ട് , ആകാശ് ദീപിന്റെ പന്തിൽ ബാക്ക്‌വേർഡ് പോയിന്റിലേക്ക് തട്ടിയിട്ട് ഒരു സിംഗിൾ എടുത്തു. ലോർഡ്‌സിന്റെ കാണികൾ സെഞ്ച്വറി പ്രതീക്ഷിച്ച് ശ്വാസം അടക്കിപ്പിടിച്ചിരിക്കുമ്പോൾ, റൂട്ട് അപകടകരമായ രണ്ടാം റൺസിന് ശ്രമിക്കാൻ നോക്കി. പക്ഷേ സ്റ്റോക്‌സ് പെട്ടെന്ന് അത് തടഞ്ഞു. പന്ത് രവീന്ദ്ര ജഡേജയുടെ കൈകളിലായിരുന്നു എത്തിയത്. ജഡേജ ആകട്ടെ ഒരു തമാശ ഒപ്പിക്കുകയും ചെയ്തു.
പന്ത് കീപ്പറിലേക്ക് എറിയുന്നതിനുപകരം, ജഡേജ അത് കൈയിൽ പിടിച്ചുകൊണ്ട് നിന്നു. ശേഷം താരത്തെ സിംഗിളും കൂടി ഓടാൻ വെല്ലുവിളിച്ചു. അതിനായി പന്ത് നിലത്തേക്കിട്ടു. റൂട്ട് ആകട്ടെ ചെറിയ ഒരു ചിരി മാത്രമാണ് സമ്മാനിച്ചത്. എന്തായാലും തങ്ങളുടെ പ്രിയ താരത്തെ കളിയാക്കാൻ നോക്കിയ ജഡേജയെ ലോർഡ്‌സ് കാണികൾ കൂവി വിളിക്കുകയും ചെയ്തു.
https://twitter.com/i/status/1943367549908816145
Discussion about this post