ഐപിഎല്ലിൽ നായകൻ എന്ന നിലയിലും താരമെന്ന നിലയിലും വിജയിച്ചതിന്റെ പ്രതിഫലമാണ് ശ്രേയസ് അയ്യരെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിക്കാനുള്ള തീരുമാനത്തിന് പിന്നിലെ കാരണമെന്ന് മുൻ ഓപ്പണർ ആകാശ് ചോപ്ര പറഞ്ഞു. വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് കെഎൽ രാഹുലിനെയും പരിഗണിക്കാമായിരുന്നു എന്നും എന്നാൽ ടീം പരിവർത്തനത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ശ്രേയസിനെ ഉപനായകനാകണക്കിയതെന്നും ചോപ്ര കൂട്ടിച്ചേർത്തു.
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ ഇന്നലെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ രോഹിത് ശർമ്മയെ ഒഴിവാക്കി ബിസിസിഐ ശുഭ്മാൻ ഗില്ലിനെയാണ് നായകനായി പ്രഖ്യാപിച്ചത്. രോഹിത്തിനൊപ്പം വിചാരിച്ചത് പോലെ തന്നെ സൂപ്പർതാരം വിരാട് കോഹ്‌ലിക്കും ടീമിലിടം കിട്ടിയിട്ടുണ്ട്. ബാക്കപ്പ് കീപ്പറായി ഇടം കിട്ടും എന്ന് കരുതിയ സഞ്ജുവിനെ ഒഴിവാക്കിയപ്പോൾ ബുംറക്ക് വിശ്രമം അനുവദിച്ച ബിസിസിഐ പരിക്കുകാരണം ഹാർദിക് പാണ്ഡ്യയെയും ഒഴിവാക്കി.
ചോപ്രയുടെ വാക്കുകൾ ഇങ്ങനെ:
“ഇതൊരു വലിയ വാർത്തയാണ്. ശ്രേയസ് അയ്യരെ ഉപനായകനാക്കിയതിലൂടെ ഐപിഎൽ പ്രകടനങ്ങൾക്ക് വലിയ വില കൽപ്പിക്കുന്നുവെന്ന് ബിസിസിഐ തെളിയിക്കുന്നു. കെഎൽ രാഹുലിനെ അവർക്ക് വൈസ് ക്യാപ്റ്റനാകാമായിരുന്നു. അയാൾ 2020 മുതൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. പക്ഷേ അദ്ദേഹത്തെ അവർ പരിഗണിച്ചില്ല. ഐപിഎല്ലിൽ കെകെആറിനെ വിജയത്തിലേക്ക് നയിച്ചതും പഞ്ചാബിനെ ഫൈനലിലേക്ക് നയിച്ചതുമാണ് ശ്രേയസ് അയ്യരെ തിരഞ്ഞെടുത്തതിന് പിന്നിലെ പ്രധാന കാരണം.”
“ഇത് ഇന്ത്യൻ ടീമിന് പരിവർത്തനത്തിന്റെ കാലഘട്ടമാണ് . സെലക്ടർമാർ പിന്നോട്ട് നോക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ, അവർ രാഹുലിനെ ഒഴിവാക്കി പകരം ശ്രേയസിനെ തിരഞ്ഞെടുത്തു, അദ്ദേഹം ഭാവിയിൽ ഇന്ത്യൻ ടീം നോക്കി കാണുന്ന ഒരു താരമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ഇന്ത്യ വിജയിച്ച ചാമ്പ്യൻസ് ട്രോഫിയിൽ ടീമിന്റെ കിരീട യാത്രയിൽ പ്രധാന പങ്ക് വഹിച്ച താരമായിരുന്നു അയ്യർ. ടൂർണമെന്റിൽ ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും അയ്യർ തന്നെ ആയിരുന്നു. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 48.60 ശരാശരിയിലും 79.41 സ്ട്രൈക്ക് റേറ്റിലും അദ്ദേഹം 243 റൺസ് നേടി.
Discussion about this post