ഡല്‍ഹി: സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച വിഷയത്തില്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടുന്നു. വിഷയം ഗൗരവത്തോടെ കാണുമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ അല്‍ഫോന്‍സ് കണ്ണന്താനമാണ് റബര്‍ വിലയിടിവ് സംബന്ധിച്ച പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയത്. പ്രശ്നപരിഹാരത്തിനായി ക്രിയാത്മക നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും അമിത് ഷാ നിര്‍ദേശിച്ചു.
കേരളത്തിലെ എംപിമാര്‍ ആവശ്യപ്പെടും പോലെ റബര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനോ 500 കോടിയോ 1000 കോടി രൂപയോ വിനിയോഗിച്ച് റബര്‍ സംഭരിക്കാനോ കഴിയില്ലെന്നും കണ്ണന്താനം മറുപടി നല്കി. ഗാട്ട് കരാറില്‍ റബറിനെ കാര്‍ഷിക ഉല്പ്പന്നമായല്ല, മറ്റ് ഉല്‍പ്പന്നങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ലോക വ്യാപാര സംഘടനാ കരാര്‍ പ്രകാരം ഏര്‍പ്പെടുത്താവുന്ന പരമാവധി ഇറക്കുമതി തീരുവയായ 25 ശതമാനം എന്നത് 40 ശതമാനമായി ഉയര്‍ത്തുക കരാറിന് തടസമാകുമെന്നും കണ്ണന്താനം പറഞ്ഞു.
വിലയുടെ അഞ്ചു ശതമാനത്തിലധികം സബ്സിഡിയോ വിപണി ഇടപെടലോ സാധ്യമാകില്ല. കേന്ദ്ര സര്‍ക്കാരിനു നേരിട്ട് സംഭരണം സാധ്യമല്ലാത്തതിനാല്‍ ഏതെങ്കിലും ഏജന്‍സിക്കു പ്രവര്‍ത്തന മൂലധനമെന്ന പേരില്‍ തുക അനുവദിച്ച് സംഭരണം നടത്തുക മാത്രമാണു മാര്‍ഗം. രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന റബര്‍ 150 രൂപ നിരക്കില്‍ സംഭരിക്കണമെങ്കില്‍ 4000 കോടി രൂപ ആവശ്യമായി വരും. നിലവില്‍ ആറു ലക്ഷം ടണ്‍ റബര്‍ ഉല്‍പ്പാദിപ്പിക്കുന്നത് സംഭരണം തുടങ്ങിയാല്‍ എട്ടു ലക്ഷം ടണ്ണായി ഉയരും. കേന്ദ്രം 500 കോടി നല്കിയാല് 150 രൂപയ്ക്കും 200 രൂപയ്ക്കും റബര്‍ സംഭരിക്കാമെന്ന ധാരണ ശരിയല്ലെന്നും കണ്ണന്താനം ചൂണ്ടിക്കാട്ടി.
Discussion about this post