മുൻ ഓൾറൗണ്ടറും ഇന്ത്യയുടെ പരിശീലകനുമായിരുന്ന രവി ശാസ്ത്രി നടത്തിയ ഒരു തിരഞ്ഞെടുപ്പാണ് ഇപ്പോൾ ക്രിക്കറ്റ് ലോകാതെ പ്രധാന ചർച്ചാവിഷയം. ഒരു അഭിമുഖത്തിൽ എക്കാലത്തെയും മികച്ച അഞ്ച് ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരുടെ പേരുകൾ പറയാൻ രവി ശാസ്ത്രിയോട് ചോദ്യകർത്താവ് ആവശ്യപ്പെട്ടു. ജസ്പ്രീത് ബുംറ, രാഹുൽ ദ്രാവിഡ് തുടങ്ങി സൂപ്പർതാരങ്ങളെ ഒഴിവാക്കി വെറൈറ്റി സെലെക്ഷൻ ആണ് താരം നടത്തിയത്.
വിവിധ ദശകങ്ങളിൽ നിന്നുള്ള കളിക്കാരെ തിരഞ്ഞെടുത്ത രവി ശാസ്ത്രി, 1983 ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിലെ തന്റെ സഹതാരങ്ങളായ സുനിൽ ഗവാസ്കർ, കപിൽ ദേവ് എന്നിവരെ ആദ്യം തിരഞ്ഞെടുത്തു. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് പിന്നിട്ട ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനാണ് ഗവാസ്കർ എങ്കിൽ 1983 ൽ ടീമിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചുകൊണ്ട് ലോകകപ്പ് നേടിയ ആദ്യ ഇന്ത്യൻ ക്യാപ്റ്റനാണ് കപിൽ ദേവ്.
പിന്നീട് കായികരംഗത്തെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ സച്ചിൻ ടെണ്ടുൽക്കറെ അദ്ദേഹം തിരഞ്ഞെടുത്തു. രവി ശാസ്ത്രിയുടെ അവസാന രണ്ട് തിരഞ്ഞെടുപ്പുകളിൽ മുൻ ക്യാപ്റ്റൻമാരായ എംഎസ് ധോണിയും വിരാട് കോഹ്‌ലിയും ഉൾപ്പെടുന്നു. എല്ലാ ഫോർമാറ്റുകളിലായി 664 മത്സരങ്ങളിൽ നിന്ന് 34,357 റൺസ് നേടിയ സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനാണ്. ധോണി ഇന്ത്യയെ മൂന്ന് ഐസിസി ട്രോഫികളിലേക്ക് നയിച്ചു, ഏറ്റവും വിജയകരമായ ക്യാപ്റ്റൻമാരിൽ ഒരാളുമാണ്. ആധുനിക കാലത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ കോഹ്‌ലിയാകട്ടെ ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ക്യാപ്റ്റനും.
“ഗാവസ്‌കർ ആണ് ആദ്യ തിരഞ്ഞെടുപ്പ്. കപിൽ, സച്ചിൻ, വിരാട് തുടങ്ങിയവരും ഉണ്ടാകും. ഓരോ കാലഘട്ടത്തിലെ ഏറ്റവും സ്വാധീനമുള്ള കളിക്കാരെ ഞാൻ തിരഞ്ഞെടുക്കുന്നു. അതിനാൽ അഞ്ച് പേർ സണ്ണി, കപിൽ, സച്ചിൻ, ധോണി, വിരാട് എന്നിവരായിരിക്കും,” ‘സ്റ്റിക്ക് ടു ക്രിക്കറ്റ്’ എന്ന എപ്പിസോഡിൽ ശാസ്ത്രി പറഞ്ഞു.
ശേഷം ഈ അഞ്ച് പേരിൽ, സച്ചിൻ ടെണ്ടുൽക്കറെ ഏറ്റവും മികച്ചവനായി ശാസ്ത്രി തിരഞ്ഞെടുത്തു. ഈ നൂറ്റാണ്ടിലെ ഏറ്റവും മാരകമായ പേസ് ആക്രമണങ്ങളിൽ ചിലത് സച്ചിൻ കളിച്ചുവെന്നും അദ്ദേഹത്തിന് മികച്ച സാങ്കേതികതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post