മാതളനാരങ്ങ നമ്മൾ പഴമായും ജ്യൂസ് ആയും സാലഡിൽ ചേർത്തും എല്ലാം കഴിക്കാറുണ്ട്. എന്നാൽ അപ്പോഴൊക്കെ നമ്മൾ വെറുതെ കളയുന്ന ഒന്നാണ് മാതളനാരങ്ങയുടെ തൊലി. എന്നാൽ യഥാർത്ഥത്തിൽ മാതളനാരങ്ങ പോലെ തന്നെ ഏറെ ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് മാതളനാരങ്ങയുടെ തൊലിയും. മാതളനാരങ്ങയുടെ തൊലികളിൽ പോളിഫെനോൾസ്, ഡയറ്ററി ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ മുതലായവ പോലുള്ള നിരവധി ബയോആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.
നേരെ കഴിക്കാൻ അരുചി ഉണ്ടാകുന്നതിനാൽ മാതളനാരങ്ങയുടെ തൊലി ചായയുടെ രൂപത്തിലാക്കി കഴിച്ചാൽ ശരീരത്തിന് നിരവധി ഗുണങ്ങൾ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.
പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ, ആൽക്കലോയിഡുകൾ, ട്രൈറ്റെർപെൻസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങയുടെ തൊലി. പഴങ്ങൾ വാങ്ങിക്കുന്ന സമയത്ത് ഇവയുടെ തൊലി ചെറുതായി അരിഞ്ഞ് ഉണക്കി സൂക്ഷിച്ചാൽ ദീർഘകാലം ഉപയോഗിക്കാൻ ഇതു മതിയാകും. ഇങ്ങനെ ഉണക്കിയെടുക്കുന്ന മാതളനാരങ്ങ തൊലി 10ഗ്രാം ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് നന്നായി തിളപ്പിച്ച് എടുത്ത് മാതളനാരങ്ങ ചായ തയ്യാറാക്കാം.
ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതിനാൽ മാതളനാരങ്ങ ചായ ആര്‍ത്രൈറ്റിസ്, ഗൗട്ട് എന്നീ രോഗ ലക്ഷണങ്ങൾ കുറയ്ക്കാൻ ഏറെ സഹായകരമാണ്. ഇതുകൂടാതെ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകട ഘടകങ്ങൾ കുറയ്ക്കാനും മാതളനാരങ്ങയുടെ തൊലി സഹായിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് സ്തനങ്ങൾ, പ്രോസ്റ്റേറ്റ്, കുടൽ തുടങ്ങിയ ശരീരഭാഗങ്ങളിൽ ഉണ്ടാകുന്ന അർബുദങ്ങളിൽ നിന്ന് സംരക്ഷിക്കാനും മാതള ചായ സഹായിക്കും എന്നാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, പൊണ്ണത്തടി എന്നിവയുൾപ്പെടെ നിരവധി വിട്ടുമാറാത്ത ഉപാപചയ രോഗങ്ങളുടെ പ്രതിരോധത്തിന് മാതളനാരങ്ങയുടെ തൊലി സഹായിക്കും എന്നാണ് പഠന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. അതേസമയം തന്നെ ഇവ ചിലരിൽ അലർജി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതയോടെ ഉപയോഗിക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Discussion about this post