ജിഎസ്ടി പരിഷ്‌കരണത്തിന് ജിഎസ്ടി കൗൺസിൽ അംഗീകാരം നൽകിയത് ഇന്നലെ ആയിരുന്നു. ഇനിമുതൽ 5%, 18% എന്നിങ്ങനെ രണ്ട് ജിഎസ്ടി സ്ലാബുകൾ മാത്രമായിരിക്കും ഉണ്ടാവുക. പുതുക്കിയ പരിഷ്‌കരണങ്ങൾ അനുസരിച്ച് നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയും സെപ്റ്റംബർ 22 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമ്പോൾ ക്രിക്കറ്റ് പ്രേമികൾക്ക് പ്രത്യേകിച്ച് ഐപിഎൽ ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന പ്രഖ്യാപനവും ഒപ്പമുണ്ട്.
ഐപിഎൽ ടിക്കറ്റ് നിരക്കുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. പുതിയ നികുതി പരിഷ്കാരങ്ങൾ പുകയില ഉൽപന്നങ്ങൾക്കും വാതുവയ്പ്പ് സേവനങ്ങൾക്കും പുറമേ ഐപിഎല്ലിനെയും ഒരു ആഡംബര ഉൽപ്പന്നമായി കണ്ടതിനാലാണിത്. കേന്ദ്ര ബജറ്റ് അവതരണത്തിനുശേഷം ആദ്യമായി യോഗം ചേർന്ന കൗൺസിലിൽ മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇത്തരം പരിപാടികൾക്കുള്ള പുതിയ സ്ലാബ് അന്തിമമാക്കിയത്.
അതായത്, ജിഎസ്ടി കൂടി ചേർത്താൽ 1280 രൂപയായിരുന്ന 1000 രൂപയുടെ ടിക്കറ്റിന് ഇനി 1400 രൂപയാകും. ജിഎസ്ടി കൂടി ചേർത്താൽ 500 രൂപയുടെ ടിക്കറ്റിന് ഇനി 700 രൂപയും, 2000 രൂപയുടെ ടിക്കറ്റിന് 2800 രൂപയും. നേരത്തെ 1920 രൂപയായിരുന്ന 1500 രൂപയുടെ ടിക്കറ്റിന് ഇനി 2100 രൂപയും, 2500 രൂപയുടെ ടിക്കറ്റിന് ഇനി 3200 രൂപയിൽ നിന്ന് 3500 രൂപയുമായി ഉയരും. ബൾക്ക് ബുക്കിംഗ് നടത്തുന്ന ആരാധകർക്കോ കുടുംബങ്ങൾ ഒരുമിച്ച് മത്സരം കാണാൻ എത്തുന്നവർക്കും, കീശയിൽ നിന്ന് പണം അധികം ചിലവാകും എന്ന് സാരം.
എന്നിരുന്നാലും, ഈ വർദ്ധനവ് ഐപിഎല്ലിനും മറ്റ് ഉയർന്ന നിലവാരമുള്ള കായിക മത്സരങ്ങൾക്കും മാത്രമേ ബാധകമാകൂ. അന്താരാഷ്ട്ര മത്സരങ്ങളോ ആഭ്യന്തര മത്സരങ്ങളോ ആകട്ടെ, നികുതി നിരക്ക് മുമ്പത്തെപ്പോലെ തന്നെ 18% ആയി തുടരും.
Discussion about this post