ബിജെപിയുടെ മുതിർന്ന നേതാവും മുൻ പാർലമെന്റ് അംഗവുമായ പ്രൊഫ. വിജയകുമാർ മൽഹോത്ര(94) അന്തരിച്ചു. വാർദ്ധക്യസഹചമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എയിംസിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിച്ചത്.
മൽഹോത്രയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി നേതാക്കൾ ദുഃഖം രേഖപ്പെടുത്തി. ഡൽഹി സർക്കാർ നിരവധി പരിപാടികൾ റദ്ദാക്കി. പൊതുജീവിതത്തിന് മൽഹോത്ര നൽകിയ സംഭാവനകളെ പ്രധാനമന്ത്രി മോദി പ്രശംസിക്കുകയും ഡൽഹിയിൽ പാർട്ടിയെ ശക്തിപ്പെടുത്തിയതിന് അദ്ദേഹത്തെ സ്മരിക്കുകയും ചെയ്തു വിജയ് കുമാർ മൽഹോത്ര ജി സ്വയം വ്യത്യസ്തനായ ഒരു നേതാവായിരുന്നു, ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. ഡൽഹിയിൽ നമ്മുടെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു,’ പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.പാർലമെന്ററി ഇടപെടലുകൾക്കും അദ്ദേഹം ഓർമ്മിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനയുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. ഓം ശാന്തി,’ പ്രധാനമന്ത്രി മോദി തന്റെ പോസ്റ്റിൽ പറഞ്ഞു.
മുതിർന്ന ബിജെപി നേതാവും പാർട്ടിയുടെ ഡൽഹി ഘടകത്തിന്റെ ആദ്യ അദ്ധ്യക്ഷനുമായ പ്രൊഫ. വിജയ് കുമാർ മൽഹോത്ര ജി ഇന്ന് രാവിലെ അന്തരിച്ചു. അദ്ദേഹത്തിന്റെ ജീവിതം ലാളിത്യത്തിന്റെയും പൊതുസേവനത്തിനുള്ള സമർപ്പണത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നുവെന്ന്, ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. ഡൽഹിയിൽ സംഘത്തിന്റെ പ്രത്യയശാസ്ത്രം വ്യാപിപ്പിക്കാൻ അക്ഷീണം പ്രയത്‌നിച്ച ജനസംഘത്തിന്റെ കാലം മുതലുള്ളതാണ് മൽഹോത്രയുടെ സംഭാവനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post