വരാനിരിക്കുന്ന ഓസ്‌ട്രേലിയൻ ആഷസ് പര്യടനത്തിൽ വിരാട് കോഹ്‌ലിക്ക് സമാനമായ വിധി ജോ റൂട്ടിന് നേരിടേണ്ടിവരുമെന്ന് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. കഴിഞ്ഞ വർഷം അവസാനം ഓസ്‌ട്രേലിയൻ പര്യടനത്തിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 24 ൽ താഴെ ശരാശരിയിൽ 190 റൺസ് മാത്രം നേടി കോഹ്‌ലി മോശം പ്രകടനമാണ് കാഴ്ചവെച്ചത്. എന്തായാലും ഈ ഓസ്‌ട്രേലിയൻ പര്യടനത്തിന് തൊട്ടുപിന്നാലെ കോഹ്‌ലി ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനവും നടത്തി.
അതേസമയം, ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ആഷസ് പരമ്പരയിൽ റൂട്ട് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കാൻ ഇറങ്ങും. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ കളിക്കാരനാണ് നിലവിൽ ജോ റൂട്ട്. താരം ഇതുവരെ 13,543 റൺസ് ടെസ്റ്റ് കരിയറിൽ നേടിയിട്ടുണ്ട്.
“അടുത്ത വർഷം അദ്ദേഹത്തിന് എങ്ങനെ പോകും, ആഷസ് എങ്ങനെ പോകും എന്നതിനെ ആശ്രയിച്ചിരിക്കും റൂട്ടിന്റെ ഭാവി. കോഹ്‌ലിയുടെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടതല്ലേ. അദ്ദേഹം ഓസ്‌ട്രേലിയയിൽ ഫോർത്ത് സ്റ്റമ്പിനും ഫിഫ്ത്ത് സ്റ്റമ്പിനും ഇടയിൽ ബുദ്ധിമുട്ടുകൾ നേരിട്ടു. അത് തന്നെയാണ് അയാളുടെ വിരമിക്കലിന് ഒരു കാരണമായതും. ജോ റൂട്ടിനെ കാത്തിരിക്കുന്നതും സമാന വിധിയാണ്”
അദ്ദേഹം കൂട്ടിച്ചേർത്തു:
“ഈ പരമ്പര ഇംഗ്ലണ്ടിനും റൂട്ടിനും ഒരേ പോലെ നിർണായകമാണ്. ഇംഗ്ലണ്ടിന് അവരുടെ പരിശീലകനെയും ക്യാപ്റ്റനെയും വരെ ഈ പരമ്പരയോടെ നഷ്ടമായേക്കും. ഏറ്റവും മികച്ചവൻ ആണെന്ന് തെളിയിക്കാൻ ഓസ്‌ട്രേലിയൻ മണ്ണിൽ മികവ് കാണിക്കണം. അല്ലാതെ അവിടെ മോശം പ്രകടനം നടത്തിയാൽ വിമർശനങ്ങൾ നേരിടും.”
ഓസ്‌ട്രേലിയക്ക് എതിരെ കളിക്കുമ്പോൾ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചിട്ടില്ല എന്ന് ശ്രദ്ധിക്കണം.













Discussion about this post