ഐപിഎല്ലിലെ മൂന്ന് വലിയ ടീമുകളിൽ ഒന്നായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും കണക്കാക്കപ്പെടുന്നു. ഗൗതം ഗംഭീറിന്റെ നേതൃത്വത്തിൽ രണ്ട് ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയത് കൂടാതെ ശ്രേയസ് അയ്യരുടെ കീഴിലും ഒരെണ്ണം സ്വന്തമാക്കിയിട്ടുണ്ട്. അങ്ങനെ ആകെ മൂന്ന് കിരീടങ്ങൾ നേടിയ ടീമിന് പക്ഷേ കഴിഞ്ഞ സീസൺ അത്ര നല്ല ഓർമ്മകൾ അല്ല സമ്മാനിച്ചത്.
2025 ലെ അവരുടെ മങ്ങിയ പ്രകടനത്തിന് ശേഷം, ഫ്രാഞ്ചൈസി പൂർണ്ണമായ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണെന്ന് പറയാം. അവരുടെ മുഖ്യ പരിശീലകനായ ചന്ദ്രകാന്ത് പണ്ഡിറ്റും ബൗളിംഗ് പരിശീലകനായ ഭരത് അരുണും ഒകെ ടീം വിട്ട സാഹചര്യത്തിൽ വലിയ അഴിച്ചുപണിക്കാണ് കൊൽക്കത്ത ഈ സീസണിൽ ഒരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച്, സപ്പോർട്ടിങ് സ്റ്റാഫിൽ മാത്രമല്ല സ്‌ക്വാഡിലും അഴിച്ചുപണിക്ക് ടീം ഒരുങ്ങുന്നു. അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് കെഎൽ രാഹുലാണ്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടർ ഗൗരവ് ഗുപ്ത പറയുന്നത് പ്രകാരം, ഡൽഹി ക്യാപിറ്റൽസ് താരമായ രാഹുലിനെ ടീമിൽ എത്തിക്കാൻ അവർ ആഗ്രഹിക്കുന്നു.
ഐപിഎൽ ട്രേഡ് വിൻഡോ തുറന്ന സാഹചര്യത്തിൽ അടുത്ത സീസണിലേക്ക് മറ്റ് ഫ്രാഞ്ചൈസികളിൽ നിന്നുള്ള കളിക്കാരെ ടീമുകൾക്ക് സൈൻ ചെയ്യാൻ അനുവാദമുണ്ട്. കഴിഞ്ഞ സീസണിൽ അവർ നേരിട്ട ഒന്നിലധികം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി കെഎൽ രാഹുലിനെ സ്വന്തമാക്കാൻ കെകെആർ ശ്രമിക്കുന്നു.
വിക്കറ്റ് കീപ്പർമാരായും ഓപ്പണർമാരായും ക്വിന്റൺ ഡി കോക്കും റഹ്മാനുള്ള ഗുർബാസും പ്രതീക്ഷിച്ചത്ര പ്രകടനം കാഴ്ചവച്ചില്ല. രാഹുലിനെ ഉൾപ്പെടുത്തിയാൽ തീർച്ചയായും ഈ പ്രശ്‌നം പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കും. ഇത് കൂടാതെ രാഹുൽ മികച്ച ഒരു ക്യാപ്റ്റൻസി ഓപ്ഷൻ കൂടിയാണ്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച രഹാനെ നിരാശപ്പെടുത്തിയ സാഹചര്യത്തിൽ രാഹുൽ എത്തിയാൽ അവരുടെ പ്രശ്നങ്ങൾ തീരുമെന്ന് കരുതപ്പെടുന്നു.
രാജസ്ഥാൻ നായകൻ സഞ്ജു സാംസണെയും കൊൽക്കത്ത പരിഗണിക്കുന്നു എങ്കിലും ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം കൊടുക്കുന്ന സാഹചര്യത്തിൽ രാഹുൽ പറ്റിയ ഓപ്ഷൻ ആയി കൊൽക്കത്ത നോക്കുന്നു.
Discussion about this post