ഓപ്പറേഷന്‍ നുംകൂറിൻ്റെ ഭാഗമായി കസ്റ്റംസ് നടത്തിയ റെയ്ഡില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെയും നടന്‍ അമിത് ചാക്കാലക്കലിന്‍റെയും രണ്ടു കാറുകള്‍ പിടിച്ചെടുത്തു. ദുൽഖറിൻ്റെ രണ്ടു വാഹനങ്ങളാണ് പിടിച്ചെടുത്തത്.കാറുകള്‍ പിടിച്ചെടുത്തതിന് പുറമെ, കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്ന് അറിയിച്ച് സമന്‍സും നല്‍കി.
അമിത് ചാക്കാലക്കലിൻ്റെ രണ്ട് ലാന്‍ഡ് ക്രൂസര്‍ കാറുകളാണ് പിടിച്ചെടുത്തത്. മധ്യപ്രദേശ്, ചണ്ഡീഗഡ് റജിസ്ട്രേഷനുള്ള വാഹനങ്ങളാണിവ. പരിശോധന പുരോഗമിക്കുന്നതിനിടെ കസ്റ്റംസ് അധികൃതര്‍ താരത്തിന്‍റെ വീട്ടിലേക്ക് പോലീസിനെ വിളിച്ചു വരുത്തി. വീട്ടിലേക്കെത്തിയ അഭിഭാഷകരെ പോലീസ് തടഞ്ഞു. താരത്തിന് നിലവില്‍ നിയമോപദേശം നല്‍കാന്‍ അഭിഭാഷകരെ അനുവദിക്കാനാവില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴിടങ്ങളില്‍ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. ഭൂട്ടാനില്‍ നിന്നുള്ള ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിയെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്.കേരളത്തിലെ അഞ്ച് ജില്ലകളിലായി 30 ഇടങ്ങളിൽ പരിശോധന നടന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ എത്തിച്ച് നികുതി വെട്ടിച്ച് വിൽപ്പന നടത്തുന്നതായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Discussion about this post