കഴിഞ്ഞ വർഷം ജൂലൈയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിതനായതിനുശേഷം ഇന്ത്യൻ പരിശീലക ഗൗതം ഗംഭീറിന്റെ യാത്ര കയറ്റിറക്കങ്ങൾ നിറഞ്ഞതായിരുന്നു. വൈറ്റ് ബോൾ ക്രിക്കറ്റിൽ വിജയിച്ചു എങ്കിലും ടെസ്റ്റ് ക്രിക്കറ്റിലെ പരാജയങ്ങൾ താരത്തെ ബാധിച്ചു എന്ന് തന്നെ പറയാം. കരിയറിന്റെ തുടക്കത്തിൽ ഉയർച്ചകളേക്കാൾ കൂടുതൽ താഴ്ചകൾ ആയിരുന്നു എങ്കിലും, ഇംഗ്ലണ്ടിനെതിരായ 2-2 പരമ്പര സമനിലയിലാക്കാൻ സാധിച്ചത് പരിശീലക കാലയളവിൽ വലിയ നേട്ടമായി എന്ന് പറയാം. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ, ഇന്ത്യ രണ്ടുതവണ തിരിച്ചുവന്ന് ഒടുവിൽ പരമ്പര സമനിലയിലാക്കി. എന്തായാലും ഇതുവരെയുള്ള ഗൗതം ഗംഭീറിന്റെ പ്രകടനത്തെക്കുറിച്ച് മുൻ ഇന്ത്യൻ താരം സദഗോപ്പൻ രമേശ് അഭിപ്രായം പറഞ്ഞിരിക്കുകയാണ്.
“അദ്ദേഹം ഇഷ്ടപ്പെടുന്ന കളിക്കാരെ പിന്തുണയ്ക്കുന്നു, പക്ഷേ ഇഷ്ടപ്പെടാത്തവരെ പൂർണ്ണമായും ഉപേക്ഷിക്കുന്നു,” രമേശ് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെ “കഴിഞ്ഞ ഒരു വർഷമായി ടെസ്റ്റ് ക്രിക്കറ്റിൽ ഞങ്ങൾ മോശം പ്രകടനം കാഴ്ചവച്ചതിനാൽ മാത്രമാണ് ഇംഗ്ലണ്ടിലെ സമനില പരമ്പര മികച്ച നേട്ടമായി തോന്നുന്നത്. കാരണം വിരാട് കോഹ്‌ലിയുടെയും രവി ശാസ്ത്രിയുടെയും കീഴിൽ വിദേശത്ത് സ്ഥിരമായി വിജയങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ, ഇംഗ്ലണ്ടിലെ സമനില പരമ്പര മാത്രമാണ് ഗംഭീറിന്റെ ട്രാക്ക് റെക്കോർഡിലെ ഒരു വലിയ നേട്ടമായി കണക്കാക്കപ്പെടുന്നത്.”
ശ്രേയസ് അയ്യരെയും യശസ്വി ജയ്‌സ്വാളിനെയും ഏഷ്യാ കപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കാത്തത് കൊണ്ട് രമേശ് ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീമിനെ ചോദ്യം ചെയ്തു. “ഗംഭീറിന്റെ ഏറ്റവും വലിയ നേട്ടം ചാമ്പ്യൻസ് ട്രോഫി വിജയമാണ്. ആ ഫലത്തിന് ഏറ്റവും വലിയ കാരണം ശ്രേയസ് അയ്യരായിരുന്നു. എന്നിട്ടും, ഗംഭീർ ശ്രേയസ് അയ്യരെ പിന്തുണയ്ക്കുന്നില്ല. എക്സ്-ഫാക്ടർ കളിക്കാരനായ ജയ്‌സ്വാളിനെപ്പോലുള്ള ഒരാൾ എല്ലാ ഫോർമാറ്റുകളിലും കളിക്കണം. അദ്ദേഹത്തെ സ്റ്റാൻഡ്‌ബൈയിൽ നിലനിർത്തുന്നത് മോശം നീക്കമാണ്,” രമേശ് പറഞ്ഞു.
ശ്രേയസ് അയ്യരെ ടീമിൽ എടുക്കാത്തതിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിലടക്കം ഈ ദിവസങ്ങളിൽ നടന്നത്.
Discussion about this post