താനും ശ്രീദേവിയും കൂടുതൽ അടുക്കാൻ കാരണം 1993-ലെ മുംബൈ ഭീകരാക്രമണമായിരുന്നുവെന്ന് നിർമാതാവ് ബോണി കപൂർ. ഭീകരാക്രമണം നടക്കുന്ന സമയത്ത് മുംബൈയിലെ സീ റോക്ക് ഹോട്ടലിലിൽ ശ്രീദേവി താമസിച്ചിരുന്നു. ഭീകരാക്രമണത്തെക്കുറിച്ച് അറിഞ്ഞയുടനെ, ശ്രീദേവിയുടെ അടുത്തേക്ക് ബോണി കുതിച്ചെത്തി. ആ സംഭവം പിന്നീട് ശ്രീദേവി ഓർത്തെടുത്തു.
”ബോണി ഹോട്ടലിലെത്തിയപ്പോഴാണ് ഞാൻ നട്‌രാജ് സ്റ്റുഡിയോയിലാണെന്ന് അറിയുന്നത്. പിന്നെ എന്നെ കണ്ടപ്പോഴാണ് അദ്ദേഹത്തിന് ആശ്വാസമായത്. എന്തായാലും അദ്ദേഹത്തിന്റെ വീട്ടിലേക്ക് മാറണമെന്ന് എന്നെ നിർബന്ധിച്ചു. ചെറിയമ്മയായിരുന്നു അന്ന് എനിക്ക് കൂട്ട് വന്നിരുന്നു, അമ്മ അടുത്തില്ലായിരുന്നു. എങ്കിലും അമ്മയെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞ് എന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ ബോണി അമ്മയെക്കൊണ്ട് സമ്മതിപ്പിച്ചു.
ആ സംഭവത്തിന് ശേഷം ശ്രീദേവിയുടെ അമ്മയ്ക്ക് അസുഖം ബാധിച്ചു. 1995-ൽ ശ്രീദേവിയുടെ അച്ഛൻ മരിച്ചു. വിഷമഘട്ടങ്ങളിലെല്ലാം ശ്രീദേവിയ്ക്ക് താങ്ങായി ബോണിയെത്തി. ഈ സംഭവങ്ങളെല്ലാം അവരുടെ ബന്ധം ദൃഢമാക്കി. ”പതുക്കെ ശ്രീ എന്നോട് അടുത്തുതുടങ്ങിയെന്ന്, ബോണി കപൂർ പറയുന്നു.
1970-കളിൽ തമിഴ് സിനിമകളിലെ ശ്രീദേവിയുടെ അഭിനയം കണ്ടാണ്, ബോണി കപൂറിന് അവരോടിഷ്ടം തോന്നുന്നത്. താൻ നിർമിക്കുന്ന ‘മിസ്റ്റർ ഇന്ത്യ’യിൽ ശ്രീദേവിയെ അഭിനയിപ്പിക്കണമെന്ന് ആഗ്രഹവും തോന്നി. അങ്ങനെ ശ്രീദേവിയെ കാണാനായി മദ്രാസിലെത്തി. പക്ഷേ, അന്ന് ശ്രീദേവി വേറെവിടെയോ ഷൂട്ടിങ്ങിലായിരുന്നു. പ്രതിഫലവും ഡേറ്റുമെല്ലാം തീരുമാനിക്കുന്നത് ശ്രീദേവിയുടെ അമ്മയാണ്. എട്ടുലക്ഷം വരെയായിരുന്നു അവരുടെ അന്നത്തെ പ്രതിഫലം. ശ്രീദേവിയെ നായികയാക്കാനായി പതിനൊന്ന് ലക്ഷം വരെ ബോണി ഓഫർ ചെയ്തു. തനിക്ക് ഭ്രാന്താണോയെന്നായിരുന്നു അന്ന് അമ്മ ചിന്തിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.
സിനിമയുടെ ഷൂട്ടിങ്ങിനെത്തുമ്പോഴാണ് ബോണി ശ്രീദേവിയെ ആദ്യമായി കാണുന്നത്. ‘സ്വപ്നസാഫല്യമായിരുന്നു ആ കൂടിക്കാഴ്ച എന്നാണ് ആ സംഭവത്തെ ബോണികപൂർ വിശേഷിപ്പിച്ചത് . മുറി ഇംഗ്ലീഷിലും മുറി ഹിന്ദിയിലും സംസാരിച്ച ശ്രീദേവി എന്നെ വല്ലാതെ ആകർഷിച്ചു. അവരെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം തോന്നി.
സെറ്റിലെത്തിയപ്പോൾ ശ്രീദേവി ആഗ്രഹിക്കുന്നതെല്ലാം അവർക്ക് കിട്ടുന്നുണ്ടെന്ന് ബോണി ഉറപ്പാക്കി. ഏറ്റവും മികച്ച മേക്കപ്പ് റൂമും കോസ്റ്റ്യൂമുകളും ശ്രീദേവിക്ക് ലഭിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. തന്നിൽ ശ്രീദേവിക്ക് മതിപ്പുണ്ടാകണം, അത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അത്രയും ഭ്രാന്തമായ ഇഷ്ടമായിരുന്നു ബോണിക്ക് ശ്രീദേവിയോട്.
‘മിസ്റ്റർ ഇന്ത്യ’യുടെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ, ശ്രീദേവി ‘ചാന്ദ്നി’യുടെ ഷൂട്ടിങ്ങിനായി സ്വിറ്റ്സർലൻഡിലേക്ക് പോയി. അവർ പോയപ്പോഴാണ് ശ്രീദേവിയോടുള്ള ഇഷ്ടം പ്രണയത്തിലേക്ക് മാറിയത് ബോണി തിരിച്ചറിഞ്ഞത്. അവരെ കാണാനായി ബോണിയും സ്വിറ്റ്സർലൻഡിലെത്തി. പ്രണയം തുറന്നുപറഞ്ഞപ്പോൾ ദേഷ്യത്തോടെയാണ് ശ്രീദേവി അതിനോട് പ്രതികരിച്ചതെന്നും ബോണി പറയുന്നു. ”അതോടെ എന്നിൽനിന്ന് ശ്രീദേവി അകലം പാലിക്കാൻ തുടങ്ങി. മാസങ്ങളോളം എന്നോട് മിണ്ടാതിരുന്നു”. എന്നാൽ മുംബൈ ഭീകരാക്രമണത്തോടെ ആ അകൽച്ച ഇല്ലാതായി.













Discussion about this post