തിരുവനന്തപുരം : ആർഎസ്എസും സിപിഎമ്മും ഒരുപോലെയാണെന്ന രാഹുൽഗാന്ധിയുടെ പരാമർശം ഇൻഡി സഖ്യത്തിനുള്ളിൽ വിഭാഗീയ പ്രശ്നങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ സിപിഎം അമർഷം വ്യക്തമാക്കി. രാഹുൽ വിവരക്കേട് വിളിച്ചു പറയുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി അഭിപ്രായപ്പെട്ടു.
ശനിയാഴ്ച നടന്ന ഇൻഡി സഖ്യത്തിന്റെ വെർച്വൽ യോഗത്തിൽ ഇടതുപക്ഷ നേതാക്കൾ രാഹുൽഗാന്ധിയുടെ പരാമർശത്തിനെതിരായ നിലപാട് വ്യക്തമാക്കി. അനുചിതവും ഭിന്നിപ്പുണ്ടാക്കാൻ സാധ്യതയുമുള്ള കാര്യങ്ങളാണ് രാഹുൽ ഗാന്ധി പറയുന്നത് എന്ന് സിപിഎം നേതാക്കൾ പറഞ്ഞു. അത്തരം പ്രസ്താവനകൾ താഴേത്തട്ടിലുള്ള കേഡർമാർക്ക് തെറ്റായ സന്ദേശം നൽകുമെന്നും യോഗത്തിൽ സിപിഎം മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച കോട്ടയത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗത്തിലെ പ്രസംഗത്തിലാണ് രാഹുൽഗാന്ധി ആർഎസ്എസിനെയും സിപിഎമ്മിനെയും ഒരുപോലെ നേരിടണമെന്ന് സൂചിപ്പിച്ചിരുന്നത്. ആർഎസ്എസിനും സിപിഎമ്മിനും എതിരെ താൻ പ്രത്യയശാസ്ത്രപരമായി പോരാടുകയാണ് എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഇരു പാർട്ടികൾക്കും ജനങ്ങളോട് ഒരു വികാരവുമില്ല എന്നും രാഹുൽഗാന്ധി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ഇത്തരം പരാമർശങ്ങൾ ഇൻഡി സഖ്യത്തിന്റെ ഐക്യം തകർക്കുമെന്ന് സിപിഐ നേതാവ് ഡി രാജയും അഭിപ്രായപ്പെട്ടു.
Discussion about this post