ടീം മാനേജ്‌മെന്റിനെതിരെ പിതാവിന്റെ മോശം പരാമർശങ്ങൾ മൂലമാണ് അഭിമന്യു ഈശ്വരന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതെന്ന് ക്രിസ് ശ്രീകാന്ത് പറഞ്ഞു. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ടീമിൽ ഉണ്ടാകും എന്ന് കരുതപെട്ട അഭിമന്യു ഈശ്വന് അപ്രതീക്ഷിതമായി സ്ഥാനം നഷ്ടപ്പെടുക ആയിരുന്നു.
2022 ഡിസംബറിൽ ബംഗ്ലാദേശ് പര്യടനത്തിനായി ഇന്ത്യൻ ടീമിലേക്ക് അഭിമന്യു ഈശ്വരന് ആദ്യമായി വിളി ലഭിച്ചു. പിന്നാലെ ഈ അടുത്ത് കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിനുള്ള പ്ലെയിംഗ് ഇലവനിൽ താരം ഉൾപ്പെടാത്തതിനെ തുടർന്ന് പിതാവ് രംഗനാഥൻ നടത്തിയ മോശം പരാമർശങ്ങളാണ് ഇപ്പോൾ താരത്തിന് പണികിട്ടാൻ കാരണമായതെന്ന് പറഞ്ഞിരിക്കുകയാണ് ശ്രീകാന്ത്.
“അഭിമന്യു ഈശ്വരനോട് എനിക്ക് വിഷമം തോന്നുന്നു. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം അദ്ദേഹത്തിന്റെ പിതാവ് ചില പരുഷമായ പരാമർശങ്ങൾ നടത്തിയതായി ഞാൻ കരുതുന്നു. എന്നിരുന്നാലും, സ്വന്തം മണ്ണിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇരു റിസേർവ് ഓപ്പണർ ഇറക്കേണ്ട ആവശ്യമില്ല എന്ന് അജിത് അഗാർക്കർ പറഞ്ഞ പോയിന്റിലും കാര്യമുണ്ട്.” ശ്രീകാന്ത് പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മകന് അവസരം നൽകാത്തതിൽ രംഗനാഥൻ നിരാശ പ്രകടിപ്പിച്ചിരുന്നു. ആഭ്യന്തര നേട്ടങ്ങളെക്കാൾ ഇന്ത്യൻ ടീം സെലക്ടർമാർ ഐപിഎൽ ഫോമിനെയാണ് ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സമാപിച്ച ഓസ്ട്രേലിയ എയ്‌ക്കെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റിൽ ഈശ്വരൻ കളിച്ചു, 58 പന്തിൽ നിന്ന് 44 റൺസ് നേടി. ദുലീപ് ട്രോഫി, ഇറാനി ട്രോഫി, രഞ്ജി ട്രോഫി എന്നിവയിൽ എല്ലാം മുൻ സീസണിൽ താരം തിളങ്ങി.
2022 ൽ ടീമിലേക്കുള്ള ആദ്യ വിളി കിട്ടിയ ശേഷം, മറ്റ് 15 കളിക്കാർ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു, പക്ഷേ സെലക്ഷനുള്ള താരത്തിന്റെ കാത്തിരിപ്പ് തുടരുന്നു.
Discussion about this post