കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിലെ ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് കാരുണ്യത്തിന്റെ മുഖം ആയിരിക്കുകയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിട്ട വിദ്യാർത്ഥിയുടെ വാർത്ത അറിഞ്ഞ പന്ത് അവരെ സഹായിക്കുക ആയിരുന്നു.
റബ്കവി ഗ്രാമത്തിൽ നിന്നുള്ള ജ്യോതി കനബുർ മഠ് എന്ന് പേരുള്ള വിദ്യാർത്ഥി, പ്രീ-യൂണിവേഴ്സിറ്റി കോഴ്സിൽ (പി.യു.സി) 85% മാർക്ക് നേടിയെങ്കിലും പഠനം തുടരാൻ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടു. ബിജാപൂർ ലിംഗായത്ത് വിദ്യാഭ്യാസ സ്ഥാപനത്തിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ (ബി.സി.എ) ബാച്ചിലേഴ്സ് കോഴ്‌സിന് പ്രവേശനം നേടിയെങ്കിലും, അവളുടെ പിതാവിന് ഫീസ് താങ്ങാൻ കഴിഞ്ഞില്ല.
കുടുംബത്തിന്റെ അപേക്ഷ നാട്ടുകാരനായ അനിൽ എന്ന വ്യക്തിയിൽ എത്തുകയും അദ്ദേഹത്തിന്റെ അഭ്യർത്ഥന ഋഷഭ് പന്തിലെത്തുകയും ആയിരുന്നു. ശേഷം പന്തിന്റെ സഹായമായ 40000 രൂപ ബന്ധപ്പെട്ടവർ നേരിട്ട് കോളേജിൽ ഏൽപ്പിച്ചു. ജ്യോതിയും കോളേജ് മാനേജ്‌മെന്റും പന്തിന് ഹൃദയംഗമമായ ഒരു കത്തെഴുതി.
“എല്ലാവർക്കും നമസ്കാരം, ഞാൻ ജ്യോതികയാണ്. എന്റെ അച്ഛന്റെ പേര് തീർത്ഥയ്യ, അമ്മയുടെ പേര് രൂപ. ഞാൻ ജാംഖണ്ഡിക്കടുത്തുള്ള റബ്കവി ഗ്രാമത്തിലാണ് താമസിക്കുന്നത്. എനിക്ക് ബിസിഎ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം, സ്കോളർഷിപ്പുകളോ സാമ്പത്തിക സഹായമോ കണ്ടെത്താൻ എന്റെ മാതാപിതാക്കൾ ഗ്രാമീണനായ അനിലിന്റെ സഹായം തേടി. ബെംഗളൂരുവിലെ തന്റെ സുഹൃത്ത് അക്ഷയ്യുമായി അനിൽ ബന്ധപ്പെട്ടു, അദ്ദേഹം എന്റെ അവസ്ഥയെക്കുറിച്ച് പന്തിനെ അറിയിച്ചു. പന്ത് ഉടനെ അവർക്ക് 40,000 രൂപ കൈമാറി. ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്, അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു,” അവർ പറഞ്ഞു.
“അനിൽ അന്നയോടും അക്ഷയ് നായിക് സാറിനോടും ഞാൻ നന്ദിയുള്ളവളാണ്. അവരുടെ പിന്തുണ ഒരിക്കലും മറക്കാനാവില്ല. ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറാകാനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താനുമാണ് ഞാൻ ലക്ഷ്യമിടുന്നത്. ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ശേഷം, ഞാൻ പാവപ്പെട്ട കുട്ടികളെ സഹായിക്കും.” അവർ കൂട്ടിച്ചേർത്തു.













Discussion about this post