പോക്‌സോ കേസിൽ അറസ്റ്റിലായ അദ്ധ്യാപികയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. ആൺകുട്ടിക്ക് 16 വയസിന് മുകളിൽ പ്രായമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് അദ്ധ്യാപികയും വിദ്യാർത്ഥിയും തമ്മിലുണ്ടായിരുന്നതെന്നത് സംബന്ധിച്ച് തെളിവുകൾ ലഭിച്ചതായും കോടതി വ്യക്തമാക്കി.പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് ആകർഷിച്ച് മദ്യം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാണ് കേസ്. ഒരു വർഷത്തിലേറെയായി പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
വിചാരണ ആരംഭിക്കാൻ സമയമെടുക്കുമെന്നും അതിനാൽ കുറ്റാരോപിതയായ സ്ത്രീയെ അത്രയും കാലം ജയിലിൽ അടച്ചിടുന്നത് ഒരു ലക്ഷ്യവും നിറവേറ്റില്ലെന്നും പ്രത്യേക ജഡ്ജി സബീന മാലിക് പറഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളുടെ അമ്മയാണെന്നുകൂടി പരിഗണിച്ചാണ് കോടതി സ്ത്രീക്ക് ജാമ്യം അനുവദിച്ചത്.
ലൈംഗികാതിക്രമം നടന്നതായി ആരോപിക്കപ്പെടുന്ന വർഷം അദ്ധ്യാപിക സ്‌കൂളിൽ നിന്നും രാജിവെച്ചിരുന്നു. അതിനാൽ തന്നെ വിദ്യാർത്ഥി-അദ്ധ്യാപിക ബന്ധം അവിടെ ഉണ്ടായിരുന്നില്ലെന്ന് പോക്‌സോ നിയമപ്രകാരമുള്ള കേസുകൾക്കായുള്ള പ്രത്യേക കോടതി വിശദമായ ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ആൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കഴിഞ്ഞ മാസമാണ് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷയിൽ, ആൺകുട്ടിക്ക് തന്നോട് വൈകാരികമായി അടുപ്പമുണ്ടെന്നും തന്നെ ‘ഭാര്യ’ എന്ന് വിശേഷിപ്പിച്ചതായും അവർ പറഞ്ഞു. വിദ്യാർഥി തനിക്ക് സ്‌നേഹ സന്ദേശങ്ങളും കുറിപ്പുകളും അയച്ചിട്ടുണ്ടെന്നും ശരീരത്തിൽ തന്റെ പേര് പച്ചകുത്തിയിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു. പോലീസ് പരാതിയിൽ നിന്ന് ഈ വസ്തുതകൾ മനഃപൂർവ്വം ഒഴിവാക്കിയതാണെന്നും അവർ ആരോപിച്ചു. ആൺകുട്ടിയിൽ നിന്ന് അകലം പാലിക്കാൻ 2024 ഏപ്രിലിൽ സ്‌കൂളിൽ നിന്ന് രാജിവച്ചതായും ജാമ്യാപേക്ഷയിൽ പറയുന്നു.
Discussion about this post