ഇടതുപക്ഷത്തിന്റെ ഒരു നൂറ്റാണ്ടിന്റെ സമരമുഖം വിഎസ് വിടവാങ്ങിയിരിക്കുകയാണ്. ഇന്ന് വൈകുന്നേരം 3.20 ഓടെയാണ് മരണം. ദേഹാസ്വാസ്ഥ്യത്തെതുടർന്ന് കഴിഞ്ഞമാസം 23നാണ് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ വി എസിനെ പ്രവേശിപ്പിച്ചത്. ഒരു നൂറ്റാണ്ട്കാലത്തെ ജീവിതത്തിനിടെ പല രീതിയിൽ പാർട്ടി അദ്ദേഹത്തെയും അദ്ദേഹത്തെ പാർട്ടിയും പരീക്ഷിച്ചിരുന്നു. പ്രവർത്തനങ്ങളിലെ കാർക്കശ്യം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു.
2001-06 കാലത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളാണ് വിഎസിനെ കൂടുതൽ ജനകീയനാക്കിയത്. അടിയന്തരപ്രമേയങ്ങൾ, ഓൺലൈൻ ചൂതാട്ടം, അന്യസം സ്ഥാന ലോട്ടറി മാഫിയക്ക് നിയന്ത്രണം, പശ്ചിമഘട്ട സംരക്ഷണ നടപടി,ക്വാറികൾക്ക് ലൈസൻസ് കർശനമാക്കി തുടങ്ങിയവ വിഎസിന്റെ നേതൃത്വത്തിൽ നടന്നു. എന്നാൽ 2006ലെ നിയസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിഎസിന് സീറ്റ് നൽകിയില്ല. ഇത് അണികൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഇതോടെ സമരം ശക്തമായി.കേരളത്തിലങ്ങോളമിങ്ങളോം പ്രവർത്തകർ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ഇതോടെ ഗത്യന്തരമില്ലാതെ വിഎസിനെ മത്സരിപ്പിക്കാൻ തീരുമാനമായി.
മാർച്ച് അവസാന ആഴ്ചയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടിയിരുന്നത്. സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടായത് മാർച്ച് 24നും. കേന്ദ്ര കമ്മിറ്റി വിഎസിനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ മാർച്ച് 21 ന് തന്നെ തീരുമാനം അറിയിച്ചെങ്കിലും എനിക്കൊരു കണ്ടീഷനുണ്ട്. സ്റ്റേറ്റ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കണം, ഭൂരിപക്ഷ അടിസ്ഥാനത്തിൽ പറ്റില്ലെന്ന് വിഎസ് അറിയിച്ചു. മാർച്ച് 24ന് സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നു. ആറ് പിബി അംഗങ്ങളും പങ്കെടുത്ത യോഗത്തിലാണ് വിഎസിന്റെ ആവശ്യത്തിന് പാർട്ടി അംഗീകാരം നൽകിയത്.
2006ൽ പാർട്ടി വൻഭൂരിപക്ഷത്തോടെ വിജയിച്ചപ്പോഴും വി.എസിനെ മുഖ്യമന്ത്രിയാക്കുന്നതിന് പോലും ചില തടസ്സങ്ങളുണ്ടായി. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് വി.എസിനെ മുഖ്യന്ത്രിയായി പ്രഖ്യാപിച്ച് പി.ബി തീരുമാനമുണ്ടായത്. 2011 തിരഞ്ഞെടുപ്പിലും ആദ്യം പാർട്ടി വി.എസിന് സീറ്റ് നിഷേധിച്ചിരുന്നുവെങ്കിലും അണികൾ രംഗത്തിറങ്ങി. ഇതെല്ലാം അവഗണിച്ച് പാർട്ടിക്ക് മുന്നോട്ടുപോവാനായില്ല. ഒടുവിൽ മലമ്പുഴ മണ്ഡലത്തിൽ നിന്ന് വൻഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.
നൂറ്റിരണ്ട് വയസ് പിന്നിട്ട വി എസ് പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി തിരുവനന്തപുരത്ത് മകന്റെ വസതിയായ ‘വേലിക്കകത്ത്’ വീട്ടിൽ ചികിത്സയിലായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് പൂർണവിശ്രമത്തിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയാണ് മരണം. ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതു ദർശനം ഉണ്ടാകും. രാത്രിയിൽ പൊതുദർശനം അനുവദിക്കും. രാത്രിയോടുകൂടി വീട്ടിലെത്തിക്കും. ചൊവ്വ രാവിലെ 9 മണിക്ക് ദർബാർ ഹാളിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് പോകും. ബുധൻ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്‌കാരം
Discussion about this post