അഞ്ച് തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്‌സുമായുള്ള തന്റെ ഭാവിയെക്കുറിച്ച് ആർ. അശ്വിൻ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്. അശ്വിൻ ടീം വിടും എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന പുതിയ വാർത്ത. ടീമിൽ നിലനിർത്താനുള്ള സമയപരിധി അവസാനിക്കാൻ 60 ദിവസത്തിലധികം ബാക്കി നിൽക്കെ, അശ്വിൻ തന്നെ ടീമിൽ നിലനിർത്തേണ്ടെന്ന് ചെന്നൈ മാനേജ്മെന്റിനോട് പറഞ്ഞതായിട്ടാണ് റിപ്പോർട്ട് വരുന്നത്.
“ഒരു കളിക്കാരന്റെയും ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാൻ ഇപ്പോൾ കഴിയില്ല. കാരണം ഇനിയും ധാരാളം സമയം ബാക്കിയുണ്ട്. നിലനിർത്താനുള്ള അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. ഞങ്ങൾക്ക് സമയമുണ്ട്,” ചെന്നൈയുടെ ഐപിഎൽ വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. “ലേലത്തിന് മുമ്പാണ് ചർച്ചകൾ നടക്കുന്നത്, മുതിർന്ന കളിക്കാരനായ അശ്വിന് അത് ചെയ്യാൻ അവകാശമുണ്ട്. അടുത്ത സീസണിന് മുമ്പ് തന്റെ റോളിനെക്കുറിച്ച് അറിയാൻ അശ്വിൻ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
മെഗാ ലേലത്തിൽ 9.75 കോടി രൂപയ്ക്ക് സിഎസ്‌കെ അശ്വിനെ സ്വന്തമാക്കി. ഒമ്പത് മത്സരങ്ങൾ കളിച്ച അദ്ദേഹം ഏഴ് വിക്കറ്റുകൾ മാത്രമാണ് നേടിയത്. രാജസ്ഥാന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും നായകനുമായ സഞ്ജു സാംസൺ ചെന്നൈയിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്. “ഞങ്ങളുടെ മനസ്സിൽ ചില കളിക്കാരുണ്ട്, പക്ഷേ ഇതുവരെ ഞങ്ങൾ ഒന്നും ചർച്ച ചെയ്തിട്ടില്ല,” ചെന്നൈയുടെ ടീം വൃത്തങ്ങൾ പറഞ്ഞു.
ലീഗ് ചരിത്രത്തിലെ ഏറ്റവും മോശവും പ്രകടനമാണ് ചെന്നൈ കഴിഞ്ഞ സീസണിൽ നടത്തിയത്. അവസാന സ്ഥാനക്കാരായി പോരാട്ടം അവസാനിപ്പിച്ച അവരെ തുടക്കത്തിൽ ഋതുരാജ് ഗെയ്ക്‌വാദ് നയിച്ചപ്പോൾ അദ്ദേഹത്തിന് പരിക്കേറ്റതിനെതുടർന്ന് അവരെ ധോണിയാണ് സീസൺ അവസാനം വരെ നയിച്ചത്.













Discussion about this post